മുംബൈ: പ്രണയ ഗോസിപ്പുകൾ കൊണ്ട് അടുത്തിടെ ബോളിവുഡിൽ ഹോട്ട് ടോപ്പിക്കായി മാറിയിരിക്കയാണ് തമന്ന ഭാട്ടിയയും വിജയ് വർമയും. ഏറെക്കാലത്തെ ഈ ഗോസിപ്പ് ശരിവെച്ചു കൊണ്ട് തമന്ന രംഗത്തുവന്നിരുന്നു. വിജയുമായി താൻ പ്രണയത്തിലാണെന്ന് തമന്ന കഴിഞ്ഞ ദിവസമാണ് തുറന്നു പറഞ്ഞത്. ഇപ്പോൾ അതിൽ പ്രതികരണവുമായി നടൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താനിപ്പോൾ ഏറെ സന്തോഷവാനാണ് എന്നാണ് വിജയ് വർമ പറഞ്ഞത്.

ഇപ്പോൾ എന്റെ ജീവിതത്തിൽ ഏറെ സ്നേഹമുണ്ടെന്ന് മാത്രമേ ഇപ്പോൾ പറയാനാകൂ. ഞാൻ സന്തോഷവാനാണ്.- വിജയ് വർമ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിജയ് വർമയുമായുള്ള ബന്ധത്തെക്കുറിച്ച് തമന്ന തുറന്നു പറഞ്ഞത്. തന്റെ ഹാപ്പി പ്ലെയ്സാണ് വിജയ് എന്നാണ് താരം വ്യക്തമാക്കിയത്.

ലസ്റ്റ് സ്റ്റോറീസ്-2 ന്റെ സെറ്റിൽ വച്ചാണ് ഇരുവരും അടുപ്പത്തിലാകുന്നത്. താൻ ആഗ്രഹിച്ച പോലെ ഒരാളാണ് വിജയ് വർമ. അദ്ദേഹവുമായി ഉണ്ടായ അടുപ്പം വളരെ സ്വാഭാവികമായിരുന്നു എന്നും തമന്ന പറഞ്ഞു. 'ജീവിതത്തിൽ കണ്ടുമുട്ടുന്ന ഒരാൾക്ക് വേണ്ടി സ്ത്രീകൾ അവരുടെ ജീവിതം മുഴുവൻ മാറ്റിയെഴുതണമെന്നാണ് ഇന്ത്യയിലെ ചിന്താഗതി. പങ്കാളികൾക്ക് വേണ്ടി പലതും ചെയ്യേണ്ടി വരും. എന്നാൽ എനിക്ക് ഒന്നും ചെയ്യാതെ തന്നെ ഞാൻ സൃഷ്ടിച്ച എന്റെ ലോകത്തെ മനസിലാക്കുന്ന ഒരാളെ കിട്ടി. അയാൾ ആണ് എന്റെ സന്തോഷയിടം' തമന്ന പറഞ്ഞു.

ഇരുവരും ഒരുമിച്ച് പുതുവത്സരം ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. നേരത്തെ ഒക്ടോബറിൽ ദിൽജിത് ദോസഞ്ചിന്റെ സംഗീതക്കച്ചേരി കാണാനും കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഒരു ഫാഷൻ ഇവന്റിലും ഇരുവരും ഒരുമിച്ചായിരുന്നു പങ്കെടുത്തത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ലസ്റ്റ് സ്റ്റോറീസ് 2 പ്രദർശനത്തിനൊരുങ്ങുകയാണ്. ആർ ബാൽക്കി, കൊങ്കണ സെൻ ശർമ്മ, സുജോയ് ഘോഷ്, അമിത് ശർമ്മ എന്നിവർ സംവിധാനം ചെയ്ത ആന്തോളജിയാണ് ഈ ചിത്രം.