ന്യൂഡൽഹി: മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം പിതാവിന് ഈ പുരസ്‌കാരം സമർപ്പിക്കുന്നതായി വിജയരാഘവൻ. 'പൂക്കാലം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് താരം പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഫേസ്ബുക്കിലൂടെ വിജയരാഘവൻ സന്തോഷം അറിയിച്ചിരിക്കുന്നത്.

'53 വർഷങ്ങൾ, എണ്ണമറ്റ കഥാപാത്രങ്ങൾ, തീരാത്ത പാഠങ്ങൾ. ഒടുവിൽ അവാർഡ് വീണ്ടും വീട്ടിലേക്കെത്തുന്നു. ഞങ്ങളുടെ കുടുംബത്തിലെ രണ്ടാമത്തെ ദേശീയ പുരസ്‌കാരം. ആദ്യത്തേത് എന്റെ അച്ഛനായിരുന്നു. ഇത് അദ്ദേഹത്തിനാണ്,' അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂർണ രൂപം:

2023 ലെ 71-ാമത് ദേശീയ അവാർഡ്

“പൂക്കളം” എന്ന ചിത്രത്തിലെ മികച്ച സഹനടനുള്ള പുരസ്കാരം

53 വർഷങ്ങൾ, എണ്ണമറ്റ കഥാപാത്രങ്ങൾ, അനന്തമായ പാഠങ്ങൾ — ഇന്ന് രാത്രി, ഈ ബഹുമതി വീണ്ടും സ്വന്തം വീട്ടിലേക്കെത്തുന്നു. ഞങ്ങളുടെ കുടുംബത്തിനുള്ള രണ്ടാമത്തെ ദേശീയ അവാർഡ്, ആദ്യത്തേത് എന്റെ അച്ഛൻ നേടി. ഇത് അദ്ദേഹത്തിനും, ഈ യാത്രയ്ക്കും, എന്നോടൊപ്പം നിന്ന എല്ലാവർക്കും വേണ്ടിയുള്ളതാണ്. നന്ദി..

ഈ വർഷത്തെ ദേശീയ പുരസ്‌കാരങ്ങളിൽ മലയാളത്തിന് മികച്ച നേട്ടങ്ങൾ ഉണ്ടായി. 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനും രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരം നേടിയ മറ്റ് മലയാളികൾ ഇവരാണ്: മിഥുൻ മുരളി (എഡിറ്റിങ് - 'പൂക്കാലം'), പി. മോഹൻദാസ് (പ്രൊഡക്ഷൻ ഡിസൈനർ - '2018'), എം.കെ. രാംദാസ് (നോൺ-ഫീച്ചർ ഫിലിം പ്രത്യേക പരാമർശം - 'നെകൽ: ക്രോണിക്കിൾ ഓഫ് ദി പാഡി മാൻ'), സച്ചിൻ സുധാകരൻ (ശബ്ദരൂപകൽപ്പന - 'അനിമൽ'), എം.ആർ. രാജകൃഷ്ണൻ (റീ-റെക്കോർഡിങ് ഡിജിറ്റൽ പ്രത്യേക പരാമർശം), എസ്. ഹരികൃഷ്ണൻ (വിവരണം - 'ദ സേക്രഡ് ജാക്ക്'), ക്രിസ്റ്റോ ടോമി (സംവിധായകൻ - 'ഉള്ളൊഴുക്ക്').