മുംബൈ: കുറച്ചുദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായത് സൽമാൻ ഖാന്റേയും വിക്കി കൗശലിനെയു കുറിച്ചുള്ള വീഡിയോ ആയിരുന്നു. സൽമാൻ ഖാൻ വരുന്ന വഴിയിൽ നിന്ന് വിക്കി കൗശലിനെ സൂപ്പർതാരത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തള്ളിനീക്കുന്നതായിരുന്നു വീഡിയോയിൽ. ഇതിനു പിന്നാലെ സൽമാനെതിരെ വിമർശനവുമായി നിരവധി പേർ എത്തിയിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി വിക്കി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അബുദാബിയിൽ നടന്ന ഐഐഎഫ്എ ചടങ്ങിൽ വച്ചാണ് സംഭവമുണ്ടായത്. സംസാരിക്കാൻ അടുത്ത് ചെന്ന വിക്കിയെ സൽമാൻ അവഗണിച്ചതായും വാർത്തകളുണ്ടായിരുന്നു. പരിപാടിയിൽ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെ വിവാദ വിഡിയോയെക്കുറിച്ച് ചോദ്യം ഉയർന്നു. വിഡിയോയിൽ കാണുന്നതായിരിക്കില്ല യാഥാർത്ഥ്യം എന്നാണ് വിക്കി പറഞ്ഞത്.

ഇത്തരത്തിലുള്ള നിരവധി അനാവശ്യ കാര്യങ്ങൾ ചർച്ചയാവുന്നുണ്ട്. ഇതിലൊന്നും ഒരു കാര്യവുമില്ല. വിഡിയോയിൽ നിങ്ങൾ കാണുന്നതല്ല സത്യം. അതേക്കുറിച്ച് സംസാരിക്കുന്നതിൽ കാര്യമില്ല.- എന്ന് വിക്കി കൗശൽ പറഞ്ഞു. അതിനിടെ പരിപാടിയിൽ വച്ച് സൽമാൻ ഖാനും വിക്കി കൗശലും ആലിംഗനം ചെയ്യുന്നതിന്റെ വിഡിയോയും പുറത്തുവന്നു.