വീര ധീര സൂരന് ശേഷം ഒരുങ്ങുന്ന ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. വിക്രമിന്റെ കരിയറിലെ 63-ാമത്തെ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണിപ്പോള്‍. മണ്ടേല, മാവീരന്‍ എന്നീ സിനിമകളിലൂടെ തമിഴ് സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകന്‍ മഡോണ്‍ അശ്വിനുമായാണ് വിക്രമിന്റെ പുതിയ ചിത്രം. ചിയാന്‍ 63 നിര്‍മിക്കുന്നത് ശാന്തി ടാക്കീസ് ആണ്.

അശ്വിന്റെ മുന്‍ ചിത്രമായ മാവീരന്‍ നിര്‍മിച്ചതും ഇതേ നിര്‍മാണ കമ്പനിയായിരുന്നു. 'നിങ്ങളുടെ അവിശ്വസനീയമായ യാത്രയുടെ ഭാഗമാകാന്‍ ഞങ്ങളെ അനുവദിച്ചതിന് നന്ദി വിക്രം സര്‍!'- എന്നാണ് ചിത്രം പ്രഖ്യാപിച്ചു കൊണ്ട് ശാന്തി ടാക്കീസ് എക്‌സില്‍ കുറിച്ചത്. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ മികച്ച അഭിപ്രായങ്ങള്‍ നേടിയ സിനിമയായിരുന്നു മണ്ടേലയും മാവീരനും.

നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് മണ്ടേല പ്രദര്‍ശനത്തിനെത്തിയത്. ശിവകാര്‍ത്തികേയന്‍ നായകനായ മാവീരന്‍ 80 കോടിയോളമായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്ത വീര ധീര സൂരന്‍ ആണ് വിക്രമിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. 'ചിത്താ' എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.