- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ സിനിമയിലെ അടുത്ത ഇര്‍ഫാന്‍ ഖാന്‍; 12ത് ഫെയിലിലൂടെ മനം കവര്‍ന്നു, സെക്റ്റര്‍ 36 ല്‍ സീരിയല്‍ കില്ലറായി ഞെട്ടിച്ചു; 37-ാം വയസ്സില്‍ അഭിനയത്തിന് ഫുള്‍സ്റ്റോപ്പിട്ട് വിക്രാന്ത് മാസി
ഇന്ത്യന്‍ സിനിമയിലെ അടുത്ത ഇര്‍ഫാന്‍ ഖാന്‍... മികച്ച സിനിമകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന വിക്രാന്ത് മാസി അറിയപ്പെട്ടിരുന്നത് ഇങ്ങനെയാണ്. എന്നാല്‍ സിനിമാലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് 37ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. കരിയറിന്റെ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്താനാവുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ടെലിവിഷന്‍ രംഗത്തിലൂടെയാണ് വിക്രാന്ത് അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. 2007ല്‍ സംപ്രേഷണം ആരംഭിച്ച ധും മചാവോ ധും ആയിരുന്നു ആദ്യത്തെ സീരിയല്‍. തുടര്‍ന്ന് നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായി. 2013ല്‍ റിലീസ് ചെയ്ത ലൂട്ടേരയില്‍ സഹതാരമായാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കൊങ്കണ സെന്‍ ശര്‍മ സംവിധാനം ചെയ്ത എ ഡെറ്റ് ഇന്‍ ദി ഗുഞ്ചിലൂടെയാണ് നായകനാവുന്നത്. ചിത്രത്തിലെ പ്രകടനം വലിയ കയ്യടി നേടി. ഹാഫ് ഗേള്‍ഫ്രണ്ട്, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, മിര്‍സാപൂര്‍ തുടങ്ങിയവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
'ട്വല്‍ത്ത് ഫെയില്‍, സെക്ടര്‍ 36' തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം സിനിമാ ലോകത്തെ തന്നെ അതിശയിപ്പിച്ചിരിക്കുകയാണ്. 'സബര്‍മതി റിപ്പോര്‍ട്ട്' എന്ന ചിത്രത്തിലാണ് വിക്രാന്ത് അവസാനമായി അഭിനയിച്ചത്.
അടുത്തിടെ നടന്ന ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ ഫിലിം പേഴ്സണാലിറ്റി ഒഫ് ദ ഇയര്‍ അവാര്‍ഡ് നല്‍കി താരത്തെ ആദരിച്ചിരുന്നു. 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അസാധാരണമായിരുന്നു. അകമഴിഞ്ഞ പിന്തുണയ്ക്ക് ഓരോരുത്തരോടും ഞാന്‍ നന്ദി പറയുന്നു. ഒരു ഇടവേളയെടുക്കാന്‍ സമയമായി. വീട്ടിലേക്ക് മടങ്ങണം. ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍. ഒപ്പം ഒരു നടനായും. അതിനാല്‍, 2025ലാകും നമ്മള്‍ അവസാനമായി സ്‌ക്രീനില്‍ കാണുക. അവസാന രണ്ട് ചിത്രങ്ങളില്‍ ഒരുപാട് വര്‍ഷത്തെ ഓര്‍മകളുണ്ട്. ഒരിക്കല്‍ കൂടി നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു' - വിക്രാന്ത് മാസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.