കൊച്ചി: രാഷ്ട്രീയ നേതാക്കൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച അധിക്ഷേപകരമായ പോസ്റ്റിനെ 'ആധുനിക കവിത'യെന്ന് വിശേഷിപ്പിച്ച നടൻ വിനായകന്റെ വിശദീകരണത്തിനെതിരെ പരിഹാസവുമായി നടനും താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജോയ് മാത്യു. വിനായകന്റെ 'കവിത' പാഠപുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടതല്ലേ എന്ന് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. സൈബർ പോലീസിന്റെ ചോദ്യംചെയ്യലിനിടെയാണ് വിനായകൻ തന്റെ വിവാദ പോസ്റ്റിന് വിചിത്രമായ വിശദീകരണം നൽകിയത്.

ഈ വിശദീകരണത്തെയാണ് ജോയ് മാത്യു ഫേസ്ബുക്കിൽ പരിഹസിച്ചത്. 'വിനായകന്റെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ?. കവിത കണ്ടെത്തിയ ഇന്‍സ്പക്ടറദ്ദേഹത്തിന്റെ കാവ്യഭാവനയെ തിരിച്ചറിഞ്ഞ്‌ മേപ്പടിയാനെ പാഠപുസ്തക കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ?' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ പരിപാടിയിൽ വിനായകൻ പങ്കെടുത്തതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. നേരത്തെ ഉമ്മൻചാണ്ടിയുടെ മരണശേഷം വിനായകൻ നടത്തിയ അധിക്ഷേപ പരാമർശം ഓർമ്മിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയർന്നപ്പോൾ, ഇതിനോട് പ്രതികരിച്ചുകൊണ്ട് വിനായകൻ പുതിയൊരു പോസ്റ്റ് പങ്കുവെക്കുകയായിരുന്നു.

മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരെ പേരെടുത്ത് അധിക്ഷേപിക്കുന്നതായിരുന്നു ഈ പോസ്റ്റ്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പോലീസ് വിനായകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. മൊഴി നൽകാനെത്തിയപ്പോഴാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആധുനിക കവിതയുടെ ഭാഗമാണെന്ന് വിനായകൻ പോലീസിനോട് വിശദീകരിച്ചത്.