ചെന്നൈ: രജനീകാന്ത് നായകനായി എത്തിയ ജയിലർ സൂപ്പർ വിജയമാണ് സ്വന്തമാക്കിയത്. നെൽസൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകനാണ് വില്ലൻ വേഷത്തിൽ എത്തിയത്. വർമൻ എന്ന കൊടും ക്രൂര വില്ലനായാണ് വിനായകൻ വേഷമിട്ടത്. താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായമാണ് നേടിയത്. എന്നാൽ ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനൊന്നും വിനായകൻ എത്തിയിരുന്നില്ല. ഇപ്പോൾ ആദ്യമായി ജയിലറിന്റെ വിജയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് വിനായകൻ. നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് ആണ് വിഡിയോ പങ്കുവച്ചത്.

'മനസിലായോ... നാൻ താൻ വർമൻ' എന്ന ആമുഖത്തോടെയാണ് വിനായകൻ എത്തുന്നത്. ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ചും രജനീകാന്തിനൊപ്പമുള്ള അനുഭവത്തേക്കുറിച്ചുമെല്ലാം താരം പറയുന്നുണ്ട്.

വിനായകന്റെ വാക്കുകൾ:

മനസിലായോ... നാൻ താൻ വർമൻ. സിനിമയിലേക്ക് വിളി വരുന്ന സമയത്ത് ഞാനൊരു കാട്ടിലായിരുന്നു. 15 ദിവസം കാട്ടിനുള്ളിലായിരുന്നു. അവിടെ റേഞ്ച് ഉണ്ടായിരുന്നില്ല. തിരിച്ചുവരുന്ന സമയത്ത് ഫോണിലേക്ക് മിസ്ഡ് കോൾ വന്നുകൊണ്ടേയിരുന്നു. മാനേജറിനെ വിളിച്ചപ്പോഴാണ് ഇങ്ങനെയൊരു പടം വന്നിട്ടുണ്ട് എന്നറിയുന്നത്. രജനീസാറിനെ നായകനാക്കി നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം. പിന്നെ ഒന്നും ചോദിക്കേണ്ടി വന്നില്ല. നെൽസനെ എനിക്ക് നേരത്തെ അറിയും. നെൽസൻ കഥയെക്കുറിച്ച് പറഞ്ഞിരുന്നു. ഞാനാണ് പ്രധാന വില്ലൻ എന്നു പറഞ്ഞു. രജനീസാർ, സൺ പിക്‌ചേഴ്‌സ് ഇതാണ് എന്നെ സിനിമയിലേക്ക് അടുപ്പിച്ചത്.

രജനീകാന്തിനൊപ്പമുള്ള അനുഭവത്തേക്കുറിച്ച് പറയാനാവില്ല. അത്ര വലിയ ഓറയുള്ള ഒരാളാണ്. തൊടാൻ പോലും കഴിയാതിരുന്ന ആ നിലയിലുള്ള ആൾ എന്നെ ചേർത്തു നിന്ന് അത്ര എനർജി തന്നു. വർമൻ എന്ന കഥാപാത്രം ഇത്ര മികച്ചതാവാനുള്ള ഒരേയൊരു കാരണം ഒരേയൊരു ബാബു രജനിസാർ ആണ്.

നെൽസനോട് എന്റെ കഥാപാത്രത്തേക്കുറിച്ച് മാത്രമാണ് കേട്ടത്. പലകാരണം കൊണ്ടും തിരക്കഥയിൽ മാറ്റംവരാം. വർമൻ കഥാപാത്രം വീട്ടിൽ നിന്ന് പുറത്തുപോകാൻ പറ്റാത്ത രീതിയിൽ ഹിറ്റായി. സ്വപ്നത്തിൽ പോലും യോസിക്കലേ സാർ. ചിത്രത്തിലെ എല്ലാ രംഗങ്ങളും എനിക്ക് പ്രധാനമായിരുന്നു. ഉറങ്ങുന്ന രംഗം വരെ. ആ കഥാപാത്രം ശരീരത്തിൽ കയറിയാൽ പിന്നെ എന്ത് രംഗമാണെങ്കിലും സന്തോഷമായി ചെയ്യും. ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ടസീൻ എന്ന് പറയാനാവില്ല. എല്ലാ സീക്വൻസും മികച്ചതായിരുന്നു. മിസ്റ്റർ മെൽസൻ, റൊമ്പ നൻട്രി പാ, നന്ദി പറയാൻ വാക്കുകളില്ല. രജനിസാർ മറക്കില്ല, നിർമ്മാതാവ് കലാനിധിമാരൻ സാറിനും നന്ദി.