- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയത് പോലെ ചെന്നൈയിൽ കറങ്ങി നടക്കാൻ പറ്റുന്നില്ല: വിനീത് ശ്രീനിവാസൻ
ചെന്നൈ: ഇതരഭാഷകളിൽ മലയാള സിനിമക്ക് മികച്ച സ്വീകാര്യത ലഭിക്കുന്ന സമയമാണ് ഇപ്പോൾ. മഞ്ഞുമ്മൽ ബോയ്‌സും പ്രേമലുവും വലിയ ഹിറ്റായി മാറി. ഇതിന്റെ തുടർച്ചയായി മറ്റ് മലയാള സിനിമകൾക്കും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. മലയാളം സിനമയെ ഹൃദയത്തോട് ചേർത്ത തമിഴ് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തി.
മലയാളികൾ തമിഴ് ചിത്രങ്ങൾ കാണാറുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ സജീവമായതോടെയാണ് മലയാള സിനിമകൾ മറ്റുള്ള ഭാഷകളിൽ ശ്രദ്ധിക്കാനും വിജയിക്കാനും തുടങ്ങിയതെന്നും നടൻ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷത്തിന്റെ റിലീസിനോട് അനുബന്ധിച്ച് തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
വർഷങ്ങളായി, കേരളത്തിൽ വലിയ തമിഴ് സിനിമകൾക്ക് രാവിലെ നാല് മണിക്ക് ഷോ ഉണ്ട്. തമിഴ്‌നാട്ടുകാർ സബ്ടൈറ്റിലോടെയാണ് മലയാളം സിനിമകൾകാണുന്നത്. എന്നാൽ നമ്മൾ സബ്ടൈറ്റിൽ ഇല്ലാതെയാണ് തമിഴ് സിനിമകൾ കാണുന്നത്. സംസാരിക്കാൻ അറിയില്ലെങ്കിലും ഭൂരിഭാഗം പേർക്കും തമിഴ് കേട്ടാൽ മനസിലാകും. അതിനാൽ തമിഴ് സിനിമയെ കേരളീയർ നന്നായി സ്വീകരിക്കുന്നു.
പ്രേമം സിനിമ ഞങ്ങൾക്ക് അത്ഭുതമായിരുന്നു. ചിത്രം തമിഴ്‌നാട്ടിൽ 275 ദിവസം ഓടിയെങ്കിലും പിന്നീട് തുടർന്നുണ്ടായില്ല. ഞാൻ സംവിധാനം ചെയ്ത് ഹൃദയം മൾട്ടിപ്ലക്‌സിലും സിറ്റിയിലും കാഴ്ചക്കാരെ നേടി. എന്നാൽ മഞ്ഞുമ്മേൽ ബോയ്‌സ് തമിഴ്‌നാട്ടിൽ എല്ലായിടത്തും എത്തി. അടുത്തിടെ പുറത്തിറങ്ങിയ ആടുജീവിതത്തിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഹൈദരാബാദിൽ നിന്ന് മികച്ച കാഴ്ചക്കാരെ നേടാൻ പ്രേമലുവിനും ആയിട്ടുണ്ട്. ഞങ്ങളുടെ ചിത്രങ്ങൾ തിയറ്ററുകളിൽ പോയി കാണാൻ തുടങ്ങിയതിന് ആദ്യമേ തമിഴ് പ്രേക്ഷകരോട് നന്ദി പറയുന്നു.അതിൽ ഏറെ സന്തോഷമുണ്ട്-വിനീത് പറഞ്ഞു.
മലയാള സിനിമയുടെ വിജയത്തിന് കാരണം ഒ.ടി.ടി പ്ലാറ്റ്ഫോമുകളാണെന്നും വിനീത് അഭിമുഖത്തിൽ പറഞ്ഞു.'ഒ.ടി.ടിയിലൂടെയാണ് കൂടുതൽ ആളുകളിലേക്ക് മലയാളം ചിത്രങ്ങൾ എത്തിയതെന്ന് കരുതുന്നു. ഇപ്പോൾ ഇവിടെയുള്ള( ചെന്നൈ) ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ട്. നേരത്തെ ഞാൻ ചെന്നൈയിൽ സമാധാനത്തോടെ ചുറ്റിനടന്നിരുന്നു, ഇപ്പോൾ അതിന് ബുദ്ധിമുട്ടാണ്'- വിനീത് കൂട്ടിച്ചേർത്തു.
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രധാന ലൊക്കേഷൻ ചെന്നൈ ആയിരുന്നു. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, ബേസിൽ ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഏപ്രിൽ 11 ന് റിലീസ് ചെയ്യും.