കോഴിക്കോട്: ജനപ്രിയ പരമ്പര 'എം80 മൂസ'യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഞ്ജു ശശി വീണ്ടും വാർത്തകളിൽ നിറയുന്നു. പരമ്പരയിൽ മൂസയുടെ മകൾ റസിയയായി തിളങ്ങിയ അഞ്ജു, നീണ്ട ഇടവേളയ്ക്ക് ശേഷം വിനോദ് കോവൂരിനെ കാണാൻ എത്തിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിലവിൽ എയർഹോസ്റ്റസായി ജോലി ചെയ്യുന്ന അഞ്ജു, വിനോദ് കോവൂരിന്റെ ഫ്ലാറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. അഞ്ജു എത്തിയ സന്തോഷം വിനോദ് തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.

'എം 80 മൂസയിൽ എൻ്റെ മകളായി അഭിനയിച്ച, ഇപ്പോൾ എയർഹോസ്റ്റസായി ലോകം മുഴുവൻ പറന്നു കൊണ്ടിരിക്കുന്ന റസിയ എന്ന അഞ്ജു ഇന്നലെ ഞങ്ങളുടെ ഫ്ലാറ്റിൽ വന്നു. വലിയ ഒരു ഇടവേളയ്ക്ക് ശേഷമായിരുന്നു ഈ കണ്ടുമുട്ടൽ. കൂടുതൽ വിശേഷങ്ങൾ ഒരു വീഡിയോയുമായി എൻ്റെ ചാനലിലൂടെ വരുന്നുണ്ട് ട്ടോ', അഞ്ജു ശശിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് വിനോദ് കോവൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അഞ്ജുവിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, അഞ്ജുവിന്റെ വിശേഷങ്ങൾ ഉൾപ്പെടുത്തിയുള്ള കൂടുതൽ വീഡിയോകൾ തന്റെ യൂട്യൂബ് ചാനലിലൂടെ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം ആരാധകർക്ക് ഉറപ്പുനൽകി. എം 80 മൂസയില്‍ വിനോദ് കോവൂരും സുരഭി ലക്ഷ്മിയും (പാത്തു) കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു അഞ്ജു ശശിയുടെ റസിയ മൂസ.

അതുല്‍ ശ്രീവ, സി ടി കബീര്‍, ശ്രീജിത്ത് കൈവേലി, കെ ടി സി അബ്ദുള്ള, പ്രതാപന്‍ നെയ്യാറ്റിന്‍കര, രമാ ദേവി, വിനീത, ശശീന്ദ്ര വര്‍മ്മ എന്നിവരാണ് പരമ്പരയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാജി അസീസ് ആയിരുന്നു സംവിധാനം. എയര്‍ഹോസ്റ്റസ് ജോലിക്കിടെ വിമാനയാത്രയില്‍ പരമ്പര മുന്‍പ് കണ്ടിട്ടുള്ളവര്‍ തന്നെ തിരിച്ചറിയാറുണ്ടായിരുന്നുവെന്ന് അഞ്ജു ശശി നേരത്തെ പറഞ്ഞിട്ടുണ്ട്. നടി എന്നതിനൊപ്പം നര്‍ത്തകിയുമാണ് അഞ്ജു.