കൊച്ചി: മലയാളികളുടെ പ്രിയതാരമായ ബേസിൽ ജോസഫ് ഭാര്യ എലിസബത്തിനും മകൾ ഹോപ്പിനുമൊപ്പമുള്ള പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 'കുട്ടുമ കുട്ടൂ...' എന്ന ഗാനത്തിനൊപ്പമുള്ള ഈ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അമ്മയുടെ മടിയിലിരുന്ന് പാട്ടിന് താളമിടുകയും പിന്നീട് കുസൃതിയോടെ ഓടിമറയുകയും ചെയ്യുന്ന ഹോപ്പിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ പ്രധാന ആകർഷണം.

തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്ന ബേസിലിന്റെ പതിവ് ശൈലിയുടെ തുടർച്ചയായാണ് ഈ വീഡിയോയും ശ്രദ്ധ നേടുന്നത്. വിഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് എത്തുന്നത്. നെറ്റ്ഫ്ലിക്സ് ഇന്ത്യ 'കുട്ടൂസ്' എന്ന് കമന്റ് ചെയ്തപ്പോൾ, നിഖില വിമൽ, മാത്യു തോമസ് തുടങ്ങിയ താരങ്ങളും പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

"രണ്ടിനും പ്രാന്തായിന്നാ തോന്നണേ... ഞാൻ ആരേലേം വിളിച്ചിട്ട് വരാം," "എനിക് മടുത്തു ഞാൻ പോവുന്നു," "ആ അതാ ട്രെൻഡ് അവസാനിപ്പിക്കാൻ അവനെത്തി കഴിഞ്ഞു", ''അണ്ണൻ ഈ കുട്ടികളി ഒക്കെ നിർത്തി സംവിധാനത്തിലേക്ക് തിരിച്ചു വരണം'' എന്നിങ്ങനെയുള്ള തമാശ കമന്റുകളും വിഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. നടൻ ടൊവിനോ തോമസിന്റെ കമന്റിനായുള്ള കാത്തിരിപ്പും ചില ആരാധകർ പങ്കുവെച്ചിട്ടുണ്ട്. അതിരടി എന്ന ചിത്രമാണ് ബേസിലിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ പ്രോജക്ട്. കൂടാതെ, ശിവകാർത്തികേയൻ നായകനാകുന്ന 'പരാശക്തി'യിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന ബേസിൽ, ഈ ചിത്രത്തിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്.