മുംബൈ: ഒരു മതപരമായ ചടങ്ങിൽ വിചിത്രമായ രീതിയിൽ പെരുമാറുന്നതിന്റെ വീഡിയോ നടി സുധ ചന്ദ്രൻ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. 'മാതാ കി ചൗക്കി' എന്ന ചടങ്ങിൽ നിയന്ത്രണം വിട്ട് കരയുകയും പൊട്ടിച്ചിരിക്കുകയും ഒരാളെ കടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. സംഭവത്തിൽ നടിക്കെതിരെ വിമർശനങ്ങളും അതേസമയം ശക്തമായ പിന്തുണയുമായും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ പുറത്തുവന്നത്. 'മാതാ കി ചൗക്കി'യിൽ പാടി നൃത്തം ചെയ്തുകൊണ്ടിരിക്കെയാണ് സുധ ചന്ദ്രന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടുതുടങ്ങിയത്. അലറി കരയുകയും പൊട്ടിച്ചിരിക്കുകയും ചെയ്ത നടി, തന്നെ നിയന്ത്രിക്കാൻ ശ്രമിച്ച ഒരാളുടെ കൈകളിൽ പലതവണ കടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് അവർ തുള്ളിച്ചാടുന്നതായും കാണാം.

വീഡിയോ വൻ തോതിൽ പ്രചരിച്ചതിന് പിന്നാലെ വിവിധ അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. 'ദൈവം കുടികൊണ്ടു' എന്നാണ് നടിയെ പിന്തുണയ്ക്കുന്ന പലരും കുറിച്ചത്. ആത്മീയമായ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ മനുഷ്യൻ അറിയാതെ ഇങ്ങനെയായിപ്പോകുമെന്നും, അത് ദൈവത്തിന്റെ കടാക്ഷവും സുധയ്ക്ക് ലഭിച്ച മഹാഭാഗ്യവുമാണെന്നും അഭിപ്രായപ്പെടുന്നവരും ധാരാളമാണ്. എന്നാൽ, ഇതിനെ വിമർശിച്ചും ട്രോളിയും നിരവധി പേർ രംഗത്തെത്തി.

'ഇതൊരു സീരിയൽ തന്നെ, ഓസ്കർ അഭിനയം' എന്ന് ചിലർ പരിഹസിച്ചു. "ഞങ്ങൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സുധ. പക്ഷേ, ഇങ്ങനെയെല്ലാം കാണിച്ചുകൂട്ടി വെറുതെ നാണം കെടരുത്" എന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു. ഒരപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടതിന് ശേഷവും നൃത്തവേദികളിൽ സജീവമായിരുന്ന സുധ ചന്ദ്രൻ, മലയാളികൾക്ക് ഏറെ പരിചിതയായ ഹിന്ദി ടെലിവിഷൻ താരമാണ്. അവരുടെ ഈ വീഡിയോ വലിയ ചർച്ചയായി മാറിയെങ്കിലും, വിഷയത്തിൽ നടി സുധ ചന്ദ്രൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.