തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആക്ഷന്‍ ഹീറോയെന്ന പേരില്‍ ആരാധകരുടെ ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന താരമാണ് വിശാല്‍. തന്റെ കരിയറിലുടനീളം ഭയമില്ലാതെ അപകടരംഗങ്ങള്‍ നേരിട്ട താരം, ഇപ്പോള്‍ സ്വന്തം ജീവിതത്തിലെ ചില അത്ഭുതകരമായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍, താന്‍ ഇതുവരെ ഒരു ഡ്യൂപ്പിനെയും ഉപയോഗിച്ചിട്ടില്ലെന്നും, അതിന്റെ ഫലമായി ശരീരത്തിലാകെ 119 തുന്നലുകളാണെന്നും വിശാല്‍ വെളിപ്പെടുത്തി.

വിശാലിന്റെ വാക്കുകളില്‍ 'സിനിമയിലെ സ്റ്റണ്ട് സീനുകള്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ കൈയടിക്കുന്നതു കാണുമ്പോഴാണ് എനിക്ക് അതിനോടുള്ള പ്രേമം കൂടി വരുന്നത്. അപകടമുണ്ടായാലും അതില്‍ നിന്ന് പഠിക്കാനാണ് എനിക്ക് ഇഷ്ടം. ഡ്യൂപ്പിനെ ആശ്രയിക്കാതെ തന്നെ രംഗങ്ങള്‍ ചെയ്യുക എന്നത് എനിക്ക് അഭിമാനമാണ്.''

തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവം 'അവന്‍ ഇവന്‍' എന്ന ചിത്രവുമായി ബന്ധപ്പെട്ടതാണെന്നും വിശാല്‍ പറഞ്ഞു. ''ആ സിനിമയിലൂടെ ഞാനനുഭവിച്ചത് ശാരീരികമായും മാനസികമായും അത്യന്തം കഠിനമായ വേദനയായിരുന്നു. പക്ഷേ സംവിധായകന്‍ ബാല സാറിനായി ഞാന്‍ അതെല്ലാം ഏറ്റെടുത്തു. പിന്നീട് ജീവിതം തന്നെ അവസാനിച്ചുവെന്ന് തോന്നിയ അവസ്ഥയായിരുന്നു അത്,'' വിശാല്‍ പറഞ്ഞു.

സ്റ്റണ്ട് രംഗങ്ങള്‍ ചെയ്യുന്നതിനിടെ ഉണ്ടായ പരിക്കുകളെക്കുറിച്ചും താരം തുറന്നുപറഞ്ഞു. ''ലത്തി എന്ന ചിത്രത്തില്‍ നാലാം നിലയില്‍ നിന്ന് ചാടിയ രംഗം ചെയ്തപ്പോള്‍ നടുവിന് ഗുരുതരമായ പ്രശ്‌നമായി. അതിനുശേഷം നേരെ കേരളത്തില്‍ എത്തിയതും 21 ദിവസം ആയുര്‍വേദ ചികിത്സ എടുത്തതുമാണ്. ആ സ്ഥലത്തെ കുറിച്ച് മോഹന്‍ലാല്‍ സാറാണ് എനിക്ക് പറഞ്ഞത്,'' അദ്ദേഹം വ്യക്തമാക്കി.

2004-ല്‍ ചെല്ലമേ എന്ന ചിത്രത്തിലൂടെയാണ് വിശാല്‍ സിനിമാരംഗത്തേക്ക് കടന്നത്. പിന്നീട് ആക്ഷന്‍ സിനിമകളിലെ അതുല്യ പ്രകടനങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വിശാല്‍, ഇന്നും അതേ ആവേശത്തോടെ ഓരോ രംഗവും നേരിടുകയാണ്.