സിനിമയക്ക് പുറത്തും അകത്തും പല കാര്യങ്ങളിലും തന്റേതായ നിലപാടുകള്‍ എപ്പോഴുമുള്ള താരമാണ് വിശാല്‍. ഇപ്പോള്‍ മിഷ്‌കിനെ കുറിച്ച് വിശാല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. അടുത്തിടെ ഒരു വേദിയില്‍ മിഷ്‌കന്‍ സംഗീത സംവിധായകന്‍ ഇയാരാജയെ അവന്‍, ഇവന്‍ എന്നീ വാക്കുകള്‍ കൊണ്ട് അഭിസംബോധന ചെയ്തിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ പാട്ട് കേട്ടാല്‍ മദ്യപിക്കാന്‍ തോന്നും എന്ന് വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെയാണ് വിശാല്‍ രംഗത്ത് എത്തിയിരിക്കുന്നത്. വിമര്‍ശനത്തിന് പിന്നാലെ മിഷ്‌കിന്‍ ക്ഷമാപണവും നടത്തിയിരുന്നു.

വായില്‍ തോന്നിയത് പറഞ്ഞിട്ട് ക്ഷമാപണം നടത്തിയിട്ട് എന്ത് കാര്യമെന്ന് വിശാല്‍ കുറ്റപ്പെടുത്തി. സ്റ്റേജ് സംസ്‌കാരം എന്നൊരു കാര്യമുണ്ടെന്നും അതിനെപ്പറ്റി ബോധമില്ലാതെ പലരും വായില്‍ തോന്നിയത് വിളിച്ചുപറയാറുണ്ടെന്നും വിശാല്‍ പറഞ്ഞു. ഇളയരാജ ദൈവപുത്രനാണെന്നും അദ്ദേഹത്തെ അവന്‍ ഇവന്‍ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ മോശമാണെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. വിശാലിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.

'ഇതില്‍ പ്രത്യേകിച്ച് പറയാനായി ഒന്നുമില്ല. ചില സമയം വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞിട്ട് പിന്നീട് അതില്‍ ഖേദം പ്രകടിപ്പിച്ചിട്ട് കാര്യമില്ല. സ്റ്റേജ് സംസ്‌കാരം എന്നൊരു കാര്യമുണ്ട്. അത് പാലിക്കാന്‍ പറ്റാത്തവര്‍ മാത്രമാണ് ഇതുപോലെ വായില്‍ തോന്നിയത് വിളിച്ചു പറയുന്നത്. എന്താണ് പറയുന്നതെന്ന് അവര്‍ക്ക് പോലും ബോധ്യമുണ്ടാകില്ല. ഇളയരാജ സാര്‍ ദൈവപുത്രനെപ്പോലെയാണ്. അദ്ദേഹത്തെ ഒരു സ്റ്റേജില്‍ 'അവന്‍, ഇവന്‍' എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ മോശമാണ്', വിശാല്‍ പറഞ്ഞു.