- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യനിലെ രംഗങ്ങൾ ഒരുക്കിയത് 'കണ്ണൂർ സ്ക്വാഡി'ൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്; മിന്നൽ മുരളി കണ്ട് ബേസിലിനെയും ടൊവിനോയെയും വിളിച്ചു; മലയാള സിനിമയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് വിഷ്ണു വിശാൽ
ചെന്നൈ: മലയാള സിനിമയോടുള്ള താല്പര്യവും ഇഷ്ടവും തുറന്ന് പറഞ്ഞ് തമിഴ് നടൻ വിഷ്ണു വിശാൽ. തൻ്റെ പുതിയ ചിത്രമായ 'ആര്യ'ന്റെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം. മലയാളത്തിൻ്റെ സൂപ്പർഹീറോ ചിത്രമായ 'മിന്നൽ മുരളി'യെ കുറിച്ചും, 'കണ്ണൂർ സ്ക്വാഡ്' പോലുള്ള സിനിമകളിൽ നിന്ന് ലഭിച്ച പ്രചോദനത്തെക്കുറിച്ചും അദ്ദേഹം തുറന്നു സംസാരിച്ചു.
ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് 'ആര്യൻ' കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഇത് തന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് വിഷ്ണു വിശാൽ പറഞ്ഞു. 'ലോക' എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നിർമ്മാണ രംഗത്തും വൻ വിജയങ്ങൾ നേടിയത് എടുത്തുപറഞ്ഞുകൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഒരു സൂപ്പർഹീറോ കഥാപാത്രം അവതരിപ്പിക്കുക എന്നതാണെന്നും, മിന്നൽ മുരളി കണ്ടതിനു ശേഷം ഞാൻ ചിത്രത്തിൻ്റെ സംവിധായകൻ ബേസിൽ ജോസഫിനെയും നായകൻ ടൊവിനോ തോമസിനെയും വിളിച്ചിരുന്നെന്നും താരം പറഞ്ഞു. 'ഞാൻ വളരെ സന്തോഷവാനാണ് എന്നാൽ അതേസമയം ഒരു ചെറിയ സങ്കടവുമുണ്ട്. കാരണം അങ്ങനെയൊരു സൂപ്പർഹീറോ ചിത്രം ദക്ഷിണേന്ത്യയിൽ ആദ്യം ചെയ്യാൻ എനിക്ക് സാധിച്ചില്ലല്ലോ എന്നതായിരുന്നു ആ സങ്കടം,' വിഷ്ണു വിശാൽ വ്യക്തമാക്കി.
'ആര്യൻ' പോലുള്ള മികച്ച പ്രോജക്റ്റുകൾക്ക് പിന്തുണ നൽകുന്ന ദുൽഖർ സൽമാനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. മലയാള സിനിമയെ താൻ ഒരുപാട് ശ്രദ്ധയോടെ നിരീക്ഷിക്കുന്ന ഒരു വ്യക്തിയാണെന്നും വിഷ്ണു വിശാൽ പറഞ്ഞു. 'ആർഡിഎക്‌സ് ഒരു ഗംഭീര ആക്ഷൻ ചിത്രമായിരുന്നു. അതുപോലെ ഫഹദ് ഫാസിലിൻ്റെ 'ആവേശം', ബേസിൽ ജോസഫിൻ്റെ 'ഫാലിമി', 'സൂക്ഷ്മദർശിനി', കൂടാതെ മമ്മൂട്ടി നായകനായ 'കണ്ണൂർ സ്ക്വാഡ്' എന്നിവയെല്ലാം ഞാൻ കണ്ടിട്ടുണ്ട്. 'കണ്ണൂർ സ്ക്വാഡ്' സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എൻ്റെ പുതിയ ചിത്രമായ 'ആര്യനി'ലെ ചില രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസ് നായകനായ 'ARM', 'ഗുരുവായൂർ അമ്പലനടയിൽ', 'ജയ ജയ ജയ ജയ ഹേ' തുടങ്ങിയ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്,' വിഷ്ണു വിശാൽ അറിയിച്ചു.




