ചെന്നൈ: ദളപതി വിജയ് നായകനായി എത്തുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിലെ ഗാനം വിസിൽ പോടിന്റെ ലിറിക്കൽ വിഡിയോ ഇന്നലെയാണ് എത്തിയത്. വിജയ് തന്നെ പാടിയ ഗാനത്തിന് ഗംഭീരസ്വീകരണമാണ് ആരാധകർ നൽകിയത്. സൈബറിടത്തിൽ ഇപ്പോൾ പുത്തൻ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഗാനം. വിസിൽ പോടിന്റെ ലിറിക്കൽ വിഡിയോ ഇന്നലെയാണ് എത്തിയത്

തെന്നിന്ത്യയിൽ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പേർ കണ്ട വിഡിയോയാണ് വിസിൽ പോട് മാറിയത്. 2.41 കോടി പേരാണ് 24 മണിക്കൂറിൽ വിഡിയോ രണ്ടത്. ഇതോടെ വിജയ് യുടെ തന്നെ അറബിക് കുത്തിന്റെ റെക്കോർഡാണ് പഴങ്കഥയായത്. 23.77 മില്യണായിരുന്നു അറബി കുത്ത് ആദ്യ 24 മണിക്കൂറിൽ നേടിയത്.

തമിഴ് പുത്താണ്ടിനോട് അനുബന്ധിച്ചാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നത്. വിജയ്യുടെ തെരഞ്ഞെടുപ്പ് പ്രവേശനത്തിന്റെ ചെറിയ സൂചനകളോടെയാണ് ഗാനം എത്തുന്നത്. ആദ്യ മണിക്കൂറിൽ തന്നെ ഒരു മില്യൺ കാഴ്ചക്കാരായിരുന്നു ഗാനം സ്വന്തമാക്കിയത്. നിലവിൽ മൂന്നു കോടിയിലേക്ക് അടുക്കുകയാണ് കാഴ്ചക്കാർ. ഏറ്റവും വേഗത്തിൽ ഒരു കോടി ലൈക്ക് നേടുന്ന വിഡിയോയായും മാറി. യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതാണ് വിസിൽ പോട്.

വിജയ്ക്കൊപ്പം വെങ്കട് പ്രഭു, യുവൻ ശങ്കർ രാജ, പ്രേംജി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിജയ്, പ്രഭു ദേവ, പ്രശാന്ത്, അജ്മൽ എന്നിവരേയും ഗാനത്തിൽ കാണാം. യുവൻ ശങ്കർ രാജയാണ് സംഗീതം. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡബിൾ റോളിലാണ് വിജയ് എത്തുന്നത്. മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.