കൊച്ചി: അർജുൻ അശോകൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച 'തലവര' എന്ന ചിത്രം തങ്ങളെപ്പോലുള്ളവരുടെ ജീവിതം യാഥാർത്ഥ്യബോധത്തോടെ പകർത്തിയ അനുഭവമാണെന്ന് വിറ്റിലിഗോ മോഡൽ ബെൻസി ജോയ്. ചിത്രം കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. സിനിമ കണ്ടപ്പോൾ ശരിക്കും കരഞ്ഞുപോയെന്നും ഇത്തരം ഒരു വിഷയം ഹോളിവുഡിലോ ബോളിവുഡിലോ പോലും വന്നിട്ടില്ലെന്നും ബെൻസി പറഞ്ഞു.

'എനിക്ക് പറയാൻ വാക്കുകളില്ല. എന്നെപ്പോലെയുള്ള ഒരു വ്യക്തിയുടെ ജീവിതയാത്രയാണ് ഈ സിനിമ. ഇത് ഞങ്ങളുടെ ജീവിതമാണ്. ഇങ്ങനെയൊരു സിനിമ മലയാളത്തിൽ വന്നതിൽ അതിയായ സന്തോഷമുണ്ട്. മേക്കപ്പ് ഉൾപ്പെടെ എല്ലാം മികച്ചതായിരുന്നു,' ബെൻസി കൂട്ടിച്ചേർത്തു. ചിത്രത്തിൻ്റെ മുഴുവൻ അണിയറപ്രവർത്തകർക്കും അവർ നന്ദി അറിയിച്ചു.

അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത 'തലവര' തിയേറ്ററുകളിൽ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. 'പാണ്ട' എന്ന വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അർജുൻ അശോകൻ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി മാറ്റിയെന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. രേവതി ശർമയാണ് ചിത്രത്തിലെ നായികയായ 'ജ്യോതി'യെ അവതരിപ്പിക്കുന്നത്.

പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനും നിർമ്മാതാവ് ഷെബിൻ ബക്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിൻ്റേയും മൂവിങ് നരേറ്റീവ്സിൻ്റേയും ബാനറിലാണ് നിർമ്മാണം. അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, ഷെബിൻ ബെൻസൺ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.