ടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ ബസന്തി അയച്ച ഭീഷണി ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ജയചന്ദ്രൻ പങ്കുവെച്ച സ്ത്രീവിരുദ്ധ സ്വഭാവമുള്ള കുറിപ്പിനെ വിമർശിച്ച സരിത സരിൻ എന്ന യുവതിക്കാണ് ബസന്തിയുടെ ഭീഷണി സന്ദേശം ലഭിച്ചത്. 'പ്രാക്ക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കരുത്' എന്ന് തുടങ്ങുന്ന ശബ്ദസന്ദേശം സരിത സരിൻ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടതോടെയാണ് വിഷയം ശ്രദ്ധ നേടിയത്.

തന്റെ ഭർത്താവിന്റെ കാര്യങ്ങൾ താൻ നോക്കിക്കോളാം എന്നും ബസന്തി ശബ്ദസന്ദേശത്തിൽ യുവതിയോട് പറയുന്നുണ്ട്. കൂട്ടിക്കൽ ജയചന്ദ്രന്റെ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾക്കെതിരെ സരിത സരിൻ നേരത്തെ സമൂഹമാധ്യമത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. ഈ വിമർശനത്തിന് പിന്നാലെയാണ് ബസന്തിയുടെ ഭാഗത്തുനിന്ന് ഭീഷണി സന്ദേശമുണ്ടായത്. സരിത സരിൻ പങ്കുവെച്ച ഈ ശബ്ദസന്ദേശം നിലവിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

ശബ്ദസന്ദേശത്തിന്റെ പൂർണരൂപം...

'ഞങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ ഞങ്ങൾ തീർത്തോളാം മോളേ, ഞാൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യയാണ്. നീ ഇപ്പോൾ പൊക്കിക്കൊണ്ട് നിൽക്കുന്നുണ്ടല്ലോ, നീ നിന്റെ വീട്ടിലെ കാര്യങ്ങൾ നോക്ക്, ഒരാൾ ഒരു പോസ്റ്റ് ഇട്ടാൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുക. അത് മനസ്സിലായില്ലെങ്കിൽ മിണ്ടാതിരിക്കുക, എന്തിനാ വെറുതെ ഓരോന്നു പറഞ്ഞ് പ്രാക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കുന്നത്. എന്റെ ഭർത്താവിന്റെ കാര്യം ഞാൻ നോക്കിക്കോളാം, നീ നിന്റെ വീട്ടിലെ കാര്യങ്ങൾ നോക്ക്', ബസന്തി അയച്ച വോയിസ് ക്ലിപ്പിന്റെ പൂർണരൂപം.

ഒരു കുറിപ്പിനൊപ്പമാണ് സരിത സരിൻ ബസന്തിയുടെ വോയിസ് പങ്കുവെച്ചിരിക്കുന്നത്. 'ഒരു സ്ത്രീയെ അഭിനന്ദിക്കുന്നുവെന്ന വ്യാജനെ സ്ത്രീ വിരുദ്ധത എഴുതി വയ്ക്കുക, അത്തരം സ്ത്രീകൾ സമൂഹത്തിൽ ഉണ്ടോയെന്ന് ഉറപ്പില്ല എന്നാലും പറയുന്നുവെന്നാണ് പോസ്റ്റ്‌, സമൂഹത്തിൽ ഉണ്ടോയെന്ന് ഉറപ്പില്ലാത്ത കാര്യം എഴുതി വെക്കണമെങ്കിൽ മിസ്റ്റർ കൂജയ്ക്ക് അത് സ്വന്തമായി ഉണ്ടായ അനുഭവം ആണോയെന്ന് സംശയം തോന്നിയത് ഒരു തെറ്റാണോ?'.

ഇങ്ങനെ ആശയങ്ങളോട് പൊരുത്തക്കേട് പറയുന്നവർക്ക് വരുന്നവരെ പ്രാകി കാൻസർ വരുത്തുന്ന ദിവ്യ ശക്തിയുള്ള കൂജയുടെ ഭാര്യയോടാണ്, നിങ്ങൾക്ക് അയാൾ എഴുതി വെച്ചിരിക്കുന്നതിലെ തെറ്റ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റാത്ത അജ്ഞത മനസിലാക്കാം. കാരണം സ്വന്തം ഭർത്താവ് എന്ത് പറഞ്ഞാലും അതിലെ തെറ്റും ശരിയും പറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ടോന്ന് അറിയില്ല.

പക്ഷേ ഒരു സമൂഹത്തെ ബാധിക്കുന്ന കാര്യം പറയുമ്പോൾ തിരുത്തുക എന്നൊരു ധാർമികത ഉള്ളത് കൊണ്ട് പറയുന്നു. ആരെങ്കിലും പ്രാകുമ്പോഴോ, ആരുടെയെങ്കിലും പ്രാക് കിട്ടിയാലോ വരുന്ന രോഗം അല്ല ‘കാൻസർ’. സ്ത്രീവിരുദ്ധത പറഞ്ഞതും പോരാഞ്ഞിട്ട് കാൻസർ രോഗം ബാധിക്കുന്നത് ശാപം കിട്ടിയത് കൊണ്ടാണെന്നുള്ള സ്റ്റേറ്റ്മെന്റ് കൂടി', എന്നാണ് സരിത സരിൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.