മുംബൈ: തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ഷാറൂഖ് ഖാനും സൽമാൻ ഖാനും ഹൃത്വിക് റോഷനും. ബോളിവുഡിലാണ് മൂവരും സജീവമെങ്കിലും താരങ്ങളുടെ ചിത്രങ്ങൾ സൗത്തിന്ത്യൻ പ്രേക്ഷകരുടെ ഇടയിലും ചലനം സൃഷ്ടിക്കുന്നുണ്ട്. പത്താന്റെയും ജവാന്റെയും വിജയത്തിന് ശേഷം ഷാരൂഖ് വീണ്ടും സൂപ്പർഹിറ്റിനായി ഒരുങ്ങുന്നു. ഇക്കുറി ഒപ്പമുള്ളതും വമ്പന്മാരാണെന്ന് മാത്രം. സ്‌പൈ ത്രില്ലർ ചിത്രത്തിലാണ് മൂന്ന് പേരും ഒരുമിക്കുന്നത്.

ഇപ്പോഴിതാ മൂവരും ഒന്നിച്ച് എത്തുന്നു എന്നുതരത്തിലുള്ള റിപ്പോർട്ടാണ് പുറത്തു വരുന്നത്. വൈ.ആർ.എഫ് സ്‌പൈ യുനിവേഴ്‌സ് ചിത്രമായ വാർ 2 ലാണ് മൂവരും ഒന്നിക്കുന്നത്. സംവിധായകൻ അയാൻ മുഖർജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. നിലവിൽ ഫൈറ്റർ സിനിമയുടെ ചിത്രീകരണതിരക്കിലാണ് ഹൃത്വിക് റോഷൻ. ഉടൻ തന്നെ വാർ 2 ന്റെ ഭാഗമായേക്കുമെന്നും അയാൻ മുഖർജിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

വൈ.ആർ.എഫ് സ്‌പൈ യുനിവേഴ്‌സിന്റെ ആദ്യ ചിത്രമായ പത്താനിൽ സൽമാൻ ഖാൻ കാമിയോ റോളിൽ എത്തിയിരുന്നു. ഹൃത്വിക്കിന്റെ വാറിലും കാമിയോ റോളിലാവും എസ്. ആർ.കെയും സൽമാനും എത്തുക. അതേസമയം ടൈഗറും അണിയറയിൽ ഒരുങ്ങുകയാണ്. സൽമാൻ ഖാൻ ചിത്രത്തിൽ പത്താനായിട്ടാണ് ഷാറൂഖ് എത്തുക. ഹൃത്വിക് റോഷനും ചിത്രത്തിന്റെ ഭാഗമായേക്കും.

ഹൃത്വിക് റോഷനെ നായകനാക്കി യാഷ് രാജ് ഒരുക്കുന്ന സ്‌പൈ ത്രില്ലർ വാർ 2വിൽ ജൂനിയർ എൻടിആറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2024 തുടക്കത്തിലാകും സിനിമ തിയറ്ററുകളിൽ എത്തുക.