മലയാള സിനിമയില്‍ പ്രേഷകരുടെ ഇഷ്ട താരമാണ് ഐശ്വര്യ ലക്ഷ്മി.മായാനദി, വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ എന്നീ മൂന്ന് സിനിമകള്‍ ഹിറ്റായതോടെ ഐശ്വര്യയെ തേടി വലിയ അവസരങ്ങളെത്തി. തമിഴകത്തേക്കും തെലുങ്കിലേക്കും ഐശ്വര്യ കടന്നു. ഇന്ന് തെന്നിന്ത്യന്‍ സിനിമാ രംഗത്ത് തന്റേതായ സ്ഥാനം ഐശ്വര്യ ലക്ഷ്മിക്കുണ്ട്.

ഹലോ മമ്മിയാണ് ഐശ്വര്യയുടെ പുതിയ സിനിമ. ഷറഫുദീനാണ് ചിത്രത്തിലെ നായകന്‍. അതേസമയം തമിഴില്‍ തഗ് ലൈഫ് ആണ് ഐശ്വര്യയുടെ വരാനിരിക്കുന്ന സിനിമ. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ ഹാസനാണ് നായകന്‍. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയില്‍ ഐശ്വര്യ ലക്ഷ്മി നേരത്തെ അഭിനയിച്ചിട്ടുണ്ട്.

ഹലോ മമ്മിയുടെ പ്രെമോഷനിടെ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് താരം പറയുന്നത്. ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഐശ്വര്യ പറയുന്നു. അതേസമയം വീട്ടുകാരുടെ സമ്മര്‍ദ്ദം കാരണം ഒരു ഘട്ടത്തില്‍ വിവാഹത്തെക്കുറിച്ച് താന്‍ ആലോചിച്ചിരുന്നെന്നും താരം പറയുന്നു.

ഐശ്വര്യ ലക്ഷ്മി പറയുന്നതിങ്ങനെ.....

'എനിക്ക് വിവാഹം ചെയ്യേണ്ടെന്ന് ഞാനെപ്പോഴും പറഞ്ഞിട്ടുണ്ട്. ഞാന്‍ ആ ഇന്‍സിസ്റ്റിറ്റിയൂഷനില്‍ വിശ്വസിക്കുന്നില്ല. വെറുതെ പറഞ്ഞതല്ല. ഞാന്‍ ആലോചിച്ച് എടുത്ത തീരുമാനമാണ്. എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25 വയസിലും എന്നോട് ചോദിച്ചാല്‍ വിവാഹം എന്റെ സ്വപ്‌നമായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ താലി കെട്ടണം, തുളസി മാല വേണം എന്നൊക്കെയുള്ള പ്ലാനുണ്ടായിരുന്നു. അമ്മ ഗുരുവായൂരപ്പന്റെ ഭക്തയാണ്. എപ്പോഴും ഞങ്ങള്‍ ഗുരുവായൂരില്‍ പോകുമായിരുന്നു. എപ്പോഴും അവിടെ പോകുന്നത് കൊണ്ട് കുട്ടിക്കാലത്ത് എനിക്ക് മടുപ്പ് തോന്നി. വിനോങ്ങളില്ല.

അവിടെ കണ്ട കല്യാണങ്ങളില്‍ നിന്നാണ് എനിക്കീ സ്വപ്നങ്ങള്‍ വന്നത്. പിന്നീട് വളര്‍ന്നപ്പോള്‍ ചുറ്റുമുള്ള വിവാഹ ബന്ധങ്ങള്‍ കണ്ടു. ആളുകള്‍ സന്തോഷത്തില്‍ അല്ല. 34 വയസായി. ഈ വര്‍ഷത്തിനിടയില്‍ എനിക്കറിയാവുന്ന സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമേയുള്ളൂ. അവര്‍ മലയാളികള്‍ അല്ല. ബാക്കി എല്ലാവരിലും കോംപ്രമൈസുകളാണ് കണ്ടത്. പേഴ്‌സണല്‍ സ്‌പേസില്‍ അവര്‍ വളരുന്നില്ല. എനിക്ക് ബോധവും ബുദ്ധിയും വന്നപ്പോള്‍ ഇതല്ല എനിക്ക് വേണ്ടതെന്ന് മനസിലാക്കി

മുപ്പത് വയസിന് ശേഷം രണ്ട് വര്‍ഷത്തോളം വിവാഹം വേണമെന്ന് ഞാന്‍ ആ ഗ്രഹിച്ചിരുന്നു. ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം ചെയ്ത് കുട്ടികള്‍ വേണമെന്ന് കരുതി. പക്ഷെ അതായിരുന്നില്ല എനിക്ക് വേണ്ടത്. ഇങ്ങനെ ചിന്തിക്കാന്‍ കാരണം അതായിരുന്നു എപ്പോഴുമുള്ള സംസാരം. ഇടയ്ക്ക് സ്വന്തം പണമിട്ട് മാട്രിമോണിയില്‍ അക്കൗണ്ട് എടുത്തോ എന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. മാട്രിമോണിയലില്‍ ഞാനുണ്ടായിരുന്നു. ദൈവത്തിന് നന്ദി, ആളുകള്‍ ഫേക്ക് പ്രൊഫൈലാണെന്ന് കരുതിയെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.