കൊച്ചി: 'മാർക്കോ'യുടെ ആദ്യ​ഗാനം ബാൻ ചെയ്തിരിക്കുകയാണ് യുട്യൂബ്. മലയാളത്തിലെ മോസ്റ്റ് വലയന്റ ഫിലിം എന്ന ലേബലിനോട് നൂറ് ശതമാനം കൂറ് പുലർത്തുന്നതാവും ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' എന്നാണ് മനസ്സിലാക്കേണ്ടത്. ചിത്രത്തിന്റെ 'ബ്ലഡ്' എന്ന ​ഗാനം എക്സ്ട്രീം വൈലൻസ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് യുട്യൂബ് നടപടിയെന്ന് അണിയറപ്രവർത്തകർ പറയുന്നു. ​നിർദ്ദേശങ്ങൾ പാലിച്ച് ​ഗാനം ഉടൻ റിലീസ് ചെയ്യുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

ഇന്നായിരുന്നു ​മാർക്കോയുടെ ആദ്യ​ഗാനം റിലീസ് ചെയ്തത്. പുറത്തിറങ്ങി മുപ്പത് മിനിറ്റിനുള്ളിൽ തന്നെ ​ഗാനം യുട്യൂബ് ബാൻ ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, ബ്ലഡ് ​ഗാനം കണ്ടവരെല്ലാം ​ഗംഭീര അഭിപ്രായം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സലാർ, കെജിഎഫ് ഫ്രാഞ്ചൈസികളിൽ ​അതി​ഗംഭീരമായ സം​ഗീതം ഒരുക്കിയ രവി ബസ്റൂർ ആണ് മാർക്കോയിലും പാട്ടൊരുക്കുന്നത്. ഡബ്സി ആലപിച്ച് ഗാനത്തിന് വിനായക് ശശികുമാർ വരികളെഴുതിയിരിക്കുന്നത്. ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് സ്വന്തമാക്കിയിരിക്കുകയാണ്.

ചിത്രത്തിന്റെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, തമിഴ് ടീസറുകൾ പുറത്തിറങ്ങിയിരുന്നു. തെലുങ്ക് ടീസര്‍ അനുഷ്ക ഷെട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്. ഹിന്ദി ടീസര്‍ നേരത്തെ ബോളിവുഡ് താരം ജോണ്‍ എബ്രഹാം പുറത്തിറക്കിയിരുന്നു. 30 കോടി ബജറ്റില്‍ ഫുൾ പാക്കഡ്‌ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്.

'മോസ്റ്റ് വയലന്റ് ഫിലിം' എന്ന ലേബലിനോട് നൂറ്റൊന്ന് ശതമാനം കൂറുപുലര്‍ത്തുന്ന ചിത്രമായിരിക്കും മാര്‍ക്കോ എന്ന് ഉറപ്പിക്കുന്നതായിരുന്നു ടീസര്‍. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മലയാളികൾക്കിടയിൽ സജീവ ചർച്ചയായി മാറി കഴിഞ്ഞു.

സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിൽ ഏഴ് സംഘട്ടന രംഗങ്ങളാണുള്ളത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്.