ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർതാരം വിജയ് ദേവരകൊണ്ടയുടെ പരാതിയിൽ യൂട്ഊബർ അറസ്റ്റിൽ. ഒരു നടിയേയും താരത്തേയും ചേർത്ത് അശ്ലീല വീഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇയാൾ. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസിൽ വിജയ് പരാതി നൽകുകയായിരുന്നു. അനന്ത്പുർ സ്വദേശിയായ യൂട്യൂബറാണ് അറസ്റ്റിലായത്.

ഒരു നടിയേയും തന്നെയും ചേർത്ത് യൂട്യൂബ് ചാനലിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു എന്നാണ് താരം പരാതിയിൽ പറയുന്നത്. സിനിപോളിസ് എന്ന ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. താരം പരാതി നൽകിയതിനു പിന്നാലെ പൊലീസ് വീഡിയോ നീക്കം ചെയ്തു. സംഭവത്തിൽ പ്രതികരണവുമായി താരത്തിന്റെ ടീം രംഗത്തെത്തി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരാൾ വിജയ്യെയും മറ്റൊരു നടിയെയും കുറിച്ച് അശ്ലീല വാർത്തകൾ പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതിനേ തുടർന്ന് പൊലീസ് ഉടൻ നടപടി സ്വീകരിച്ചു. ഇത് നിർമ്മിച്ച യൂട്യൂബറെ കണ്ടെത്തി കൗൺസിലിംഗിന് വിധേയനാക്കുകയും വീഡിയോകൾ ഡിലീറ്റ് ചെയ്യിപ്പിച്ചശേഷം വിട്ടയച്ചുവെന്നും നടന്റെ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരഒതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും കൂട്ടിച്ചേർത്തു.