പ്രമുഖ യൂട്യൂബറും 'സിലു ടോക്സ്' എന്ന വ്ലോഗിലൂടെ ശ്രദ്ധേയയായ സൽഹ, താൻ ഭർത്താവുമായി വേർപിരിഞ്ഞതായി വെളിപ്പെടുത്തി. താനും അഞ്ച് മക്കളും നിലവിൽ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും സൽഹ പുതിയ വ്ലോഗിലൂടെ പ്രേക്ഷകരെ അറിയിച്ചു.

2006-ലായിരുന്നു സൽഹയുടെ വിവാഹം. അന്ന് 17 വയസ്സും മൂന്നു മാസവുമായിരുന്നു സൽഹയ്ക്ക് പ്രായം. 20 വർഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. കഴിഞ്ഞ 10-15 വർഷമായി ഭർത്താവുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും, "എല്ലാം കൈവിട്ടുപോകുന്ന അവസ്ഥ വന്നപ്പോഴാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്" എന്നും സൽഹ വ്ലോഗിൽ വിശദീകരിച്ചു.

എന്തുകൊണ്ടാണ് ഈ വിവരം നേരത്തെ പുറത്തുപറയാതിരുന്നതെന്ന ചോദ്യങ്ങൾക്കും സൽഹ മറുപടി നൽകി. താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന കാര്യം പുറംലോകത്തെ അറിയിക്കുന്നത് സുരക്ഷാ ആശങ്കകൾക്ക് ഇടയാക്കുമെന്ന് പലരും ഉപദേശിച്ചിരുന്നതായി അവർ പറഞ്ഞു. "കുറുവ സംഘമൊക്കെയുള്ള കാലമല്ലേ, എന്നെയും മക്കളെയും തലയ്ക്കടിച്ച് കൊന്നാലോ എന്നൊക്കെയുള്ള ഭയമുണ്ട്," സൽഹ കൂട്ടിച്ചേർത്തു. ഭർത്താവിനെക്കുറിച്ചുള്ള നിരന്തരമായ ചോദ്യങ്ങൾ ഉയർന്നതിനാലാണ് ഈ വെളിപ്പെടുത്തൽ ഇപ്പോൾ നടത്തേണ്ടി വന്നതെന്നും, ഈ വിഷയത്തെക്കുറിച്ച് പറഞ്ഞ് പണമുണ്ടാക്കാൻ താൽപര്യമില്ലെന്നും സൽഹ വ്യക്തമാക്കി.

പഠിച്ച് ജോലി നേടണമെന്നായിരുന്നു സൽഹയുടെ ആഗ്രഹം. എന്നാൽ അതിനുള്ള സാഹചര്യങ്ങൾ അന്ന് ലഭിച്ചില്ല. യൂട്യൂബ് നോക്കി പഠിച്ചാണ് സൽഹ വീഡിയോകൾ നിർമ്മിക്കാൻ തുടങ്ങിയതും 'സിലു ടോക്സ്' എന്ന വ്ലോഗിലൂടെ പ്രശസ്തയായതും.