മുംബൈ: ആമിർ ഖാന്റെ മകളുടെ വേഷത്തിൽ ബോളിവുഡ് അരങ്ങേറ്റം. ദംഗൽ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാപ്രേമികളുടെ മനം കവർന്ന താരമാണ് സൈറ വസീം. പിന്നീട് സൈറ സിനിമ അഭിനയം അവസാനിപ്പിക്കുകയായിരുന്നു. മതപരമായ കാരണങ്ങൾ പറഞ്ഞായിരുന്നു സൈറയുടെ പിൻവാങ്ങൽ. സിനിമ ഉപേക്ഷിച്ചെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സൈറയുടെ പുതിയ ട്വീറ്റാണ്.

മുഖപടം ഉപയോഗിക്കുന്നതിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിന് മറുപടി നൽകുകയായിരുന്നു താരം. മുഖംപടം നീക്കാതെ ഭക്ഷണം കഴിക്കേണ്ടിവരുന്നത് ഒരു മനുഷ്യന്റെ തിരഞ്ഞെടുപ്പാണോ എന്നാണ് ഒരാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തന്റെ അനുഭവമാണ് സൈറ അതിന് മറുപടിയായി കുറിച്ചത്.

ഒരു വിവാഹത്തിൽ പങ്കെടുത്തു. ഇതുപോലെ തന്നെ ഭക്ഷണം കഴിച്ചു. അത് എന്റെ മാത്രം തെരഞ്ഞെടുപ്പാണ്. മുഖംപടം മാറ്റാൻ എന്റെ കൂടെയുണ്ടായിരുന്നവർ എല്ലാം പറഞ്ഞിട്ടും ഞാനത് ചെയ്തില്ല. ഞങ്ങൾ ഇത് ചെയ്യുന്നത് നിങ്ങൾക്ക് വേണ്ടിയല്ല. ഇത് സഹിച്ചോളൂ.- എന്നാണ് സൈറ വസിം കുറിച്ചത്. പോസ്റ്റിന് താഴെ സൈറയെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് വരുന്നത്.

2016ൽ ദംഗൽ സിനിമയിലൂടെ അരങ്ങേറിയ സൈറ 2019ലാണ് സിനിമ ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയത്. സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രത്തിൽ സൈറ ശക്തമായ വേഷത്തിൽ എത്തിയിരുന്നു. അതിനു പിന്നാലെ പ്രിയങ്ക ചോപ്രയ്ക്കൊപ്പം ദി സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലും അഭിനയിച്ചു.