തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ കണ്ട അനുഭവം പങ്കുവച്ച് പ്രമുഖ സ്റ്റാൻഡ്അപ് കൊമേഡിയൻ സക്കീർ ഖാൻ. മുംബൈയിലെ വിമാനത്താവളത്തിൽ വച്ചുള്ള അപ്രതീക്ഷിത കൂടിക്കാഴ്‌ച്ചയെ കുറിച്ചാണ് സക്കീർ വിവരിച്ചത്. സക്കീറിനോട് വിശേഷങ്ങൾ തിരക്കിയ താരം അവസാനം സ്വന്തം ഫോൺ നമ്പർ നൽകിയെന്നും സക്കീർ പറഞ്ഞു.

കൊച്ചിയിൽ പരിപാടി അവതരിക്കാൻ എത്തുന്നുണ്ട് എന്ന് അറിഞ്ഞതോടെയാണ് താരം നമ്പർ നൽകി ഞെട്ടിച്ചത്. എവിടെയാണ് പരിപാടി അവതരിപ്പിക്കുന്നത് എന്നത് അടക്കമുള്ള കാര്യങ്ങൾ ലാൽ തിരിക്കിയെന്നാണ് സക്കീർ പറഞ്ഞത്. സക്കീർ തന്നെയാണ് മോഹൻലാലുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മോഹൻലാലുമായുള്ള സംഭാഷണമാണ് അദ്ദേഹം പോസ്റ്റിൽ ചേർത്തത്.

സക്കീർ ഖാന്റെ കുറിപ്പ് വായിക്കാം:

മോഹൻലാൽ സാറിനെ കണ്ടു, ധന്യനായി. മുംബൈ വിമാനത്താവളത്തിലെ ലോഞ്ചിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. ഒരു ആരാധകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയ എന്നോട് അദ്ദേഹം സംസാരിക്കുകയായിരുന്നു.

മോഹൻലാൽ: എവിടേക്കാണ് താങ്കളുടെ യാത്ര?

ഞാൻ: നാഗ്പുരിലേക്ക്

മോഹൻലാൽ: നിങ്ങൾ എന്തു ചെയ്യുന്നു?

ഞാൻ: സർ, ഞാനൊരു സ്റ്റാൻഡ്അപ് കൊമേഡിയനാണ്. ഷോകളുടെ ഭാഗമായുള്ള യാത്രയിലാണ്.

മോഹൻലാൽ: താങ്കളും ഒരു കലാകാരൻ ആണെന്നറിഞ്ഞതിൽ സന്തോഷം

ഞാൻ: സർ, അങ്ങ് മുംബൈയിലാണോ താമസം?

മോഹൻലാൽ: അല്ല, ചെന്നൈയിലും കൊച്ചിയിലുമായാണ് ഞാൻ താമസിക്കുന്നത്. നിങ്ങൾ കൊച്ചിയിൽ പെർഫോം ചെയ്തിട്ടുണ്ടോ?

ഞാൻ: ഇല്ല, ഇതുവരെ ഇല്ല. പക്ഷേ അടുത്ത ആഴ്ച ഒരു ഷോ ആദ്യമായി അവിടെ ചെയ്യുന്നുണ്ട്.

മോഹൻലാൽ: (ആവേശഭരിതനായി) എവിടെ???

ഞാൻ: ആ ഓഡിറ്റോറിയത്തിന്റെ പേര് മറന്നുപോയി. രാജ്യത്തെ ഏറ്റവും പുതിയതും ഹൈ ടെക്കുമായ ഒരു സ്ഥലമാണത്.

മോഹൻലാൽ: എനിക്ക് ആ സ്ഥലം അറിയാമെന്നു തോന്നുന്നു

ഞാൻ: ഓ, അങ്ങനെയാണോ

മോഹൻലാൽ: അതെ, ഞാനാണ് ആ സ്ഥലം സ്ഥാപിച്ചത്. ഇതാണ് എന്റെ നമ്പർ. എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കൂ.

ഞാൻ: തീർച്ചയായും, വളരെ നന്ദി സർ.

 
 
 
View this post on Instagram

A post shared by Zakir khan (@zakirkhan_208)

മോഹൻലാലിന്റെ തന്നെ ഉടമസ്ഥതയിലുള്ള തൃപ്പൂണിത്തുറയിലെ ജെറ്റി പെർഫോമിങ്ങ് ആർട്‌സിലാണ് സക്കീർ ഷോ അവതരിപ്പിക്കുന്നത്. പോസ്റ്റിനു താഴെ മോഹൻലാലിനെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. സ്‌നേഹസമ്പന്നനായ മികച്ച മനുഷ്യനാണ് അദ്ദേഹം എന്നാണ് പലരുടേയും കമന്റുകൾ.