ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ചിത്രങ്ങളിലെ സംഗീതം ഗ്രാമി പുരസ്‌കാരത്തിന് പരിഗണിക്കുന്നതിനായി സമര്‍പ്പിച്ച് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. ബെസ്റ്റ് കോംപിലേഷന്‍ ഫോര്‍ വിഷ്വല്‍ മീഡിയ വിഭാഗത്തിലേക്ക് ആവേശവും ബെസ്റ്റ് സ്‌കോര്‍ സൗണ്ട്ട്രാക്ക് ഫോര്‍ വിഷ്വല്‍ മീഡിയ വിഭാഗത്തിലേക്ക് മഞ്ഞുമ്മലുമാണ് സുഷിന്‍ അയച്ചിരിക്കുന്നത്. സുഷിന്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.



സുഷിന്റെ പോസ്റ്റിന് സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ പുരസ്‌കാരം സുഷിന്‍ സ്വന്തമാക്കുന്നതിനായി കാത്തിരിക്കുന്നതായി പലരും കുറിച്ചു. 'ആന്‍ഡ് ദി ഗ്രാമി ഗോസ് ടു...', 'ഗ്രാമി പോരട്ടെ', 'ഇത് സുഷിന്‍വുഡ്' ഇങ്ങനെ പോകുന്നു സുഷിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകള്‍. മലയാളത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട് ആവേശത്തിലെയും മഞ്ഞുമ്മല്‍ ബോയ്സിലെയും ഗാനങ്ങള്‍. ഒപ്പം ഇരുസിനിമകള്‍ക്കും സുഷിന്‍ നല്‍കിയ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുസിനിമകളുടെയും നട്ടെല്ല് എന്നാണ് സുഷിന്റെ സംഗീതത്തെ പലരും വിശേഷിപ്പിച്ചതും.

നിലവില്‍ ബോഗയ്ന്‍വില്ലയാണ് സുഷിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയിലെ രണ്ട് ഗാനങ്ങള്‍ ഇതിനകം റിലീസ് ചെയ്തിട്ടുണ്ട്. 'സ്തുതി...', 'മറവികളെ...' എന്നീ രണ്ടുഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു. കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഈ മാസം 17 ന് തിയേറ്ററുകളിലെത്തും.