- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയുടെ വർഷം; നാലിൽ മൂന്നും വിജയ ചിത്രങ്ങൾ; ഇരുനുറിലേറെ ചിത്രങ്ങളിൽ മുടക്കുമുതൽ തിരിച്ചുപിടിച്ചത് വെറും 13; സൂപ്പർഹിറ്റുകൾ നാലെണ്ണം; മൂന്നുദിവസംപോലും തികക്കാതെ നൂറിലേറെ ചിത്രങ്ങൾ; നഷ്ടം 750 കോടി; പ്രതീക്ഷ വെബ് സീരീസുകളിൽ; മലയാള സിനിമയുടെ 2023 ബാലൻസ് ഷീറ്റ്
മികച്ച നടനുള്ള അവാർഡ് വീണ്ടും മമ്മൂട്ടിക്ക് നേടിക്കൊടുത്ത, നൻപകൽ നേരത്ത് മയക്കം, സൂപ്പർ ഹിറ്റായ കണ്ണൂർ സ്ക്വാഡ്, അഭൂതപുർവമായ നിരൂപക പ്രശംസയും ഒപ്പം മോശമില്ലാത്ത തീയേറ്റർ കളക്ഷനും നേടിയ കാതൽ ദി കോർ. അഭിനയിച്ച നാലിൽ മൂന്നും വിജയ ചിത്രങ്ങൾ. ഈ 72-ാം വയസ്സിലും മലയാള ചലച്ചിത്ര വ്യവസായത്തിന്റെ നെടുംതൂൺ താൻ തന്നെയാണെന്ന് തെളിയിക്കയാണ് നടൻ മമ്മൂട്ടി. ശരിക്കും മമ്മൂട്ടിയുടെ വർഷം തന്നെയായിരുന്നു 2023ലെ മലയാള സിനിമ.
പക്ഷേ മൊത്തത്തിൽ നോക്കുമ്പോൾ, കഴിഞ്ഞ രണ്ടുപതിറ്റാണ്ട് കാലത്തെപ്പോലെ നഷ്ടത്തിന്റെ കണക്കാണ് ഇപ്പോഴും തിരമലയാളത്തിന് പറയാനുള്ളത്. ഈ വർഷം മൊത്തം 750 കോടിയിലേറെ രൂപയുടെ സഞ്ചിത നഷ്ടം ഉണ്ടാവുമെന്നാണ് ഫിലിം ചേംബറിന്റെ വിലയിരുത്തൽ. ഇതുവരെ റിലീസായ 209 സിനിമകളിൽ നിർമ്മാതാവിന് മുടക്കു മുതൽ തിരിച്ചു നൽകിയത് 15 സിനിമകൾ മാത്രം. മോഹൻലാലിന്റെ ജീത്തുജോസഫ് ചിത്രം നേര്, മീരാജാസ്മിൻ - നരേൻ ജോടിയുടെ ക്വീൻ എലിസബത്ത് തുടങ്ങിയ സിനിമകളുൾപ്പെടെ ഇനി ഈ വർഷം 10 സിനിമകളെങ്കിലും റിലീസിനെത്തുമ്പോൾ ആകെ സിനിമകളുടെ എണ്ണം 220 കടക്കും.
കഴിഞ്ഞ വർഷം 176 സിനിമകളാണ് റിലീസ് ചെയ്തത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. ഒരാഴ്ചയിൽ 18 സിനിമകൾ വരെ റിലീസ് ചെയ്യേണ്ട അവസ്ഥയിലായിരുന്നു നിർമ്മാതാക്കൾ. പോസ്റ്ററൊട്ടിച്ച പൈസ പോലും കിട്ടാത്ത സിനിമകളാണേറെ. നൂറിലേറെ ചിത്രങ്ങൾ ഒരാഴ്ചപോലും തീയേറ്ററിൽ കളിച്ചിട്ടില്ല. എന്തിനാണ് ഇങ്ങനെ പടം ഇറക്കുന്നത് എന്നുപോലും മനസ്സിലാവുന്നില്ല.
പക്ഷേ ഇന്ത്യയിൽ ചലച്ചിത്ര വ്യവസായം കൂടുതൽ ശക്തിപ്പെട്ട കാലമായിരുന്നു ഇത്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ സിനിമ കണ്ടത് 2023 ഓഗസ്റ്റിലാണ്! മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (എംഎഐ), പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും നൽകുന്ന കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ആഗസ്റ്റിൽ 10 കോടിപേരാണ് ഈ മാസം തീയേറ്റിലേക്ക് എത്തിയത്. ഒടിടി റിലീസിന്റെയും, സാറ്റലൈറ്റ് ചാനലുകളുടെയും വ്യാപനം കാരണം തകർന്നുപോവുമെന്ന് കരുതിയ ഇന്ത്യൻ തീയേറ്റർ വ്യവസായത്തിന് ഇതോടെ പുതിയ ഉണർവ് വന്നിരിക്കയാണ്. അതിന് കാരണക്കാരനായത് അവട്ടെ, രജനീകാന്ത് എന്നേ ഒരേ ഒരു നടനും. ഈ 73ാം വയസ്സിൽ സ്റ്റെൽ മന്നൻ എടുത്ത ജയിലർ സിനിമ ഇന്ത്യയൊട്ടാകെ തരംഗം തീർക്കയാണ്. ജയിലർ, ഗദർ 2, ഒഎംജി 2 , ഭോല ശങ്കർ തുടങ്ങിയ സമീപകാല റിലീസുകൾ ഒന്നിച്ച് 1000 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് ചെയ്തതായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും അറിയിച്ചു. ഈ സമയത്ത് മലയാള സിനിമയിൽ നഷ്ടങ്ങളുടെ കണക്കാണ് പറയാനുള്ളത്.
സുപ്പർ ഹിറ്റുകൾ എന്ന് വിളിക്കാവുന്ന നാല് ചിത്രങ്ങളാണ് ഇത്തവണ ഇറങ്ങിയത്. ജൂഡ് ആന്തണി ജോസഫിന്റെ 2018, റോബി വർഗീസിന്റെ കണ്ണൂർ സ്ക്വാഡ്, നഹാസ് ഹിദായത്തിന്റെ ആർഡിഎക്സ്, ജിത്തുമാധവന്റെ രോമാഞ്ചം. (2022 ഡിസംബർ 29ന് റിലീസ് ചെയ്ത് മാളികപ്പുറവും മികച്ച കലക്ഷൻ നേടിയത് 2023ലാണ്.) സുരേഷ് ഗോപിയുടെ തിരിച്ചുവരവിന് ഇടയാക്കിയ ഗുരുഡൻ എന്ന ചിത്രത്തെയും ഹിറ്റ് ചാർട്ടിൽ ഉൾപ്പെടുത്താം.
ഇപ്പോൾ നെറ്റ് ഫ്ളിക്സിൽ ട്രൻഡിങ്ങ് ആയ കല്യാണി പ്രിയദർശൻ നായികയായ ശേഷം മൈക്കിൽ ഫാത്തിമയും ഹിറ്റ്ലിസ്റ്റിൽ വരും. നൻപകൽ നേരത്ത് മയക്കം, നെയ്മർ, പ്രണയവിലാസം, പാച്ചുവും അത്ഭുതവിളക്കും, പൂക്കാലം, ഫാലിമി, കാതൽ, മധുര മനോഹര മോഹം, സോമന്റെ കൃതാവ് തുടങ്ങിയ ചിത്രങ്ങളും മുടക്കുമുതൽ തിരിച്ച് പിടിച്ചിട്ടുണ്ട്.
ജനപ്രളയമുണ്ടാക്കിയ 2018
ഒരു കൊച്ചു മലയാള ചിത്രത്തിന് 200 കോടിയോളം കളക്ഷൻ വരുക. രണ്ടുമാസത്തോളം അത് തീയേറ്ററിൽ ഹൗസ് ഫുള്ളായി പ്രദർശനം നടത്തുക. അത്തരം ഒരു അപൂർവമായ അത്ഭുതമാണ് 2018എന്ന ജൂഡ് ആന്റണി ജോസഫ് ചിത്രത്തിലൂകെ കണ്ടത്. 2018-ലെ മഹാപ്രളയം പ്രമേയമാക്കി അവതരിക്കപ്പെട്ട ചിത്രത്തിലേക്ക് മഹാപ്രളയം പോലെ കാണികൾ കുത്തിയൊഴികി. ആ സമയത്ത് ഈച്ച ആട്ടിക്കൊണ്ടിരുന്ന കേരളത്തിലെ തിയറ്റർ ഉടമകൾക്ക് വലിയ ആശ്വാസമാതിരുന്നു ഈ ചിത്രം. 2018-ലെ ഓഗസ്റ്റ് മാസം കേരളത്തിലെ ഓരോരുത്തരും അനുഭവിച്ച ദുരിതം എത്ര മാത്രമായിരുന്നുവെന്ന് ഒട്ടും അതിശയോക്തിയില്ലാതെ, അതിമാനുഷികരല്ലാത്ത കഥാപാത്രങ്ങളിലൂടെ ചിത്രം കാണിച്ചുതരുന്നു.
പട്ടാളത്തിൽ നിന്ന് പേടിച്ചോടി പിന്നീട് നാടിന്റെ യഥാർത്ഥ ഹീറോയായി മാറുന്ന അനൂപ് എന്ന ചെറുപ്പക്കാരനായി ടൊവിനോ തോമസ് പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവച്ചത്. ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവായി സുധീഷ് പ്രേക്ഷകനെ കരയിച്ചു. കുഞ്ചാക്കോ ബോബന്റെ ഷാജി, നരേന്റെ വിൻസ്റ്റൺ, ആസിഫ് അലിയുടെ നിക്സൺ, ലാലിന്റെ മാത്തച്ചൻ, ഇന്ദ്രൻസിന്റെ ദാസ്, അപർണ ബാലമുരളിയുടെ ജേർണലിസ്റ്റ് നൂറ തുടങ്ങിയ കഥാപാത്രങ്ങൾ പ്രളയം നേരിട്ട കേരളത്തിലെ ജനങ്ങളുടെ പ്രതിനിധികളായി തിയറ്ററിൽ വിസ്മയപ്രകനം കാഴ്ചവച്ചു.
പ്രളയവും അണ്ടർ വാട്ടർ രംഗങ്ങളും വിഎഫ്എക്സ് രംഗങ്ങളും പ്രാണഭീതി നിറഞ്ഞ നിലവിളികളും അതിജീവനവും എല്ലാം തന്നെ മികച്ച നിലവാരം പുലർത്തി. വൈക്കത്ത് മറവന്തുരുത്തിൽ പന്ത്രണ്ട് ഏക്കർ സെറ്റിട്ടാണ് വെള്ളപ്പൊക്ക രംഗങ്ങളും മറ്റും ചിത്രീകരിച്ചത്. യഥാർഥ വെള്ളപ്പൊക്കം അതുപോലെ തന്നെ സംവിധായകൻ സിനിമയ്ക്കായി സൃഷ്ടിക്കുകയായിരുന്നു. പാട്ടുകളും ബിജിഎമ്മും ഇമോഷനൽ ഫീൽ നിലനിർത്തി സിനിമയുടെ നട്ടെല്ലായി മാറി. ഒരു ദുരന്തകാലം ഒപ്പിയെടുത്ത് വീണ്ടും പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കിയതിൽ അഖിൽ ജോർജിന്റെ ഛായാഗ്രഹണം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്ന് ചിത്രം 1.85 കോടിയാണ് ചിത്രം നേടിയത്. ഒരു മൾട്ടിസ്റ്റാർ ചിത്രത്തിന്റെ പ്രതീതിയാണ് പടം സമ്മാനിച്ചത്. ചിത്രത്തിന്റെ ഓസ്കർ നാമനിർദ്ദേശവും മലയാളത്തിന് അഭിമാനിക്കാവുന്ന നേട്ടവുമായി.
ആർഡിഎക്സിന്റെ രോമാഞ്ചം!
ചുരുങ്ങിയ ബജറ്റിൽ എടുത്ത രണ്ട് കൊച്ചുചിത്രങ്ങൾ. അവ രണ്ടും അപ്രതീക്ഷിത സൂപ്പർ ഹിറ്റുകളായി. അതാണ്, നവാഗത സംവിധയാകരായ നഹാസ് ഹിദായത്തിന്റെ ആർഡിഎക്സും, ജിത്തുമാധവന്റെ രോമാഞ്ചവും. സൗബിൻ ഹാഹിറിനെ നായകനാക്കി ഒരു ചങ്ങാതിക്കുട്ടത്തിന്റെ കഥ പറഞ്ഞ രോമാഞ്ചം, അടിക്കടിയുള്ള ഫ്ളോപ്പുകൾക്കിടയിൽ തീയേറ്ററുകൾ നിറച്ച ചിത്രമായിരുന്നു. അഞ്ച് കോടി രൂപയിൽ താഴെയാണ് മുതൽമുടക്കിലെടുത്ത ചിത്രം, റിലീസ് ചെയ്ത് 23 ദിവസം കൊണ്ട് 50 കോടി ക്ലബിലെത്തി.
സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവൻ രചനയും സംവിധാനവും ചെയ്ത ചിത്രം ഹൊറർ കോമഡി ത്രില്ലറാണ്. 'രോമാഞ്ചം' തിയറ്ററിലെത്തുന്നതിനു മുമ്പ് നിർമ്മാതാവ് ജോൺപോൾ ജോർജ് ഒരു വികാര നിർഭരമായ കുറിപ്പ് പങ്കുവെച്ചിരുന്നു. ''രോമാഞ്ചം വെള്ളിയാഴ്ച തിയറ്ററിൽ വരുകയാണ്, കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകർക്കപ്പെടുകയും ചെയ്തപ്പോൾ ജീവിതവും കരിയറുമെല്ലാം പണയത്തിലായി. ഇനി നിങ്ങൾ പ്രേക്ഷകരിൽ മാത്രമാണ് ഏക പ്രതീക്ഷ.
നിങ്ങൾക്ക് മുന്നിൽ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്, എന്റെ ആത്മാഭിമാനം അതിനനുവദിക്കുന്നില്ല, നിങ്ങൾക്കും അതിഷ്ടമാവില്ല.....അതുകൊണ്ട് ചോദിക്കുവാ, അന്ന് ഗപ്പി തിയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ..... അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാൻ ഉപയോഗിച്ചാൽ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും.ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല.''ജോൺ പോളിന്റെ ഈ വാക്കുകൾ സിനിമാപ്രേമികൾ ഒന്നടങ്കം ഏറ്റെടുത്തു. ഫെബ്രുവരി 3ന് തീയേറ്റുകൾ എത്തിയ ചിത്രം ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റായി മാറി.
വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ആർഡിഎക്സ് എന്ന കൊച്ചു ചിത്രത്തിന്റെയും വരവ്. നഹാസ് ഹിദായത്ത് എന്ന സംവിധായകനെ നടൻ ഷെയിൻ നിഗം അപമാനിച്ചതിന്റെ പേരിലായിരുന്നു. വിവാദം ആരും മറന്നിട്ടുണ്ടാവില്ല. തനിക്ക് പ്രാധാന്യം കുറയുന്നുണ്ടോ എന്ന് അറിയാൻ ഓരോ ഷൂട്ടിനുശേഷവും ഷെയിൻനിഗത്തിന്റെ അമ്മയും സഹോദരിയും എഡിറ്റ് കാണുകയും, സംവിധായകനെ പരിഹസിക്കുന്ന രീതിയിൽ കമന്റുകൾ പറഞ്ഞുവെന്നതും വിവാദമായിരുന്നു. ഇതിനെതിരെ ഫെഫ്ക പരസ്യമായി രംഗത്ത് എത്തുകയും ബി ഉണ്ണിക്കൃഷ്ണൻ വാർത്താ സമ്മേളനം വിളിക്കുകയും, പിന്നീട് ഷെയിൻ നിഗത്തെ വിലക്കിയതായി വാർത്ത വന്നതൊക്കെ ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു.
എന്നാൽ ശരിക്കും പണി അറിയുന്ന പയ്യനാണ് നിഹാസ് എന്ന് ആർഡിഎക്സ് കണ്ടാപ്പോൾ മനസ്സിലായി. ആർഡിഎക്സ് പോലെ മാരക സ്ഫോടനശേഷിയുള്ള ചിത്രംമായി ഇത് തീയേറ്റിറിൽ കൈയടിയുടെ സ്ഫോടനം സൃഷ്ടിച്ചു. ആക്ഷൻ, പ്രണയം, ഡാൻസ്, പാട്ട്, കോമഡി എന്നിങ്ങനെയുള്ള എല്ലാ ഫെസ്റ്റിവൽ ചേരുമ്പടികളും ചേർത്തുള്ള ചിത്രം ശരിക്കും ഓണക്കാലം തൂക്കി.
ആർഡിഎക്സ് എന്ന തലക്കെട്ടുവന്ന, റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്നു ചെറുപ്പക്കാരുടെ കഥാപാത്രങ്ങൾക്കും ചിത്രത്തിൽ ഏറെക്കുറേ തുല്യപരിഗണനയാണ്. ഷെയിൻ നിഗം തന്നെയാണ് നായകൻ എങ്കിലും, ആന്റണി വർഗീസിനിയെും, നീരജ് മാധവിനെയും മൂലക്കിരുത്തുന്ന വൺമാൻഷോ ചിത്രത്തിലില്ല. വെറും മൂന്ന് ആഴ്ചക്കുള്ളിൽ തന്നെ ചിത്രം 50 കോടി ക്ലബിൽ എത്തുകയും ചെയ്തു.
മമ്മൂട്ടി: കരുത്തിന്റെ കാതൽ
സൂപ്പർ താരങ്ങളിൽ തിളങ്ങി നിന്നത് മമ്മൂട്ടി തന്നെയായിരുന്നു. ക്രിസ്റ്റഫർ എന്ന ചിത്രം മാത്രമാണ്, ഈ വർഷം മമ്മൂട്ടിപ്പടങ്ങളിൽ പരാജയമായത്. ലിജോജോസ് പെല്ലിശ്ശേരിയുടെ 'നൽപകൽ നേരത്ത് മയക്കം', സംസ്ഥാന അവാർഡ് വീണ്ടും മമ്മൂട്ടിയിൽ എത്തിച്ചു. ചിത്രത്തിന്റെ തീയേറ്റർ കളക്ഷനും മോശമായിരുന്നില്ല. നിരവധി വിദേശ ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു.
അതുപോലെ മമ്മൂട്ടിക്കമ്പനി തന്നെ നിർമ്മിച്ച കണ്ണൂർ സ്ക്വാഡും വൻ വിജയമായിരുന്നു. വലിയ ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തിൽ ചിത്രം 80 കോടിയിലധികം നേടിയെന്നാണ് കണക്കുകൾ. റോബി വർഗീസ് രാജ് സംവിധായകനായി തുടക്കം മികച്ചതാക്കി. മികച്ച ഒരു ത്രില്ലർ എന്ന പേര് ഈ ചിത്രത്തിന് കിട്ടി. മമ്മൂട്ടി ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായി വിസ്മയിപ്പിക്കുന്നു. ജോർജ് മാർട്ടിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉത്തരേന്ത്യയിലേക്ക് ഒരു കേസ് അന്വേഷണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കണ്ണൂർ സ്ക്വാഡിൽ പറയുന്നത്.
തുടർന്ന് വന്ന ജിയോബേബിയുടെ കാതൽ ദി കോറും ശരിക്കും പ്രേക്ഷകരെ ഞെട്ടിച്ചു. ഒരു സ്വവർഗാനുരാഗിയായി ആരും ചെയ്യാൻ മടിക്കുന്ന കഥാപാത്രത്തെയാണ്, ഈ നടൻ സ്വന്തം ഇമേജ് ഒട്ടും ഗൗനിക്കാതെ സ്വീകരിച്ചത്.പൊതുവെ സദാചാര സമൂഹമായ മലയാളികൾക്കിടയിൽ, ഉത്തമഗൃഹനാഥനായ 'വല്യേട്ടൻ' കുടുംബ സങ്കൽപ്പങ്ങളുടെ ഐക്കൺ കൂടിയായിരുന്നു മമ്മൂട്ടി. പക്ഷേ ഇപ്പോൾ ആ ഇമേജും അദ്ദേഹം ബ്രേക്ക് ചെയ്യുകയാണ്.നടൻ പൃഥ്വിരാജ് ഒരിക്കൽ പറഞ്ഞിരുന്നു. ''പ്രായം വെച്ചുനോക്കുകയാണെങ്കിൽ മമ്മൂട്ടി അദ്ദേഹത്തിന്റെ എഴുപതുകളിലാണ് ഏറ്റവും മികച്ച സിനിമകൾ ചെയ്യുക എന്ന്.''. ആ നിരീക്ഷണം അച്ചട്ടാണെന്ന് തെളിയിക്കുന്നതാണ്, ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം. ഗൾഫ് രാജ്യങ്ങളിൽ ചിത്രം നിരോധിച്ചെങ്കിലും, അമേരിക്കയിലും യൂറോപ്പിലുമടക്കം ചിത്രത്തിന് വിപണി തുറക്കയാണ്. വെറും മൂന്ന് കോടി മുടക്കിലെടുത്ത ചിത്രം ഇപ്പോൾ തന്നെ കോടികൾ നേടിക്കഴിഞ്ഞു.
ലാലിന് ജയിലർ
മോഹൻലാലിന് കാര്യമായ സിനിമകൾ ഒന്നുമില്ലാത്ത ചിത്രമായിരുന്നു ഈ വർഷം. മോഹൻലാലിന്റെ ജീത്തുജോസഫ് ചിത്രം നേര് ഇറങ്ങാനിരിക്കയാണ്. പക്ഷേ രജനീകാന്തിന്റെ സൂപ്പർ ഹിറ്റായ ജയിലറിൽ മാത്യു എന്ന അതിഥി കഥാപാത്രമായി വന്ന് ലാൽ കസറിയിരുന്നു. മാത്യു എന്ന ഗാങ്സ്റ്ററായി ചിത്രത്തിൽ രണ്ടു രംഗങ്ങളിൽ മാത്രമേ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നുള്ളൂ. പക്ഷേ, അദ്ദേഹത്തിന്റെ പ്രകടനവും അതോടൊപ്പം നിൽക്കുന്ന സ്റ്റൈലും വലിയ തരംഗം സൃഷ്ടിച്ചു. 2024ൽ വൻ റിലീസുകളാണ് ലാൽ ആരാധകരെ കാത്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലക്കോട്ടെ വാലിബൻ, ലാൽ തന്നെ സംവിധാനം ചെയ്യുന്ന ബറോസ്, തുടങ്ങിയ ചിത്രങ്ങൾക്കായി കാത്തിരിക്കയാണ് ആരാധകർ. ഈ പടങ്ങൾ ഇറങ്ങുന്നതോടെ വീണ്ടും ലാൽ തരംഗം വരുമെന്ന പ്രതീക്ഷയിലാണ് അവർ.
മലയാള സിനിമകൾക്ക് കാലിടറിയ വർഷം തമിഴ് സിനിമ മലയാളത്തിൽ നടത്തിയത് വൻ ബിസിനസ്. രജനീകാന്തിന്റെ 'ജയിലർ' കേരളത്തിൽ നിന്ന് നേടിയത് 20 കോടിയിലേറെ രൂപയുടെ ഷെയറാണ്. വിജയ് ചിത്രം ലിയോ, ജിഗർതണ്ട, ഷാറുഖ് ഖാൻ ചിത്രങ്ങളായ ജവാൻ, പഠാൻ എന്നിവയും മികച്ച കലക്ഷൻ നേടി.
സുരേഷ് ഗോപിക്ക് ഇത് തിരിച്ചുവരവിന്റെ വർഷമായിരുന്നു. ഗരുഡൻ എന്ന ചിത്രം എല്ലാ കുപ്രചാരണങ്ങളെയും അവഗണിച്ച് ബോക്സോഫീസ് ഹിറ്റായി.
ആടും, അഞ്ചാപാതിരയുമടക്കമുള്ള ഹിറ്റ് ചിത്രങ്ങൾ എടുത്ത മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ, അരുൺ വർമയെന്ന പുതിയ സംവിധായകന്റെ വരവറിയിക്കുന്നുണ്ട് ഈ ചിത്രം. പലയിടത്തും ചിത്രത്തിന് ഇംഗ്ലീഷ് സൈക്കോ ത്രില്ലറുകളുടെ ചടുലതയും വേഗതയുമുണ്ട്. സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവാണ് ചിത്രമെന്ന് പറയാം. അതുപോലെ തന്നെ ബിജുമേനോന്റെയും. കണ്ണൂർ സ്ക്വാഡിന് ശേഷം കേരള പൊലീസിന്റെ മികവ് മറ്റൊരു തരത്തിൽ വരച്ചു കാണിക്കുന്ന ചിത്രമാണ് ഗരുഡൻ.
ഒടിടിയിൽ 'ശേഷം മൈക്കിൽ ഫാത്തിമ'
ഈ ഹിറ്റ് ചിത്രങ്ങളെ മാറ്റിനിർത്തിയാൽ നൂറോളം ചിത്രങ്ങൾക്ക് തീയേറ്ററിൽ മൂന്ന് ദിവസം പോലും പിടിച്ച് നിൽക്കാൽ ആയിട്ടില്ല. മൊത്തത്തിൽ നോക്കുമ്പോൾ കൈ പൊള്ളിയവരിലേറെയും ആദ്യ സിനിമ നിർമ്മിക്കാനെത്തിയവരാണ്. 5 കോടി വരെ സാറ്റലൈറ്റ് കിട്ടിയിരുന്ന സിനിമകൾക്ക് 50 ലക്ഷം പോലും കിട്ടാത്ത സ്ഥിതി. ഒടിടി, സാറ്റലൈറ്റ് ബിസിനസിൽ നിന്നുള്ള വരുമാനം കാര്യമായി നിലച്ചതോടെ തിയറ്റർ കലക്ഷനാണ് സിനിമയുടെ മുഖ്യവരുമാന സ്രോതസ്സ്. സിനിമ തിയറ്ററിൽ ഓടി ഹിറ്റായാൽ മാത്രമേ ഒടിടി വിൽപനയ്ക്കും സാധ്യതയുള്ളൂ.
പക്ഷേ നല്ല കണ്ടന്റുള്ള സിനിമകൾക്ക് ഒടിടിയിൽ ഇപ്പോഴും അവസരം ഉണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായിരിക്കുകയാണ് കല്യാണി പ്രിയദർശൻ നായികയായ 'ശേഷം മൈക്കിൽ ഫാത്തിമ'. മനു സി കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ഡിസംബർ 15 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രദർശനം ആരംഭിച്ചത്. നവംബർ 17 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഫ്റ്റർ തിയറ്റർ റിലീസ് ആയാണ് നെറ്റ്ഫ്ലിക്സിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം ഒടിടിയിൽ നേടിക്കൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ടോപ്പ് 10 ഇൻ ഇന്ത്യ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ചിത്രം.
മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശം കടന്നുവരുന്ന ചിത്രത്തിൽ ഫാത്തിമയെന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്നത്. വിദേശ ലീഗുകളടക്കം ഉറക്കമിളച്ചിരുന്ന് കാണുന്ന ഫാത്തിമയ്ക്ക് ഒരിക്കൽ നാട്ടിലെ സെവൻസ് മത്സരത്തിന് കമന്ററി പറയാനുള്ള അവസരം ലഭിക്കുകയാണ്. അതിനുശേഷം അറിയപ്പെടുന്ന ഒരു ഫുട്ബോൾ കമന്റേറ്റർ ആവാനുള്ള ആഗ്രഹവുമായി നടക്കുകയാണ് ഫാത്തിമ. അതിനായി അവൾ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും നെറ്റ്ഫ്ലിക്സിൽ ചിത്രം കാണാനാവും. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ദിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതീക്ഷ വെബ് സീരീസിൽ
ഇപ്പോഴിതാ വെബ്സീരസ് എന്ന പുതിയ ഒരു മേഖല മലയാള സിനിമക്കായി തുറന്നുകിട്ടുകയാണ്. ലോകത്തിലെ പ്രശസ്തമായ ഒടിടി ചാനലുകൾ മലയാളത്തിലേക്ക് കോടികളുടെ ഇൻവസ്റ്റമെന്റിന് തയ്യാറെടുക്കയാണ്. ഇത് വലിയ ഒരു അവസരമാണ് മലയാളത്തിലെ നടീനടന്മാർക്കും, ടെക്നീഷ്യന്മാർക്കുമൊക്കെ വെച്ചുനീട്ടുന്നത്.
മലയാളത്തിലെ ആദ്യ വെബ് സീരീസ് 'കേരള ക്രൈം ഫയൽസ്' വൻ വിജയമായതോടെയാണ് ഈ മേഖലയിൽ കൂടുതൽ ഇൻവ്സ്റ്റമെന്റിന് കളമൊരുങ്ങുന്നത്. കേരള പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ക്രൈം സീരീസ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് പ്രദർശനത്തിന് എത്തിയത്. ലാലും അജു വർഗീസും കേന്ദ്ര കഥാപാത്രങ്ങളായ വെബ് സീരീസിന്റെ ലോഞ്ചിങ്ങ് നടന്നത് മോഹൻലാൽ വഴി ബിഗ്ബോസ് മലയാളത്തിൽവച്ചായിരുന്നു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ 'കേരള ക്രൈം ഫയൽസ്' മുടക്കുമുതൽ തിരിച്ചുപിടിച്ചു. ലോകത്തിന്റെ എല്ലാഭാഗങ്ങളിലുമുള്ളവർ ചിത്രം കണ്ടു. ഇതോടെയാണ്, മലയാളിക്ക് ഒരു ഗ്ലോബൽ ആംഗിൾ ഉണ്ടെന്നും മലയാളത്തിൽ മുടക്കുക ഒരു നഷ്ടക്കച്ചവടമല്ലെന്നും, ഡിസ്നി ഹോട്ട്സ്റ്റാർ തിരിച്ചറിയുന്നത്. അതാണ് ഇപ്പോൾ കോടികളുടെ വിപണി കേരളത്തിലേക്ക് തുറക്കുന്നത്.
മലയാളം വെബ്സീരീസുകളുടെ നിർമ്മാണത്തിനായി ഏതാണ്ട് 100 കോടിയിലധികം രൂപയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ മുടക്കുന്നത്. മുൻനിര സംവിധായകരും താരങ്ങളും വെബ്സീരീസുകൾക്ക് പിറകെയാണിപ്പോൾ. ഡിസ്നി ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം, സോണി ലിവ് എന്നിവയെല്ലാം വൻതോതിൽ പണം മുടക്കിത്തുടങ്ങിക്കഴിഞ്ഞു. ഡിസ്നി ഹോട്ട്സ്റ്റാറാണ് മുൻപന്തിയിൽ. ഇവരുടെ രണ്ട് വെബ്സീരീസുകൾ ഇതിനകം റിലീസ് ചെയ്തു. ഉടൻ രണ്ടെണ്ണം കൂടി ഉടനെത്തും. അഞ്ചെണ്ണം നിർമ്മാണഘട്ടത്തിലാണ്. എല്ലാത്തിലും മുൻനിരതാരങ്ങളാണ് അഭിനയിക്കുന്നത്.
സോണി ലിവ് ഒരെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. രണ്ടെണ്ണത്തിന് അനുമതിയായിട്ടുമുണ്ട്. നെറ്റ്ഫ്ളിക്സ് ആകട്ടെ മലയാളത്തിലെ ഒരു പ്രശസ്തസംവിധായകനുമായി വെബ്സീരീസ് സംബന്ധിച്ച ആദ്യഘട്ടചർച്ച പൂർത്തിയാക്കി. ആമസോൺ പ്രൈമും ആദ്യ മലയാളം വെബ്സീരീസിന്റെ പ്രാരംഭപ്രവർത്തനങ്ങളിലാണ്.
മലയാളം വെബ്സീരീസുകൾക്കായി ഒടിടി. പ്ലാറ്റ്ഫോമുകൾ വൻതോതിൽ പണമിറക്കിത്തുടങ്ങിയതോടെ താരങ്ങളുടെയും സംവിധായകരുടെയും ശ്രദ്ധ അവയിലേക്ക് തിരിയുകയാണ്. താരസംഘടനയായ അമ്മ പോലും ട്വന്റി-20 സിനിമയുടെ മാതൃകയിൽ മലയാളത്തിലെ എല്ലാ പ്രമുഖതാരങ്ങളെയും അണിനിരത്തി വെബ്സീരീസിനുള്ള ആലോചനയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. നിവൻപോളി, സുരാജ് വെഞ്ഞാറമ്മൂട്, അജുവർഗീസ്, റഹ്മാൻ, നരേൻ, സണ്ണി വെയ്ൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ എന്നീ പ്രമുഖ താരങ്ങളും, ജീത്തും ജോസഫും, മിഥുൻ മാനുവൽ തോമസും അടക്കമുള്ള പ്രമുഖ സംവിധായകരും ഈ പ്രോജക്റ്റുകളിൽ സഹകരിക്കുന്നുണ്ട്. ഭാവിയിൽ മമ്മൂട്ടിയും, മോഹൻലാലുമൊക്കെ വെബ്സീരിസീൽ അഭിനയിക്കുന്ന കാലവും വരുമെന്ന് കരുതാം!
വാൽക്കഷ്ണം: മലയാള സിനിമയിൽ താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്ന ആവശ്യവും വീണ്ടും ഉയർന്നുവരുന്നുണ്ട്. ഫിലിം പ്രൊഡ്യൂസേഴ് അസോ. പ്രസിഡന്റ് ആന്റോ ജോസഫ് ഇങ്ങനെ പറയുന്നു. -'' കോവിഡിനു ശേഷം തഴച്ചു വളർന്ന ഒടിടി ബിസിനസ് ഇപ്പോഴില്ല. ഒടിടി പ്ലാറ്റ്ഫോമുകൾ നൽകിയ ഭീമമായ പണം കണ്ട് തങ്ങളുടെ പ്രതിഫലം കൂട്ടിയ താരങ്ങളും സാങ്കേതിക വിദഗ്ധരും ഒടിടി കാലം മങ്ങുമ്പോൾ പ്രതിഫലം കുറയ്ക്കാൻ തയാറാകണം. ലാഭം ഷെയർ ചെയ്യുന്ന രീതിയിൽ സിനിമ ചെയ്യാൻ താരങ്ങളും സാങ്കേതിക വിദഗ്ധരും മുന്നോട്ടുവരണം''. പക്ഷേ ഇത് നടപ്പാവുമോ എന്ന കാര്യം മാത്രം കണ്ടറിയണം.