2001 ല്‍ അശോക എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സാക്ഷാല്‍ കിങ് ഖാനെ കാണാനെത്തിയാതാണ് ആ കുട്ടി. അവന്റെ പ്രിയ താരത്തിനൊപ്പം ഒരു ചിത്രം എടുക്കാന്‍. അന്ന് ഷാരൂഖ് കാനൊത്ത് ചിത്രം എടുത്തപ്പോള്‍ അവന്‍ വിചാരിച്ച് കാണില്ല അവനെ കാത്തിരിക്കുന്ന സര്‍പ്രൈസുകള്‍ എന്താണെന്ന്.

കാലം ഒളിപ്പിച്ചുവച്ച ചില കൗതുകങ്ങളുണ്ട്. അതുപോലൊരു ചിത്രമാണിത്. അന്ന് കിങ് ഖാനെ കാണാന്‍ ലൊക്കേഷനിലെത്തിയ ആ കുട്ടി വളര്‍ന്നപ്പോള്‍ നടനായി. സാക്ഷാല്‍ ഷാരൂഖ് ഖാനൊപ്പം ഡുങ്കി എന്ന ചിത്രത്തില്‍ അഭിനയിച്ചു. നിരവധി വേദികള്‍ പങ്കിട്ടു. കഴിഞ്ഞ ദിവസം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി (ഐഐഎഫ്എ) അവാര്‍ഡ് 2024ന്റെ വേദിയില്‍ ഷാരൂഖിനൊപ്പം ചുവടുവച്ച് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നതും ആ ചെറുപ്പക്കാരന്‍ തന്നെ. മറ്റാരുമല്ല, വിക്കി കൗശാല്‍ ആണ് ആ ചെറുപ്പക്കാരന്‍.




സ്വപ്‌നസമാനമായ ഈ നിമിഷങ്ങളെ കുറിച്ച് വിക്കിയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 'അദ്ദേഹം തന്റെ ആതിഥേയത്വവും സ്റ്റേജിലെ പ്രകടനങ്ങളും കൊണ്ട് മാജിക് സൃഷ്ടിക്കുന്നത് കണ്ടു വളര്‍ന്നത് മുതല്‍... ഇന്നലെ രാത്രി വരെ.... ഒപ്പം വേദി പങ്കിടുകയും അതേ മാജിക്കിന്റെ ഭാഗമാകുകയും ചെയ്തു... ഞാന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടു! നന്ദി ഷാരൂഖ് സാര്‍. നിങ്ങളെപ്പോലെ ആരും ഉണ്ടാകില്ല.'

ആക്ഷന്‍ ഡയറക്ടറായ ഷാം കൗശലിന്റെ മകനാണ് വിക്കി കൗശല്‍. വളരെ കഷ്ടപ്പാടുകളിലൂടെയായിരുന്നു വിക്കിയുടെ കടന്നുവരവ്. സിനിമയിലേക്ക് വന്നപ്പോഴും ആദ്യചിത്രങ്ങളില്‍ പ്രതിഫലം വളരെ കുറവായിരുന്നു. എന്നാല്‍ അവിടെ നിന്നും കോടികള്‍ പ്രതിഫലം വാങ്ങുന്ന താരമായി വിക്കി വളരുകയായിരുന്നു.

ആദ്യ ചിത്രം ഗാങ് ഓഫ് വസ്സിപൂര്‍ ആയിരുന്നു. എന്നാല്‍ വിക്കിയെ ശ്രദ്ധേയനാക്കിയ ആദ്യ ചിത്രങ്ങളിലൊന്ന് മസ്സാന്‍ (2015) ആണ്. രാമന്‍ രാഘവ് 2.0 (2016), റാസി, സഞ്ജു (2018), നെറ്റ്ഫ്‌ലിക്‌സ് സിനിമകളായ ലവ് പെര്‍ സ്‌ക്വര്‍ ഫീറ്റ്, ലറ്റ് സ്റ്റോറിസ്, ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നിവയൊക്കെ വിക്കിയെ ശ്രദ്ധേയനാക്കി. ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും വിക്കി നേടി. ബോളിവുഡ് നടി കത്രീന കൈഫ് ആണ് വിക്കിയുടെ ജീവിതപങ്കാളി.