മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുനേര്‍ക്ക് വെടിവെപ്പ് നടത്തിയ കേസിലെ പുതിയ കുറ്റപത്രത്തിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നടനെ കൊലപ്പെടുത്താന്‍ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം നിയോഗിച്ചത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നുവെന്നുമാണ് അടക്കമുള്ള വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്.

സിദ്ദു മൂസെ വാലയെ കൊലപ്പെടുത്തിയ രീതിയിലാണ് സല്‍മാനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതത്രെ. ഇതിനായി 25 ലക്ഷം രൂപയുടെ കരാര്‍ നല്‍കി. 2023 ആഗസ്റ്റ് മുതല്‍ 2024 ഏപ്രില്‍ വരെ മാസങ്ങളോളം ഇതിനുള്ള തയാറെടുപ്പ് നടത്തി. എ.കെ 47, എ.കെ 92, എം16 റൈഫിളുകള്‍, തുര്‍ക്കി നിര്‍മ്മിത സിഗാന പിസ്റ്റള്‍ എന്നിവയുള്‍പ്പെടെ ആയുധങ്ങളും തോക്കുകളും പാകിസ്താനില്‍ നിന്ന് വാങ്ങാനും പദ്ധതിയിട്ടു.

സല്‍മാന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാന്‍ 70ഓളം പേരെ നിയോഗിച്ചിരുന്നു. 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളെ ചുമതലപ്പെടുത്തി. ഇവര്‍ ഗോള്‍ഡി ബ്രാറിന്റെയും അന്‍മോല്‍ ബിഷ്ണോയിയുടെയും ഉത്തരവുകള്‍ക്കായി കാത്തിരിക്കുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഏപ്രിലിലാണ് മുംബൈയിലെ ബാന്ദ്രയിലുള്ള സല്‍മാന്‍ ഖാന്റെ ഗ്യാലക്‌സി അപാര്‍ട്‌മെന്റിനുനേര്‍ക്ക് ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിയുതിര്‍ത്തത്. ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പിന്നീട് തെളിയുകയായിരുന്നു.