ന്യൂഡൽഹി: സിഐഎസ്എഫ് തങ്ങളുടെ വനിതാ കോൺസ്റ്റബിളിനെ പുരുഷനായി അംഗീകരിച്ചു. ഇന്ത്യയിലെ നിയമം ഒരെ ലിംഗത്തിലുള്ളവർ തമ്മിലുള്ള വിവാഹത്തിന് അനുമതി നൽകാത്തതുമൂലം യുവതി ശസ്ത്രക്രിയയിലൂടെ യുവാവായി മാറുകയായിരുന്നു. ആറ് വർഷം മുൻപ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഇവർ പൂർണമായും പുരുഷ ശരീരത്തിലേക്ക് മാറി, മീശ, ദൃഢമായ മാംസപേശികൾ, പുരുഷ ശബ്ദം എന്നിങ്ങനെ പുരുഷന്റെ പ്രകടമായ ലക്ഷണങ്ങളോടെയാണ് ഇവർ പുരുഷനായി മാറിയത്.

ഫെബ്രുവരിയിൽ സിഐഎസ്എഫിലെ മൂന്ന് മെഡിക്കൽ ബോർഡുകളും, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദഗ്ദ്ധരും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാളെ പുരുഷനായി അംഗീകരിച്ചു. പക്ഷേ സിഐഎസ് എഫ് ഇയാളുടെ സ്വകാര്യതയെ പരിഗണിച്ച് പേരോ മറ്റു വിവരങ്ങളൊ പുറത്ത് വിട്ടിട്ടില്ല.

നാലുവർഷമായി ഈ പ്രശ്നം തങ്ങളുടെ പരിഗണനയിൽ ഉണ്ടായിരുന്നുവെന്നു എന്നാൽ ഇപ്പോൾ മാത്രമാണ് അന്തിമ തീർപ്പ് കൽപ്പിക്കാൻ കഴിഞ്ഞതെന്നും, ഇനി മുതൽ എല്ലാ രേഖകളിലും ഇയാൾ പുരുഷൻ എന്നായിരിക്കുമെന്നും സിഐഎസ്എഫ് ഡയറക്ടർ ജനറൽ ഒ.പി സിങ്ങ് പറഞ്ഞു. 2008 ലാണ് ബിഹാർ സ്വദേശിയായ ഇവർ വനിതാ ഉദ്യോഗസ്ഥയായി സേനയിൽ ചേരുന്നത്. ഇപ്പോൾ പുരുഷനായി അംഗീകരിക്കപ്പെടാൻ ഇവർ നടത്തിയത് വർഷങ്ങൾ നീണ്ടുനിൽക്കുന്ന പോരാട്ടമാണ്.

മേലുദ്യോഗസ്ഥരുടെ അനുവാദത്തോടെയാണ് ഇവർ പുരുഷനായി മാറിയത്. ശസ്ത്രക്രിയ നടത്തിയത് പല മാർഗങ്ങളിലൂടെയും പണം കണ്ടെത്തിയാണ്. പൗരുഷം കൈവരാൻ ദിവസേന ഹോർമോൺ ഇഞ്ചക്ഷനുകളും ഉണ്ടായിരുന്നു. കൂടാതെ ദിവസേന പലവിധ വ്യായാമമുറകളും ചെയ്യേണ്ടിയിരുന്നു. ഏകദേശം പത്ത് ലക്ഷത്തോളം രൂപയാണ് ഇവർക്ക് ചെലവായത്. കുട്ടിക്കാലത്തെ തന്നെ ഞാൻ സ്വയം ആൺകുട്ടിയായാണ് കരുതിയിരുന്നത്. ഒരിക്കലും ഞാൻ വിവാഹിതയാകുമെന്ന് കരുതിയില്ല. കാരണം എനിക്കൊരിക്കലും ഒരു ആൺകുട്ടിയെ വിവാഹം ചെയ്യാൻ കഴിയില്ലായിരുന്നു. സിഐഎസ്എഫിലെ ജോലിസമയത്ത് വനിതാ കോൺസ്റ്റബിളായാണ് എന്നെ എല്ലാവരും പരിഗണിച്ചത്.

ഡൽഹിമെട്രോയിൽ സ്ത്രീകളുടെ ദേഹപരിശോധനയ്ക്കുള്ള ജോലിക്കായാണ് ഞാൻ നിയോഗിക്കപ്പെട്ടത്. ഈ ജോലി ചെയ്യാൻ പറ്റില്ലെന്നും ഞാനെന്നെ ആൺകുട്ടിയായാണ് കരുതുന്നതെന്നും അതേസമയം സഹപ്രവർത്തകരായ വനിത ഉദ്യോഗസ്ഥർ എന്നെ ഒരിക്കലും സ്ത്രീയായല്ല കണ്ടത്. അവരോടൊപ്പം ബാരക്ക് പങ്കിട്ടപ്പോൾ അവർ പരാതിപ്പെടുകയും ചെയ്തു. 2012ൽ ആണ് എന്റെ ശസ്ത്രക്രിയ പൂർത്തിയായത്. അതേവർഷം തന്നെ എന്നെ പുരുഷനായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി' അയാൾ മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തി. ഇനി വിവാഹം കഴിക്കാനാണ് തീരുമാനം.