ആലപ്പുഴ : പ്രതിവർഷം 1400 കോടി നൽകി വിമാനത്താവളങ്ങൾ സംരക്ഷിക്കുന്ന പണിയിൽനിന്നും കേന്ദ്ര വ്യവസായസേനയെ നീക്കാൻ കേന്ദ്രം ആലോചിക്കുന്നു. വിവാദങ്ങൾ അടങ്ങാത്ത കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സംഘർഷസാദ്ധ്യത കടക്കിലെടുത്താണ് സി ഐ എസ് എഫിനെ സംരക്ഷണ ചുമതലയിൽനിന്നും നീക്കാൻ ആലോചിക്കുന്നത്.

വിമാനത്താവളസുരക്ഷാസേന രൂപീകരിക്കാനാണു പുതിയ നീക്കം. ആർ പി എഫ് മാതൃകയിലായിരിക്കും സേന പ്രവർത്തിക്കുന്നത്. എയർപോർട്ട് സെക്യൂരിറ്റി ഫോഴ്‌സിനു (എ എസ് എഫ്്) പരാമാധികാരം നൽകിയാണ് സംരക്ഷണച്ചുമതല നൽകുന്നത്. വിവിധ സേനകളിൽ മികവ് പുലർത്തിയവരെ സേനയുടെ തലപ്പത്ത് നിയമിക്കാനും ആലോചനയുണ്ട്. ഇതിനുള്ള നിർദ്ദേശങ്ങൾ കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്. കേന്ദ്ര സർ്ക്കാർ ഉടൻ അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന. വ്യോമയാന മന്ത്രാലയത്തിന് കീഴിൽ വരുന്ന സേനയാണ് ലക്ഷ്യം.

ഇതോടെ രാജ്യത്തിന്റെ അതിപ്രധാനമായ 12 താവളങ്ങളിൽ വ്യവസായസേനയ്ക്ക് സേവനം നിർത്തേണ്ടിവരും. ഏതായാലും കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇനി സി ഐ എസ് എഫിന് ചുമതല ഉണ്ടാവില്ല. കരിപ്പൂരിൽ നടന്ന സംഘട്ടനത്തിൽ ജവാൻ മരിക്കാനിടയായതാണ് പുതിയ നീക്കത്തിന് കാരണമായത്. ഫയർ ആൻഡ് സേഫ്റ്റി വിഭാഗവും വ്യവസായ സേനയും തമ്മിൽ മിക്കയിടങ്ങളിലും ശീതസമരം നടക്കുന്നതായാണ് റിപ്പോർട്ട്. ഇരുസേനകൾക്കും താവളങ്ങളുടെ സുരക്ഷാ ചുമതല നൽകിയതാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. തമ്മിൽ കേമൻ ആരെന്ന തർക്കം മിക്കയിടങ്ങളിലുമുണ്ട്. പ്രത്യേകിച്ചും കേരളത്തിൽ.സംസ്ഥാനത്തെ മിക്ക താവളങ്ങളിലും അന്യസംസ്ഥാന സേനാംഗങ്ങളാണുള്ളത്. ഇതും പ്രശ്‌നങ്ങൾ വഷളാകാൻ കാരണമായിട്ടുണ്ട്.

ഈ വിവരം എയർപോർട്ട് അഥോറിറ്റി ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നെങ്കിലും ചൊവിക്കൊണ്ടില്ല. ആയുധങ്ങളില്ലാതെ സേവനം ചെയ്യുന്ന എക്‌സൈസ് വിഭാഗത്തോട് പൊതുവെ സി ഐ എസ് എഫ് ജവാന്മാർക്ക് പുച്ഛമായിരുന്നു. പ്രവേശന കവാടങ്ങളിലും മറ്റ് അതീവ സുരക്ഷാ ഇടങ്ങളിലും ആയുധങ്ങൾ ഏന്തി നിൽക്കുന്ന വ്യവസായ സേനാംഗങ്ങൾക്ക് അരികിലൂടെ നിർവിഘ്‌നം കടന്നുപോകുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ പലപ്പോഴും പരിശോധിച്ചിരുന്നില്ല. ഇതാണ് പ്രവേശനവുമായി ബന്ധപ്പെട്ട തർക്കത്തിന് കാരണമായത്.

ജവാന്മാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരവും സംഘർഷവും കണക്കിലെടുത്ത് മുൻ യു പി എ സർക്കാരിന്റെ കാലത്തുതന്നെ എയർ പോർട്ട് അഥോറിറ്റി സുരക്ഷാ സേനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അന്ന് ആഭ്യന്തര മന്ത്രാലയം എതിർക്കുകയായിരുന്നു.