- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോടഞ്ചേരിയിലെ വിവാഹത്തിന് ശേഷം പാക്കിസ്ഥാൻ മോഡൽ വീണ്ടും'; 'കാസ'യുടെ പോസ്റ്റിന് എതിരെ സിറ്റിസൺസ് ഫോർ ഡെമോക്രസിയുടെ പരാതി; പെണ്മക്കളെ ബലമായി ഇറക്കിക്കൊണ്ടുപോകുന്നത് തന്നെയാണ് പാക്കിസ്ഥാനിലും നടക്കുന്നതെന്നും കേസിനെ നിയമപരമായി നേരിടുമെന്നും കാസ
തിരുവനന്തപുരം: വർഗ്ഗീയ വിദ്വേഷ പ്രചാരണം നടത്തുന്നു എന്നാരോപിച്ച് കാസയ്ക്കെതിരേ ( ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ) സിറ്റിസൺസ് ഫോർ ഡെമോക്രസി പരാതി നൽകി. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. മതസ്പർധ ഉണ്ടാക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് കാസയ്ക്കും അവരുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിനും എതിരെ സിറ്റിസൺസ് ഫോർ ഡെമോക്രസി ജനറൽ സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകരയാണ് പരാതി നൽകിയത്. അതേസമയം, പരാതിയെ നിയമപരമായി നേരിടുമെന്ന് 'കാസ' പ്രസിഡന്റ് കെവിൻ പീറ്റർ മറുനാടനോട് പ്രതികരിച്ചു.
വർക്കല അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത ഒരു പ്രണയക്കേസ് ലൗ ജിഹാദാണെന്നും പാക്കിസ്ഥാൻ മോഡലാണെന്നും പരാമർശിച്ച് കാസ ഫേസ് ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. 'കോടഞ്ചേരിയിലെ വിവാഹത്തിന് ശേഷം പാക്കിസ്ഥാൻ മോഡൽ വീണ്ടും' എന്ന തലക്കെട്ടിലാണ് കാസയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ ഇത് പോസ്റ്റ് ചെയ്തത്. ലൗ ജിഹാദ് രണ്ടാം തരംഗമെന്നും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.
ഫേസ് ബുക്ക് പേജുണ്ടാക്കി അത് വഴി നുണയും വർഗീയപ്രചാരണവും നടത്തി വർഗീയ കലാപം ലക്ഷ്യം വയ്ക്കുന്ന ഒരു സംഘടിത ഗ്രൂപ്പ് മതേതര സമൂഹത്തിൽ വലിയ അപകടമാണ് സൃഷ്ടിക്കുന്നത്. ഹൈക്കോടതി തള്ളിക്കളഞ്ഞ വ്യാജ ലൗ ജിഹാദ് പ്രചരിപ്പിക്കുന്ന ഫേസ് ബുക്ക് പോസ്റ്റിനെതിരേയും കാസയ്ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
കേവലമൊരു പരാതി കൊടുത്ത് മടങ്ങാനല്ല തങ്ങളുടെ തീരുമാനമെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭ്യമായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ശ്രീജ നെയ്യാറ്റിൻകര പറഞ്ഞു.
പരാതിയുടെ പൂർണ രൂപം
സർ,
'കാസ(ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ) എന്ന സംഘടന ഫേസ് ബുക്ക് പോസ്റ്റുകളിലൂടെ മതസ്പർധയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നത് നിരവധി തവണ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മെയ് ഒൻപതിന് വർക്കല അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രേമിച്ച പെൺകുട്ടിയെ വീട്ടിൽ നിന്ന് ബലമായി പിടിച്ച് കൊണ്ടുപോയ സംഭവത്തെ ലൗ ജിഹാദായും പാക്കിസ്ഥാൻ മോഡലായും ചിത്രീകരിച്ച് കാസയുടെ ഫേസ് ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചിരുന്നു.
'കോടഞ്ചേരിയിലെ വിവാഹത്തിന് ശേഷം പാക്കിസ്ഥാൻ മോഡൽ വീണ്ടും' എന്ന തലക്കെട്ടിലാണ് കാസയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലൗ ജിഹാദ് രണ്ടാം തരംഗമെന്നും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.
കോടഞ്ചേരിയിലേത് ഇരു സമുദായത്തിലുള്ളവർ തമ്മിലുള്ള പ്രണയവിവാഹം മാത്രമാണെന്ന് അതുമായി ബന്ധപ്പെട്ട് വ്യക്തമായതാണ്. ആ സംഭവത്തെയും അയിരൂരിൽ നടന്ന പ്രണയത്തെയും പാക്കിസ്ഥാൻ മോഡലെന്നാണ് കാസ അവരുടെ ഫേസ്‌ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുന്നത് എറണാകുളം സ്വദേശി കെവിൻ പീറ്റർ പ്രസിഡന്റായുള്ള കാസ മതസ്പർദ്ധ വളർത്തുന്ന നിരവധി പോസ്റ്റുകൾ നിരന്തരം ഫേസ്‌ബുക്കിൽ ഇടാറുണ്ട്.
ക്രിസ്ത്യൻ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നുവെന്ന വ്യാജേന മുസ്ലിങ്ങൾക്കെതിരേ യൂ ട്യൂബ്, ഫേസ്‌ബുക്ക് തുടങ്ങിയ മാധ്യമങ്ങൾ വഴി നിരന്തരമായി മതേതര കേരളത്തിന് ഗുണകരമല്ലാത്ത രീതിയിൽ നിരവധി വീഡിയോകൾ ചെയ്തിട്ടുണ്ട്. ഇപ്പോഴും ഇത് തുടർന്നുകൊണ്ടിരിക്കുകയാണ്.
വർഗീയകലാപവും വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയും ലക്ഷ്യമിടുന്ന, ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭംഗം വരുത്തുന്നതുമായ പ്രവർത്തനങ്ങളാണ് ഇവർ നിരന്തരം നടത്തിവരുന്നത്. മുസ്ലിം യുവാക്കളേയും യുവതികളെയും പ്രതിക്കൂട്ടിലാക്കി 'ലൗ ജിഹാദ്' എന്ന നുണ വീണ്ടും ഉയർത്തിക്കൊണ്ടുവരികയും അതിലൂടെ മുസ്ലിം ക്രിസ്ത്യൻ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയുമാണ്. സുപ്രീംകോടതിയും ഹൈക്കോടതിയും വിവിധ സംസ്ഥാന, കേന്ദ്ര അന്വേഷണ ഏജൻസികളും തീർപ്പുകൽപ്പിച്ച വിഷയമാണ് 'ലൗ ജിഹാദ്'.
പ്രസ്തുത സംഘടനയും അതിന്റെ ഭാരവാഹികളും ചെയ്യുന്നത് കോടതിയലക്ഷ്യവും മതസൗഹാർദാന്തരീക്ഷം തകർക്കലുമാണ്. ഈ പശ്ചാത്തലത്തിൽ കോടതിയലക്ഷ്യ പരാമർശം നടത്തി, നിരന്തരം വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന കാസ എന്ന ഫേസ്‌ബുക്ക് പേജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു'.
കാസയുടെ വിവാദ പോസ്റ്റ്
കോടഞ്ചേരിയിലെ വിവാഹത്തിനു ശേഷം പാക്കിസ്ഥാൻ മോഡൽ വീണ്ടും
പെൺകൂട്ടിയുടെ വീട് ആക്രമിച്ചു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്യാൻ ശ്രമിച്ച കേസിലെ അഞ്ചു പേരെ അയിരൂർ പൊലീസ് എസ്എച്ച് ഒ വി.കെ.ശ്രീജേഷിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി ചാവടിമുക്കിന് സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
നടയറ കുന്നിൽ വീട്ടിൽ നിന്നു ആറ്റിങ്ങൽ എൽഎംഎസ് ചിത്തിര നിവാസിൽ വാടകയ്ക്കു താമസിക്കുന്ന റമീസ്(24), ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് സെമീന മൻസിലിൽ മുനീർ(24), വർക്കല നടയറ ബംഗ്ലാവിൽ നസീർ മൻസിലിൽ അമീർ ഖാൻ (24), കൊട്ടിയം പേരയം വയലിൽ പുത്തൻവീട്ടിൽ നിന്നു, ചെമ്മരുതി മുട്ടപ്പലം നടയറ കുന്നിൽ താമസിക്കുന്ന അഷീബ്(23), ചിറയിൻകീഴ് ശാർക്കര പുതുക്കരിയിൽ അജയകുമാർ (24) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ ഒന്നാം പ്രതിയായ റമീസ്, മറ്റു കുട്ടുകാരെയും കൂട്ടിയാണ് പെൺകുട്ടിയുടെ വീട്ടിലെത്തി അതിക്രമം കാണിച്ചത്. പ്ലസ് ടൂവിന് പഠിക്കുന്ന പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടാണ് റമീസ് എത്തിയത്. മാരകായുധങ്ങളുമായി ബൈക്കുകളിൽ എത്തിയ സംഘം വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു.
തുടർന്നു വീടിന്റെ മുൻവശത്തെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും മുറികളുടെ ജനൽ പാളികളുടെ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തു. ബഹളം കേട്ട് എത്തിയ നാട്ടുകാരെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും തുടർന്ന് വീടിന്റെ പിറകിലെ വാതിൽ പൊളിച്ചു അകത്തു കയറിയ സംഘം പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും മർദിച്ചു പെൺകുട്ടിയുമായി കടന്നുകളയുകയായിരുന്നു.
പൊലീസ് അന്വേഷണത്തിലാണ് പെൺകുട്ടി, റമീസുമായി പ്രണയത്തിലാണെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് അറസ്റ്റിലായ റമീസിനൊപ്പം സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ സ്വീകരിക്കാൻ രണ്ട് വീട്ടുകാരും തയാറാവാത്തതിനാൽ പ്രായപൂർത്തിയായ പെൺകുട്ടിയെ പിന്നീട് തിരുവനന്തപുരം മഹിളാ മന്ദിരത്തിലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനും വീടുകയറി ആക്രമിച്ചതിനു അറസ്റ്റിലായ പ്രതികൾക്ക് പുറമേ മൂന്ന് പേർ കൂടിയുള്ളതായി പൊലീസ് അറിയിച്ചു.
കാസ പ്രസിഡന്റ് കെവിൻ പീറ്ററിന്റെ പ്രതികരണം
ശ്രീജ നെയ്യാറ്റിൻകര പഴയ വെൽഫയർ പാർട്ടി നേതാവാണ്. ആ പാർട്ടിയിൽ നിന്ന് അവർ രാജി വച്ചെങ്കിലും സമാന ആശയം പിന്തുടരുന്ന ആളാണ്. അവർ ഇത്തരത്തിൽ ഒരുപരാതി കൊടുത്തതിൽ അദ്ഭുതപ്പെടാൻ ഒന്നുമില്ല. കാരണം, ശബ്ദിക്കുന്നവർക്കെതിരെ പരാതി കൊടുക്കുക, കേസിൽ പെടുത്തുക, അറസ്റ്റ് ചെയ്യിക്കുക, അതാഘോഷമാക്കുക, ഇത് കഴിഞ്ഞ കുറെ കാലങ്ങളായി തുടരുന്നതു തന്നെയാണ്. അതിന്റെ ഒരുഭാഗമായിട്ടു തന്നെയാണ് ഈ പരാതിയും എന്നുവേണം കരുതാൻ. ഇതിനെ ഞങ്ങൾ നിയമപരമായി നേരിടും.
പരാതിയിൽ പറയുന്നത് ഒരു ഫേസ്‌ബുക്ക് പോസ്റ്റിനെ കുറിച്ചാണ്. അത് പട്ടാപ്പകൽ ഒരുവീട്ടിൽ, വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറി, മാരകായുധങ്ങൾ കാട്ടി മാതാപിതാക്കളെ ഭീഷണിപ്പെടുത്തി, ഒരു പെൺകുട്ടിയെ ഇറക്കി കൊണ്ടുപോയി, പൊലീസ് പിടിച്ച് അത് കേസായി. ഈ വിഷയത്തെ സംബന്ധിച്ചാണ്. ആദ്യമാദ്യമൊക്കെ പ്രണയിച്ച് രാത്രിയിൽ ഒളിച്ചോടുക, അല്ലെങ്കിൽ, ആരുമറിയാതെ പോയി രജിസ്റ്റർ വിവാഹം ചെയ്യുക, എന്നുള്ളതിൽ നിന്ന് മാറി, രണ്ടാം ഘട്ടം എന്ന നിലയിൽ, വീട് ചവിട്ടി തുറന്ന് അകത്ത് കയറുക, മാതാപിതാക്കളെ മാരകായുധം കാട്ടി ഭീഷണിപ്പെടുത്തുക, പെണ്മക്കളെ ഇറക്കിക്കൊണ്ടുപോകുക, ഇതുതന്നെയാണ് പാക്കിസ്ഥാനിലും നടക്കുന്നത്. അതുതന്നെയാണ് ഞങ്ങൾ സൂചിപ്പിച്ചത്.
അതിൽ ഇത്ര കണ്ട് മതവികാരം വ്രണപ്പെടേണ്ട കാര്യമില്ല.
മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിക്കുകയല്ല, ഈ പ്രവൃത്തി ചെയ്ത ആ സമുദായത്തിലെ ഒരു ചെറുവിഭാഗം ആൾക്കാർക്ക് എതിരെയാണ്, ഞങ്ങൾ പ്രതികരിച്ചത്. പിന്നെ, ആ ചെറുവിഭാഗം ആൾക്കാർക്കെതിരെ പ്രതികരിക്കുമ്പോൾ, ആ സമുദായത്തെ മൊത്തത്തിൽ, ആക്ഷേപിക്കുന്നതാക്കി ചിത്രീകരിക്കുന്നത് ഇവിടുത്തെ ഒരു സ്ഥിരം സംഭവമാണ്. അതവരുടെ തന്ത്രമാണ്. അതുതന്നെയാണ് ഇതിലും അവർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മതസ്പർദ്ധ- ഇതിലെവിടെയാണ് മതസ്പർദ്ധ? എന്തുതന്നെയായാലും, ഇതിനെ ഞങ്ങൾ നിയമപരമായി നേരിടും.
മറുനാടന് മലയാളി ബ്യൂറോ