- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ രോഗിയായ ഓട്ടോ ഡ്രൈവർക്കു നേരെയും സിഐ.ടി.യു അതിക്രമം; ഓട്ടോ സ്റ്റാൻഡിൽ ഇടാനോ സർവീസ് നടക്കാനോ അനുവദിക്കാതെ യൂണിയന്റെ വിലക്ക്; ഓടാൻ അനുവാദം വേണമെങ്കിൽ യൂണിയനിൽ അംഗത്വമെടുക്കണം എന്നാവശ്യം; കണ്ണൂരിൽ നിന്നും മറ്റൊരു സിഐ.ടി.യു ഗുണ്ടായിസ കഥ
പയ്യന്നൂർ: പാർട്ടി ഗ്രാമങ്ങളിൽ തങ്ങൾ മാത്രം ജീവിച്ചാൽ മതിയെന്ന സി. ഐ.ടി.യു തൊഴിലാളികളുടെ ധാർഷ്ട്യം തുടരുന്നു. പയ്യന്നൂർ മാതമംഗലത്ത് കടകളടപ്പിച്ചതിന് പിന്നാലെ സിഐടിയു ഓട്ടോറിക്ഷ തൊഴിലാളിക്ക് ഏർപ്പെടുത്തിയ വിലക്ക് ചൂടേറിയ ചർച്ചയ്ക്കിടയാക്കിയാണ്. നേരത്തെ ദളിത് യുവതിയും ഓട്ടേഡ്രൈവറുമായി ചിത്രലേഖയെയും സ്റ്റാൻഡിൽവെച്ചു ഓട്ടോറിക്ഷ ഓടാൻ അനുവദിച്ചിരുന്നില്ല.
ഇപ്പോഴിതാ കാൻസർരോഗിയായ ഓട്ടോറിക്ഷാ ഡ്രൈവറെയാണ് സ്റ്റാൻഡിൽ ഓടാൻ സമ്മതിക്കാത്ത സിഐടിയു ഉപരോധമേർപ്പെടുത്തിയത്.. പയ്യന്നൂർ കാങ്കോൽ പേരാൽ എം.കെ.രാജനെയാണ് സ്റ്റാൻഡിൽ ഓട്ടോ നിർത്തിയിടാനോസർവീസ് നടത്താനോ സിഐടിയു യൂണിയൻ പ്രവർത്തകർ അനുവദിക്കാത്തത്. പയ്യന്നൂരിൽ വർഷങ്ങളായി ഓട്ടോഡ്രൈവറായിരുന്നു രാജൻ. കാൻസറിനെത്തുടർന്ന് കോടിയേരി മലബാർ കാൻസർ സെന്ററിൽ ചികിത്സയിലായതിനാൽ രണ്ടുവർഷമായി ഓട്ടോ ഓടിക്കുന്നത് നിർത്തിയിരുന്നു.
ഇതോടെ പയ്യന്നൂരിലെ നഗരസഭാ നമ്പർ ഉൾപ്പെടെയുള്ള ഓട്ടോ വിറ്റു. രോഗം കുറഞ്ഞതോടെ വീടിനടുത്തുള്ള കാങ്കോലിൽ വീണ്ടും ഓട്ടോ ഓടിക്കാൻ തീരുമാനിച്ചു. എന്നാൽ, സ്റ്റാൻഡിലെ സിഐടിയു തൊഴിലാളികൾ ഇവിടെ ഓട്ടോറിക്ഷ വെക്കാൻ സമ്മതിക്കാതിരിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് രാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാങ്കോൽ സിഐടിയു സ്റ്റാൻഡ് ആണെന്നും അവിടെ ഓട്ടോറിക്ഷ വെക്കണമെങ്കിൽ യൂണിയനിൽ അംഗത്വമെടുക്കണമെന്നുമാണ് ആവശ്യം.
താൻ മറ്റൊരു യൂനിയനിൽ അംഗത്വമുള്ള ഡ്രൈവറായതിനാൽ അതിനാവില്ലെന്ന് അറിയിച്ചതായി രാജൻ പറയുന്നു. പൊലീസിലും ആർടിഒയ്ക്കും പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കാങ്കോലിലെ സ്റ്റാൻഡിൽ യൂണിയൻ അംഗത്വമെടുക്കാനല്ല രാജനോടാവശ്യപ്പെട്ടതെന്ന് സിഐടിയു നേതൃത്വത്തിന്റെ അവകാശവാദം.
ഏതാനും ദിവസം മുമ്പ് സിഐടിയുവിന്റെ നേതൃത്വത്തിൽ അകാരണമായി സമരം നടത്തിയതിന്റെ പേരിൽ പുതുതായി ആരംഭിച്ച ഒരു കടയടക്കം മാതമംഗലത്ത് രണ്ട് വ്യാപാര സ്ഥാപനങ്ങളും ഉടമകൾ അടച്ചു പൂട്ടിയ സംഭവം ഉണ്ടായിരുന്നു. കൂടാതെ മാടായിയിൽ മറ്റൊരു വ്യാപാര സ്ഥാപന ഉടമയും സിഐടിയുക്കാരുടെ അതിക്രമത്തെ തുടർന്ന് രംഗത്തെത്തിയിരുന്നു. രണ്ട് സംഭവങ്ങളും ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലാളി വിരുദ്ധ നടപടിയുമായി സിഐടിയു നേതൃത്വം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്