- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''വിനു വി ജോൺ മാധ്യമ ഗുണ്ടയോ? മാധ്യമ ധർമം എന്തെന്നറിയാത്ത വിനുവിനെ ഒറ്റപ്പെടുത്തുക''; ഏഷ്യാനെറ്റ് അവതാരകന്റെ വീട്ടിന്റെ ഗേറ്റിൽ പോസ്റ്റർ ഒട്ടിച്ചു സിഐടിയു ഗുണ്ടായിസം; സിഐടിയു പേരൂർക്കട ഏര്യാ കമ്മിറ്റിയുടെ പേരിലെ പോസ്റ്ററിൽ പൊലീസിൽ പരാതി നൽകി വിനു
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ വിനു വി ജോണിനെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള ശ്രമം തുടർന്ന് സിപിഎം. സൈബർ ഇടങ്ങളിൽ വിനുവിനെ ആക്രമിക്കണം എന്ന വിധത്തിലുള്ള ആക്രോശങ്ങൾ പെരുകവേ വിനുവിന്റെ വീട്ടിൽ കയറിയും ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വിനു വി ജോണിന്റെ തിരുവനന്തപുരം പേരൂർക്കടയിലെ വസതിയുടെ ഗേറ്റിൽ ഒരു വിഭാഗം സിപിഎം പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചു.
വിനുവിനെതിരെ ഭീഷണി മുഴക്കുന്ന പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത് സിഐടിയു പേരൂർക്കട ഏര്യാക്കമ്മറ്റിയുടെ പേരിൽ ഉള്ളത്. ഭീഷണിപ്പെടുത്തുന്ന വിധത്തിലാണ് പോസ്റ്റർ. പോസ്റ്ററിലെ വാചകങ്ങൾ ഇങ്ങനെയാണ്:
''വിനു വി ജോൺ മാധ്യമ ഗുണ്ടയോ? സംസ്‌ക്കാര ശൂന്യനായ ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെതിരെ പ്രതിഷേധിക്കൂ! പ്രതികരിക്കൂ!! സ. എളമരം കരീമിനെതിരെ വിനു വി ജോൺ ഏഷ്യാനെറ്റിലൂടെ നടത്തിയ അധിക്ഷേപത്തിനും ആക്രമണാഹ്വാനത്തിനുമെതിരെ പ്രതിഷേധം. മാധ്യമ ധർമ്മമെന്തെന്നറിയാത്ത സംസ്‌ക്കാര ശൂന്യൻ വിനു വി ജോണിനെ ഒറ്റപ്പെടുത്തുക. സിഐടിയു, പേരൂർക്കട ഏര്യാ കമ്മിറ്റി''
വിനുവിന്റെ വീടിന്റെ ഗേറ്റിലും പരിസരപ്രദേശത്തുമായി പത്തോളം പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. വിനുവിനെ പരസ്യമായി തല്ലണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്യുന്നതിനിടെയാണ് പോസ്റ്റർ പതിച്ച സംഭവവും ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ വിനു പേരൂർക്കട പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പോസ്റ്റർ പതിച്ച സംഭവത്തിൽ വ്യക്തമാകുന്നത്. വിനു പറയാത്ത കാര്യം തെറ്റായ വിധത്തിൽ പ്രചരിപ്പിച്ചാണ് സിപിഎം ഏഷ്യാനെറ്റ് ന്യൂസ് അവതാരകനെതിരെ സംഘടിതമായി രംഗത്തുവന്നിരിക്കുന്നത്.
ഏതാനും ദിവസമായി കരീമിനെ ആക്രമിക്കാൻ വിനു ആഹ്വാനം ചെയ്തുവെന്ന് തെറ്റായി പ്രചരിപ്പിച്ചാണ് തുടർച്ചയായി സംഘടിത ആക്രമണം അവതാരകനെതിരെ നടക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി മുതൽ പോഷക സംഘടനകളും തുടർച്ചയായി അവതാരകനെതിരെ രംഗത്തുവന്നിരുന്നു. ഒരു ഘട്ടത്തിൽ കോടിയേരി തന്നെ വിനുവിനെതിരെ രംഗത്തുവന്നിരുന്നു. വിനു ആഹ്വാനംചെയ്യാത്ത കാര്യം ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ഇങ്ങനെയായിരുന്നു:
അദ്ദേഹം ചോര വീഴ്‌ത്താൻ വരട്ടെ, നമുക്ക് നോക്കാം ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ് മനസ്സിലാക്കണമെന്നും കോടിയേരി പറഞ്ഞു. ആഗഹം ഇങ്ങനെ പ്രകടിപ്പിച്ച് സ്വയം പരിഹാസ്യമാകരുത്. ആ ചാനലുകാർതന്നെ ആലോചിക്കണം ഇങ്ങനെയുള്ളവരാണോ ചാനൽ നടത്തേണ്ടതെന്ന്. സമൂഹമാധ്യമങ്ങളിൽ പറയുന്നതുപോലെയാണോ ദൃശ്യമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത്. മാധ്യമസമൂഹം സ്വയം ആലോചിക്കേണ്ടതാണ് ഇങ്ങനെയാണോ ചാനൽ നടത്തേണ്ടതെന്ന്. സിപിഐ എമ്മിന്റെ രാജ്യസഭയിലെ നേതാവിന്റെ മൂക്കിലിടിച്ച് ചോരവീഴ്‌ത്തണമെന്ന് പറഞ്ഞാൽ ഇപ്പോൾ നടന്ന പ്രതികരണമല്ല ചിലപ്പോൾ ഇനി ഉണ്ടാകുക.
പറഞ്ഞയാൾക്ക് അങ്ങനെ ചെയ്യണമെങ്കിൽ നാളെ ഏഷ്യാനെറ്റിന്റെ മുന്നിൽ എളമരം കരീമിനെ കൊണ്ട് നിർത്തിക്കൊടുക്കാം. ചെയ്യുമോ എന്നുനോക്കാം. ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകരെ വെല്ലുവിളിക്കുകയാണ്. ചെയ്യുമെങ്കിൽ നിങ്ങൾ ചെയ്യൂ. അപ്പോൾ വിവരമറിയും. ഇങ്ങനെയല്ല മാധ്യമപ്രവർത്തനം ചെയ്യേണ്ടത്. ഏഷ്യാനെറ്റിലെ കുറച്ചാളുകൾ മാത്രമേ ഇതിന്റെ കൂടെയുള്ളൂ. എല്ലാവരുമില്ല. ഇത്തരം കാര്യങ്ങൾക്ക് മാധ്യമപ്രവർത്തകർ കൂട്ടുനിൽക്കാൻ പാടില്ലെന്നും കോടിയേരി പറഞ്ഞു.
ഏഷ്യാനെറ്റിന്റെ അവതാരകനെയല്ല. കാഴ്ചക്കാരെയാണ് ഞങ്ങൾ എപ്പോഴും നോക്കുന്നത്. കുറച്ചുകാലം ആ ചാനലിൽനിന്ന് സിപിഐ എം മാറിനിന്നിരുന്നു. ഇത് സംബന്ധിച്ച് ഗൗരവമായി ആലോചിക്കും. ഇദ്ദേഹം പങ്കെടുക്കുന്ന പരിപാടിയിൽ എന്തുചെയ്യണമെന്ന്. ഏഷ്യാനെറ്റിനെ മൊത്തത്തിൽ ബഹിഷ്‌കരിക്കേണ്ട കാര്യമില്ല. എല്ലാവരും അക്കൂട്ടത്തിൽ ഉള്ളവരല്ല - കോടിയേരി പറഞ്ഞു.
അതേസമയം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ അവതാരകൻ വിനു വി ജോണിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംയ്കുത ട്രേയ്ഡ് യൂണിയൻ നേതാക്കൾ ഏഷ്യാനെറ്റിലേക്ക് മാർച്ചും നടത്തിയിരുന്നു. ദേശീയ പണിമുടക്കിന്റെ പേരിൽ ജനജീവിതം ദുസ്സഹമാക്കി പൊതുനിരത്തിൽ ട്രേഡ് യൂണിയൻ നടത്തിയ പ്രതിഷേധത്തിനെതിരെ വിനു വി ജോൺ പ്രതികരിച്ചതാണ് സിപിഎമ്മിന്റെ പ്രകോപനത്തിന് കാരണമായത്.
മറുനാടന് മലയാളി ബ്യൂറോ