കണ്ണൂർ: തങ്ങളുടെ തിട്ടൂരത്തിനു ഇഷ്ടത്തിനും വഴങ്ങാത്ത സ്ഥാപനങ്ങൾ പൂട്ടിക്കുമെന്ന് ശപഥം ചെയ്തിരിക്കയാണ് സിഐടിയു. കണ്ണൂരിൽ അവർ നടത്തുന്ന തുടർ സമരങ്ങളുടെ സൂചനയും ഇതു തന്നെയാണ്. സിഐടിയുവിന്റെ നേതൃത്വത്തിൽ മാതമംഗലത്തെ ഷോപ്പിൽ സമരം നടത്തി പൂട്ടിച്ചതിന് പിന്നീലെ മറ്റൊരു കടയ്ക്ക് മുമ്പിലും സിഐടിയു സമരത്തിലാണ്.

തുടർച്ചയായി സിഐടിയുവിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരത്തെയും സംഘർഷത്തെയും തുടർന്നാണ് മാതമംഗലത്തെ എസ്ആർ അസോഷ്യേറ്റ്‌സ് എന്ന സ്ഥാപനം ഒരാഴ്ച മുൻപു പൂട്ടിയത്. ഈ കടയിൽ നിന്നു സാധനങ്ങൾ വാങ്ങിയതിന്റെ പേരിൽ സിഐടിയുവിന്റെ ഭീഷണിയുള്ളതിനാൽ മാതമംഗലത്ത് കംപ്യൂട്ടർ സർവീസ് സെന്റർ നടത്തുന്ന അഫ്‌സലിന്റെ സ്ഥാപനവും അടച്ചിട്ടിരിക്കുകയാണ്.

പ്രശ്‌നം പരിഹരിക്കാൻ ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ ചർച്ച നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചെങ്കിലും കടക്കാർക്ക് ഇതു സംബന്ധിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ല. കടയിലെ ജീവനക്കാരെ വച്ച് കയറ്റിറക്കു നടത്താൻ കോടതിവിധി ഉണ്ടായിട്ടും സിഐടിയു തടസ്സപ്പെടുത്തുന്നു എന്നാണു കടയുടമയുടെ ആക്ഷേപം.

മാടായി ശ്രീപോർക്കലി സ്റ്റീൽസ് എന്ന കടയുടെ മുന്നിൽ സിഐടിയു നടത്തുന്ന സമരവും തുടരുകയാണ്. സമരം കാരണം കടയിൽ ആളുകൾ എത്തുന്നില്ല എന്നാണ് ഉടമയുടെ പരാതി. ഇങ്ങനെ പോയാൽ കട പൂട്ടേണ്ടി വരുമെന്നും ഉടമ പറയുന്നു. സ്ഥാപനത്തിലെ ജോലിക്കാരെ ചുമടിറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് സിഐടിയു കൊടികുത്തി സമരം തുടങ്ങിയത്.അറുപത് ലക്ഷം രൂപയുടെ സാധനങ്ങളാണ് കെട്ടിക്കിടക്കുന്നതെന്ന് ഉടമ പറയുന്നു. സമരം തുടർന്നാൽ കട പൂട്ടേണ്ട അവസ്ഥയാണെന്നും ടിവി മോഹൻ ലാൽ പറയുന്നു.

കണ്ണൂർ മാതമംഗലത്തെ സിഐടിയു സമരത്തെ തുടർന്ന് ഹാർഡ്‌വെയർ സ്ഥാപനം പൂട്ടിയിരുന്നു. സാധനം വാങ്ങാനെത്തുന്നവരെ വഴിയിലിട്ട് തല്ലുമെന്നായിരുന്നു സി ഐ ടി യു ഭീഷണി. അതേസമയം സമരം കാരണമല്ല ലൈസൻസ് ഇല്ലാത്തതുകൊണ്ടാണ് മാതമംഗലത്തെ ഹാർഡ്‌വെയർ സ്ഥാപനം പൂട്ടേണ്ടി വന്നതെന്ന തൊഴിൽ മന്ത്രിയുടെ വാദവും ഇതിനിടെ കള്ളമാണെന്ന് വ്യക്തമായിരുന്നു. ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും സ്ഥാപനം അനുമതിയിൽ കൂടുതൽ സ്ഥലം ഉപയോഗിക്കുന്നത് ക്രമപ്പെടുത്താനുള്ള നോട്ടീസ് മാത്രമാണ് നൽകിയതെന്നും എരമം കുറ്റൂർ പഞ്ചായത്ത് വിശദീകരിച്ചിരുന്നു.

അതേസമയം സമരത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അടക്കം രംഗത്തെത്തിയിരുന്നു. തൊഴിൽ നിഷേധത്തിനെതിരെയാണ് സമരമെന്നായിരുന്നു ന്യായീകരണം.