കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഏപ്രിൽ 17-നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. ഇതേത്തുടർന്ന് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ സിവിക് ഒളിവിൽ പോയി.

കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.

എസ്.സി എസ്.ടി ആക്ട് പ്രകാരം സിവികിനെതിരെയുള്ള കുറ്റം നിലനിൽക്കുമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നുമായിരുന്നു ജില്ലാ പ്രോസിക്യൂട്ടർ വാദിച്ചത്. ഇതേ ആൾക്കെതിരെ വീണ്ടും പീഡന പരാതി വന്നിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

എന്നാൽ ഊന്നുവടിയില്ലാതെ നടക്കാൻ പോലുമാകാത്തയാളാണ് ആരോപണ വിധേയനെന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഇത് അന്വേഷിപ്പിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. വാട്‌സാപ്പ് സന്ദേശങ്ങളും ഫോട്ടോകളും പ്രതിഭാഗം ഹാജരാക്കിയിരുന്നു.

മറ്റൊരു എഴുത്തുകാരി കൂടിസിവിക് ചന്ദ്രനെതിരേ പീഡന ആരോപണമയുർത്തി രംഗത്ത് വന്നിട്ടുണ്ട്. ഈ പരാതിയിലും കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.