തൃശൂർ: ഡിജിപിയുടെ തൊപ്പിയുടെ ചെരിവ് നേരെയാക്കാൻ പോയ ചാലക്കുടി പൊലീസുകാരന് സസ്‌പെൻഷൻ. ചാലക്കുടി സ്വദേശി ജോഫാണ് സസ്‌പെൻഷനിലായത്. ഗ്രൂപ്പും വിഷയവും മാറി തെറി വിളിച്ചെന്ന ജോഫിന്റെ അപേക്ഷ അധികൃതർ ചെവിക്കൊള്ളാതെയാണ് ഇയാളെ സസ്‌പെന്റ് ചെയ്തത്. പൊലീസുകാർക്ക് ചരിഞ്ഞ തൊപ്പി ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പൊലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഡി.ജി.പിക്ക് അസഭ്യം വിളിയായിരുന്നു ലഭിച്ചത്. തൃശൂർ സായുധസേന ക്യാമ്പിലെ പൊലീസുകാർ ഒന്നടങ്കം അംഗമായ 'സായുധസേന തൃശൂർ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് അസഭ്യവർഷം അരങ്ങേറിയത്.

സിഐ മുതൽ സിവിൽ പൊലീസ് ഓഫിസർമാർ വരെയുള്ളവർക്ക് ചരിഞ്ഞ തൊപ്പി ഏർപ്പെടുത്താനുള്ള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിനെക്കുറിച്ച് കഴിഞ്ഞ ദിവസത്തെ പത്രവാർത്ത സേനാംഗങ്ങളിലൊരാൾ ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു. ഈ വാർത്തക്ക് കീഴിൽ കമന്റ് ആയാണ് അസഭ്യം രേഖപ്പെടുത്തിയത്. ഗ്രൂപ്പിലെ മറ്റംഗങ്ങൾ ഇതിനെതിരെ രൂക്ഷവിമർശനവുമുയർത്തി. പൊലീസിന്റെ ഭാഷയും പെരുമാറ്റവും നന്നാക്കണമെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും ഉൾപ്പെടെ ആവർത്തിച്ച് നിർദ്ദേശിക്കുന്നതിനിടെയാണ് ഡി.ജി.പിക്കെതിരെ പൊലീസുകാരന്റെ അസഭ്യ പ്രയോഗം.

എന്നാൽ, ഫോണിലെ ഡിക്ഷണറി ഓൺ ചെയ്തിരുന്നതിനാൽ താൻ ടൈപ്പ് ചെയ്ത വാചകം അബദ്ധത്തിൽ മാറിപ്പോയതാണെന്നും അസഭ്യമോ അനാവശ്യ പ്രയോഗമോ ആയിരുന്നില്ല നടത്തിയിരുന്നതെന്നുമാണ് പൊലീസുകാരൻ ഇതുസംബന്ധിച്ച് മേലുദ്യോഗസ്ഥരെ അറിയിച്ചത്. സംഭവത്തിൽ സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയ ശേഷമാണ് നടപടി എടുത്തത്. ഇക്കഴിഞ്ഞ ദിവസം മനോരമ പത്രത്തിൽ ഡി.ജി.പി. നടത്തിയ ഒരു പ്രസ്താവനയാണ് ചാലക്കുടിക്കാരൻ പൊലീസ് ജോഫിന് സസ്‌പെൻഷൻ നേടിക്കൊടുത്തത്. ചെരിഞ്ഞ തൊപ്പി പൊലീസുകാർക്കും ധരിക്കാമെന്നായിരുന്നു ഡി.ജി.പി. നടത്തിയ പ്രസ്താവന.

ജില്ലാ സായുധ സേനയിലെ പൊലീസുകാരുടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഡി.ജി.പി.യുടെ പ്രസ്താവനയ്ക്ക് ജോഫ് തെറി പോസ്റ്റിട്ടത്. തെറി അൽപ്പം കടുപ്പമായിപ്പോയി. തെറി ആസ്വദിച്ച സഹ ഏമാന്മാർ തെറി പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് തത്സമയം തന്നെ ഡി.ജി.പി. യ്ക്ക് അയച്ചുകൊടുത്തു. തെറിവിളിച്ചതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഏമാന്മാർ പരസ്പരം ഷെയർ ചെയ്തുകൊണ്ട് ആഘോഷമാക്കിയതിനുശേഷമാണ് ഈ കടുത്ത വഞ്ചന കാണിച്ചത്.

ചെരിഞ്ഞ തൊപ്പിയും പുളിച്ച തെറിയും തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ രാഹുൽ ആർ.നായരും നേരിൽ കണ്ടു. ഉടനടി നടപടിയും വന്നു. വിവരം മാധ്യമങ്ങളിലും മറ്റും വാർത്തയായതാണ് ജോഫിനെതിരെ നടപടിഎടുക്കാൻ സമ്മർദ്ദമായതെന്നാണ് പറയുന്നത്. പൊലീസ് അതിക്രമങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായതിനെ തുടർന്ന് കേരള പൊലീസ് ഇപ്പോൾ പ്രതിരോധത്തിലായതും ജോഫിനെതിരെയുള്ള നടപടിയുടെ വേഗം കൂട്ടി. എന്തായാലും തൊപ്പിയുടെ ചെരിവ് നോക്കാൻ പോയ ചാലക്കുടിക്കാരൻ ജോഫിന് എട്ടിന്റെ പണി കിട്ടി. മറ്റുള്ളവർക്ക് വരാനുള്ള പണിയുടെ മുന്നറിയിപ്പും.