- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയാ നിയന്ത്രണത്തിൽ ഡിജിപി സെൻകുമാറിനെ കളിയാക്കി ഫേസ്‌ബുക്ക് പോസ്റ്റിട്ട പൊലീസുകാരന് സസ്‌പെൻഷൻ; ഫേസ്‌ബുക്ക് പോസ്റ്റ് തയ്യാറാക്കിയതിന് പിന്നിൽ ബാഹ്യപ്രേരണയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; വിവാദം രാജേഷിന് പുത്തരിയല്ല
പത്തനംതിട്ട: സമൂഹമാദ്ധ്യമങ്ങളിൽ പൊലീസുകാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ് മേധാവി ടി പി സെൻകുമാറിനെ പരസ്യമായി വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സിവിൽ പൊലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. അച്ചടക്കലംഘനം എന്ന് കാരണം പറഞ്ഞാണ് പത്തനംതിട്ട എ ആർ ക്യാമ്പിലെ പൊലീസുകാരനായ രാജേഷ് കുമാറിനെ സസ്‌പെന്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ടി. നാരായണ
പത്തനംതിട്ട: സമൂഹമാദ്ധ്യമങ്ങളിൽ പൊലീസുകാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ് മേധാവി ടി പി സെൻകുമാറിനെ പരസ്യമായി വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സിവിൽ പൊലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. അച്ചടക്കലംഘനം എന്ന് കാരണം പറഞ്ഞാണ് പത്തനംതിട്ട എ ആർ ക്യാമ്പിലെ പൊലീസുകാരനായ രാജേഷ് കുമാറിനെ സസ്‌പെന്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ആണ് നടപടി സ്വീകരിച്ചത്.
അതേസമയം, രാജേഷ് അല്ല പോസ്റ്റ് തയാറാക്കിയതെന്നും പിന്നിൽ മറ്റാരോ ഉണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം സൂചന നൽകി. രാജേഷിന് വിവാദങ്ങൾ പുത്തരിയല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മൽസരിച്ച് തോറ്റ സ്വന്തം അമ്മയ്‌ക്കെതിരേയും ഇയാൾ പോസ്റ്റിട്ടു. അതിന്റെ കള്ളി വെളിച്ചത്തായെങ്കിലും ചെറിയ മാറ്റം വരുത്തി തലയൂരുകയായിരുന്നു. പബ്ലിസിറ്റി ഭ്രമമാണ് ഇയാളെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്ന് സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും വെളിപ്പെടുത്തുന്നു.
ഡി.ജി.പിയുടെ നിർദേശത്തെ തുടർന്ന് സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പി വി.കെ. രാജു, രാജേഷ്‌കുമാറിനെ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. നൂറനാട് താമരക്കുളം സ്വദേശി രാജേഷ്‌കുമാർ ആദ്യമായല്ല വിവാദം ഉണ്ടാക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സ്വന്തം അമ്മ തന്റെ ഒരു വോട്ട് കൊണ്ടാണ് തോറ്റതെന്ന് അവകാശപ്പെട്ട് ഇയാൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.
താമരക്കുളം പഞ്ചായത്ത് ആറാം വാർഡിലാണ് (കൊക്കാട്ടുശേരി നോർത്ത്) രാജേഷിന്റെ മാതാവ് ജഗദമ്മ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. ജഗദമ്മ ഒരു വോട്ടിന് തോറ്റുവെന്നും സർക്കാർ ഉദ്യോഗസ്ഥനായ തന്റെ ഒരു തപാൽ വോട്ടാണ് മാതാവിന്റെ പരാജയത്തിന് കാരണമെന്നും അവകാശപ്പെട്ട് രാജേഷ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. എൽ.ഡി.എഫ് അനുഭാവിയായ താൻ ബിജെപിക്കും നരേന്ദ്രമോദിക്കും എതിരേയുള്ള പ്രതിഷേധമായിട്ടാണ് എതിർത്ത് വോട്ടു ചെയ്തതെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ഈ പോസ്റ്റ് വൈറലാകാൻ അധികം താമസം വേണ്ടിവന്നില്ല. എന്നാൽ, രാജേഷിന്റെ പോസ്റ്റ് പച്ചക്കള്ളമാണെന്ന് തെളിവുസഹിതം ചിലർ ഫേസ്‌ബുക്കിലിട്ടതോടെ ഇയാൾ പിൻവലിഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് പ്രകാരം ഒറ്റവോട്ടിന് പരാജയപ്പെട്ടത് രാജേഷിന്റെ മാതാവ് ജഗദമ്മയല്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥി ചന്ദ്രികാഭായി ആണെന്നും തെളിഞ്ഞിരുന്നു. ഇവിടെ വിജയിച്ച സിപിഐയുടെ സ്ഥാനാർത്ഥിക്ക് 359 വോട്ടും, ചന്ദ്രികാഭായിക്ക് 358 വോട്ടും ലഭിച്ചു. മൂന്നാം സ്ഥാനത്ത് വന്ന ജഗദമ്മയ്ക്ക് കിട്ടിയത് 353 വോട്ടായിരുന്നു. പണി പാളിയതോടെ പിറ്റേന്ന് തന്നെ പോസ്റ്റ് എഡിറ്റ് ചെയ്ത് രാജേഷ് തലയൂരി. അമ്മ പരാജയപ്പെടാൻ തന്റെ ഒരു വോട്ടും കാരണമായി എന്നായിരുന്നു തിരുത്തിയത്.ശക്തമായ ഭാഷയിലും സെൻകുമാറിന്റെ ചെയ്തികളെ വിമർശിച്ചും തയാറാക്കിയിട്ടുള്ള പോസ്റ്റിൽ അന്താരാഷ്ട്ര വിഷയങ്ങൾ വരെ പരാമർശിച്ചിട്ടുണ്ട്.
'നിശബ്ദതയുടെ പേരാണ് മരണം' എന്ന തലക്കെട്ടിലാണ് പോസ്റ്റ് തുടങ്ങുന്നത്ൃ:
ഡി.ജി.പി ഇറക്കിയ പുതിയ സർക്കുലർ പ്രകാരം പൊലീസുദ്യോഗസ്ഥർ ജനാധിപത്യ വ്യവസ്ഥയുടെ അനിഷേധ്യമായ പ്രവർത്തനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ടിരിക്കുന്നുവെന്ന് പറയുന്ന പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.
കലാഭവൻ മണിക്കെതിരെ പൊലീസ് നടപടിയെടുത്തപ്പോൾ താങ്കൾ മാദ്ധ്യമസമക്ഷം ആരോപണമുന്നയിച്ചു, പൊലീസ് ജാതീയമായ പരിഗണനകൾ വച്ച് പുലർത്തുന്നുവെന്ന്.
താങ്കൾ ജോലി രാജിവച്ച് രാഷ്ര്ടീയ പാർട്ടി രൂപീകരിച്ചതിന് ശേഷമല്ല ആ പ്രസ്താവന നടത്തിയത്. എന്നാൽ, ജേക്കബ് തോമസ് സാർ അദ്ദേഹത്തിന്റെ ഭാഗം മാദ്ധ്യമങ്ങളോട് വിശദീകരിച്ചപ്പോൾ താങ്കൾ പറഞ്ഞു; 'രാജിവച്ച് രാഷ്ര്ടീയ പാർട്ടി രൂപീകരിക്കട്ടെ'.
പൊലീസ് പരിഷ്‌കരണ ശ്രമങ്ങളെ (പ്രത്യാശകളെ) പിന്തുണച്ചിരുന്ന താങ്കളെ ഞാൻ ആദ്യമായ് കാണുന്നത് ആറ•ുള ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് !പത്തനംതിട്ട ജില്ലയിലെ എല്ലാ സബ് ഡിവിഷനിൽ നിന്നും പൊലീസുകാർ, വാഹനങ്ങൾ, ക്ഷേത്ര മുറ്റത്തും റോഡിലുടനീളവും പൊലീസ് !
വ്യക്തിയുടെ സ്വകാര്യവും ആത്മീയവുമായ കാര്യമാണ് ആരാധനാലയ സന്ദർശനം. താങ്കൾ മതത്തെ ഔദ്യോഗിക ജീവിതത്തിലേക്ക് ബന്ധിപ്പിച്ചത് മതനിരപേക്ഷതയിലും അഭിപ്രായസ്വാതന്ത്ര്യത്തിലും മാത്രം നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തിൽ ഏൽപ്പിച്ചത് ആഴമേറിയ മുറിപ്പാടുകളാണ്. മതപരമായ സ്വകാര്യ സന്ദർശനത്തിന് ഒരു ജില്ലയിലെ പൊലീസ് സംവിധാനത്തിനെ ദുരുപയോഗം ചെയ്തു. താങ്കൾ കടന്നു വന്ന ഓരോ സ്റ്റേഷൻ പരിധിയിലെയും പൊലീസിന് അവരുടെ ചുമതലകൾ എല്ലാം മാറ്റിവച്ച് അകമ്പടി സേവിക്കേണ്ടി വന്നു.
ആയിരക്കണക്കിന് തെളിയിക്കപ്പെടാത്ത കേസുകൾ, കാണാതാകുന്ന കുട്ടികൾ, കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ ....ഇവയുടെ മധ്യത്തിൽ നിന്നാണ് പൊലീസ്, ഒരുദ്യോഗസ്ഥന്റെ സ്വകാര്യ താൽപര്യത്തിനായ് പിൻവലിക്കപ്പെടുന്നത്.
താങ്കൾ അന്നേ ദിവസം അവധിയിലായിരുന്നോ? ആണെങ്കിൽ ഔദ്യോഗിക വാഹനവും സംവിധാനങ്ങളും ഉപയോഗിച്ചത് എന്തുകൊണ്ട് ?
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനേക്കാൾ സുരക്ഷാ ഭീതി താങ്കൾക്ക് ഉണ്ടാകുന്നതെങ്ങനെ?
ഒരു ക്രിമിനലിന് വാറന്റ് നടപ്പാക്കാൻ പോകുന്ന സാദാ പൊലീസുകാരൻ നേരിടുന്ന സുരക്ഷാ ഭീഷണിയുടെ പത്തിലൊന്ന് ഭീഷണി നാം നേരിടുന്നുണ്ടോ ?
താങ്കൾ മതസാമുദായിക സ്ഥാപനങ്ങളെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് ശരിവക്കുകയും രാഷ്ട്രീയത്തെ തെറ്റാക്കുകയും ചെയ്തു ആഴ്ചകൾക്ക് മുൻപ് പണ്ഡിതനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ജ്യോതിഷികളുടെ ചടങ്ങിൽ സംബന്ധിച്ച് പ്രഖ്യാപിച്ചു. പൊലീസ് കേസുകൾ തെളിയിക്കാൻ ജോത്സ്യരെ ഉപയോഗിച്ചിട്ടുണ്ട്.
പൊലീസ് വകുപ്പ് നമുക്ക് പിരിച്ച് വിടാം. ജോത്സ്യന്മാർ ക്രൈം ഇൻവെസ്റ്റിഗേഷൻ നടത്തട്ടെ, ഹനുമാൻ സേന സമരങ്ങൾ നേരിടട്ടെ, ഡി.ജി.പി വള്ളസദ്യ ഉദ്ഘാടനം ചെയ്യട്ടെ, എന്ത് മതനിരപേക്ഷത! എന്ത് ജനാധിപത്യം! എന്ത് രാഷ്ര്ടീയം!
10 മാസം പ്രായമുള്ള കുഞ്ഞിനെ പാരച്യൂട്ടിൽ കയറ്റുന്നിടം മുതൽ ബ്യൂട്ടി പാർലർ ഉദ്ഘാടനത്തിന് വരെ പൊലീസുദ്യോഗസ്ഥർ പൊതുചെലവിൽ കൊഴുപ്പേകുന്നു.
ഈ പൊലീസ് ബീഫ് പൊലീസ് (മോറൽ പൊലീസ്)ആകാൻ ദൂരമില്ല. താങ്കളുടെ സർക്കുലറിലെ ഭൂരിഭാഗം വിഷയങ്ങളും നിലവിലുള്ള നിയമങ്ങൾ പ്രകാരം തന്നെ കുറ്റകരമാണ്. പക്ഷേ അതോടൊപ്പം ഉൾപ്പെടുത്തിയ രണ്ടു ഭാഗങ്ങൾ ബർമയിലെ പട്ടാള ഭരണകൂടവും ഉത്തര കൊറിയയിലെ ഏകാധിപത്യ ഭരണകൂടവും മാത്രം നടപ്പാക്കുന്ന തരത്തിലുള്ളതാണ്.
എഴുതിയിരിക്കുന്ന കാര്യങ്ങളൊന്നും എന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും, രാഷ്ര്ടീയ അവബോധമുള്ള ഒരു പൗരന്റെ ചിന്തകൾ ഉണ്ടാക്കുന്ന അപകടം മാത്രമാണെന്നും, മേലിൽ ഞാൻ ചിന്തിക്കില്ലെന്നും, സർക്കുലർ പ്രകാരം ബോധശൂന്യനായി ജീവിച്ചു കൊള്ളാമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റ് ഡിജിപിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഡിജിപിയുെട നിർദേശപ്രകാരം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി രാജു രാജേഷ് കുമാറിനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.