പാലാ: ഇക്കഴിഞ്ഞ ദിവസം യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലപ്രഖ്യാപനത്തിൽ പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിന് തിളക്കമാർന്ന നേട്ടം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാലാ, തിരുവനന്തപുരം ക്യാമ്പസുകളിൽ പരിശീലനം നേടി പരീക്ഷ എഴുതിയ വരിൽ 65 പേർ പ്രിലിമിനറി പരീക്ഷ പാസ്സായി മെയിൻ പരീക്ഷയ്ക്കുള്ള യോഗ്യത നേടി. വിജയികളെ ഇൻസ്റ്റിറ്റൂട്ട് മാനേജർ മോൺ. ഫിലിപ്പ് ഞരളക്കാട്ട്, പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൻ എന്നിവർ അഭിനന്ദിച്ചു.

പരീക്ഷാസമ്പ്രദായത്തിലെ പുതിയ പരിഷ്‌ക്കാരങ്ങൾക്കനുസൃതമായി കോച്ചിങ്ങിൽ വരുത്തിയ മാറ്റങ്ങളാണ്, മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തു മൊത്തം വിജയിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായപ്പോഴും പാലാ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ കാരണമായതെന്ന് പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൻ അഭിപ്രായപ്പെട്ടു.