ഹൈദരാബാദ്: 'ആവേശകരമാണിത്, അഖിലേന്ത്യാ പരീക്ഷയിൽ ഒന്നാമനായെന്നത് ഇനിയും ഉൾക്കൊള്ളാനാകുന്നില്ല' -തെലങ്കാനക്കാരൻ അനുദീപ് ദുരിഷെട്ടി ലക്ഷ്യം നേടി. സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്കു നേടിയ അനുദീപിന് ഇനിയുള്ളത് പുതിയ കർമ്മപഥം. തന്റെ അഞ്ചാമത്തെയും അവസാനത്തേതുമായ അവസരത്തിലാണ് അനുദീപ് സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാമനായത്. നിലവിൽ ഇന്ത്യൻ റവന്യൂ സർവീസിൽ (ഐആർഎസ്) ഹൈദരാബാദ് അസിസ്റ്റന്റ് കമ്മിഷണറായാണ് ഈ ഐആർഎസ് 2014 ബാച്ച് അംഗം സേവനമനുഷ്ഠിക്കുന്നത്.

ഹരിയാന സോനിപ്പത്ത് സ്വദേശി അനു കുമാരി രണ്ടാം റാങ്കും സച്ചിൻ ഗുപ്ത മൂന്നാം റാങ്കും നേടി. ആദ്യത്തെ 25 റാങ്കിൽ എട്ടുപേർ വനിതകളാണ്. പൂർണമായും കാഴ്ചയില്ലാത്ത ബെനോ സെഫൈൻ, ദിവ്യാംഗവിഭാഗത്തിൽപെട്ട സൗമ്യ ശർമ എന്നിവർ ആദ്യറാങ്കുകളിലെത്തി ചരിത്രം സൃഷ്ടിച്ചു. ഇത്തവണ 990 പേരാണു സിവിൽ സർവീസ് പട്ടികയിലുള്ളത്. പൊതുവിഭാഗത്തിൽ 476, ഒബിസി 275, പട്ടികവിഭാഗം 239. ഐഎഎസ് 180, ഐപിഎസ് 150, ഐഎഫ്എസ് 42 എന്നിങ്ങനെയാണ് ഇത്തവണത്തെ ഒഴിവ്. ഗ്രൂപ്പ് എ സർവീസുകളിൽ 565, ഗ്രൂപ്പ് ബിയിൽ 121 ഒഴിവുകളുമുണ്ട്. മൊത്തം 1058.

പിന്നാക്ക വിഭാഗക്കാരനാണ് അനുദീപ് ദുരിഷെട്ടി. നരവംശശാസ്ത്രം പ്രധാന വിഷയമായെടുത്താണ് അനുദീപ് മെയിൻ പരീക്ഷയെഴുതിയത്. മാനവരാശിയുടെയും സമൂഹത്തിന്റെയും പരിണാമം സിദ്ധാന്തവത്കരിക്കുന്ന വിഷയത്തോട് അനുദീപിന് താൽപ്പര്യം ഏറെയായിരുന്നു. തെലങ്കാന കേഡറാണു സിവിൽ സർവീസിൽ അനുദീപ് തിരഞ്ഞെടുത്തത്. ഏറെ പ്രക്ഷോഭങ്ങൾക്കു ശേഷം രൂപം കൊണ്ട സ്വന്തം സംസ്ഥാനത്തെ സേവിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അനുദീപ് പറയുന്നു.

തെലങ്കാനയിലെ ഉൾപ്രദേശമായ മെട്ട്പള്ളിയിൽ ഡി.മനോഹരന്റെയും ജ്യോതിയുടെയും മകനാണ് അനുദീപ്. അച്ഛൻ മനോഹരൻ തെലങ്കാന നോർത്തേൺ പവർ ഡിസ്ട്രിബ്യുഷൻ കമ്പനിയിൽ അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർ. ജ്യോതി വീട്ടമ്മ. മെട്ട്പള്ളിയിലെ ശ്രീ സുര്യോദയ ഹൈസ്‌കൂളിൽ നിന്നു പഠനം കഴിഞ്ഞിറങ്ങി. രാജസ്ഥാനിലെ പിലാനിയിലെ പ്രശസ്തമായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസസിൽ (ബിറ്റ്‌സ്) ഇലക്ട്രോണിക്‌സ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിന് സീറ്റുനേടി.

2011ൽ ബിടെക് ബിരുദം. തൊട്ടുപിന്നാലെ സിവിൽ സർവീസിനു ശ്രമം തുടങ്ങി. ആദ്യ അവസരത്തിൽ അഭിമുഖ പരീക്ഷയിൽ പരാജയപ്പെട്ടു. തുടർന്നു ഹൈദരാബാദിലെ ഗൂഗിൾ ഇന്ത്യ ഓഫിസിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി. ഗൂഗിളിൽ ജോലി ചെയ്യുമ്പോഴും മനസ്സിൽ സിവിൽ സർവ്വീസായിരുന്നു മോഹം. അങ്ങനെ സിവിൽ സർവീസിനായി ശ്രമം തുടർന്നു. 2013ൽ രണ്ടാം അവസരത്തിൽ ഇന്ത്യൻ റവന്യൂ സർവീസ് ലഭിച്ച അനുദീപ് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസിൽ ഓഫിസറായി. പക്ഷേ തൃപ്തിനായില്ല. വീണ്ടും വീണ്ടും എഴുതി. ഒടുവിൽ ഒന്നാം റാങ്കും ഐഎഎസും സ്വന്തമാക്കുകയാണ് തെലുങ്കാനക്കാരൻ

33 മലയാളികളാണ് റാങ്ക് പട്ടികയിലുണ്ട്. നൂറ് റാങ്കിനുള്ളിൽ നാലു മലയാളികൾ ഇടം നേടി. 16-ാം റാങ്ക് നേടിയ ശിഖ സുരേന്ദ്രൻ (എറണാകുളം), അഞ്ജലി (കോഴിക്കോട് - റാങ്ക് 26), സമീറ (റാങ്ക് - 28) എന്നിവരാണു കേരളത്തിൽ നിന്ന് പട്ടികയിലെ മുൻനിരയിലുള്ളവർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രമിത്ത് 210-ാം റാങ്ക് നേടി. കോലഞ്ചേരി വടയമ്പാടി കാവനാക്കുടിയിൽ കെ.കെ.സുരേന്ദ്രന്റെയും സിലോയുടെയും മകളായ ശിഖ, ജീവിതപ്രതിസന്ധികളെ അതിജീവിച്ചാണ് ഏഴു സെന്റിലെ കൊച്ചുവീട്ടിലേക്ക് ഐഎഎസ് എത്തിച്ചത്.

സിവിൽ സർവീസ് റാങ്ക് പട്ടികയിലുള്ള മലയാളികൾ

ശിഖ സുരേന്ദ്രൻ (16), എസ്. അഞ്ജലി (26), എസ്.സമീറ (28), ഹരി കല്ലിക്കാട്ട്(58), സതീഷ്.ബി.കൃഷ്ണൻ (125), എസ്. സുശ്രീ (151), എം.എസ്. മാധവിക്കുട്ടി (171), അഭിജിത് ആർ. ശങ്കർ (181) വിവേക് ജോൺസൺ (195), പി.പി. മുഹമ്മദ് ജുനൈദ് (200), രമിത്ത് ചെന്നിത്തല(210), ഉത്തരാ രാജേന്ദ്രൻ (240), അഞ്ജന ഉണ്ണിക്കൃഷ്ണൻ(382), സദ്ദാം നവാസ് (384), എം.രഘു(390), രാധിക സുരി (425), ആനന്ദ് മോഹൻ (472) സി.എസ്. ഇജാസ് അസ്ലം (536), കെ. മുഹമ്മദ് ഷബീർ (602), ടി.കെ.വിഷ്ണു പ്രദീപ് (604), ദേവകി നിരഞ്ജന(605), സി.എം.ഇർഷാദ് (613), ടി.ടി. അലി അബൂബക്കർ(622), ആർ. രഹ്ന(651), എൻ.എസ്.അമൽ (655), ചിത്രാ വിജയൻ (681), അജ്മൽ ഷഹ്‌സാദ് അലിയാർ റാവുത്തർ (709), അഫ്‌സൽ ഹമീദ് (800), ജിതിൻ റഹ്മാൻ (808), യു.ആർ. നവീൻ ശ്രീജിത്ത് (825), നീനു സോമരാജ് (834), ആർ. അർജുൻ (847), എസ്. അശ്വിൻ(915)