കോട്ടയം: വിദ്യാഭ്യാസകാര്യത്തിൽ സംസ്ഥാനത്തെ മറ്റ് ജില്ലകളേക്കാൾ മുന്നിലാണ് കോട്ടയം ജില്ല. ക്രിസ്ത്യൻ മിഷിണറിമാരുടെ പ്രവർത്തനം തുടങ്ങിയ കാലങ്ങളിൽ ഇവിടെ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം എന്നത് തന്നെയാണ് പിൽക്കാലത്ത് വിദ്യാഭ്യാസത്തിൽ ജില്ല മേൽക്കൈ നേടാൻ കാരണമായതും. ജില്ലയിൽ തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശോഭിച്ചവരും ഉന്നത ഉദ്യോഗസ്ഥ പദവിയിൽ എത്തിയവരുടെയും വിവരങ്ങൾ കൂടി പരിശോധിച്ചാൽ മുന്നിൽ നിൽക്കുന്ന പ്രദേശം ചങ്ങനാശ്ശേരി. നിരവധി ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥർക്ക് ജന്മം നൽകിയ ദേശം കൂടിയാണ് ചങ്ങനാശ്ശേരി. രാജു നാരായണ സ്വാമിയും സിബി മാത്യുസും അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ ഇക്കൂട്ടത്തിൽ പെടും. ഏറ്റവും ഒടുവിൽ ചങ്ങനാശ്ശേരിയെന്ന പ്രദേശം ശ്രദ്ധ നേടുന്നത് സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ രേണു രാജുവിലൂടെയാണ്.

രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട പരീക്ഷയിൽ വിജയം നേടിയ രോണു രാജു ചങ്ങനാശ്ശേരി മലകുന്നം ശ്രീശൈലത്തിൽ എം.കെ. രാജകുമാരൻ നായരുടെ മകളാണ്. സ്‌കൂൾതലം മുതൽ സിവിൽ സർവീസ് സ്വപ്‌നം കണ്ട രേണു തീവ്രമായ പരിശ്രമത്തോടെ അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയപ്പോൾ ചങ്ങനാശ്ശേരിക്കാർക്ക് മുഴുവൻ അത് അഭിമാന നേട്ടമായി. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളിൽ നിന്ന് പത്താം റാങ്കോടെയാണ് രേണു എസ്എസ്എൽസി പാസായത്.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കി. 2013 ൽ ഹൗസ് സർജൻസി പൂർത്തിയാക്കി. കൊല്ലം കല്ലുവാതുക്കൽ ഇഎസ്‌ഐ ആശുപത്രിയിൽ ഡോക്ടറായി പ്രവേശിച്ച് ജോലി നോക്കവേയായിരുന്നു ഐഎഎസിൽ ഒപ്ഷണൽ സബ്ജക്ട് മലയാളമായി ഐഎഎസ് എടുത്തതും. മലയാളം ഒപ്ഷണൽ സബ്ജക്ട് ആയി എടുത്ത് ഐഎഎസ് നേടിയ രേണു കേരളക്കരയ്ക്ക് ആകെ അഭിമാനമായി. ചങ്ങനാശ്ശേരിക്കാരായ തന്റെ പൂർവികരുടെ പാത പിന്തുടരാൻ സാധിച്ചത് തന്നെയാണ് രേണുവിനെ സന്തോഷിപ്പിക്കുന്നത്.

സിവിൽ സർവീസിൽ ഇന്ത്യകണ്ട ഏറ്റവും മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത രാജു നാരായണ സ്വാമിയായിരുന്നു. സിവിൽ സർവീസിലെ ആദ്യറാങ്ക് കോട്ടയം ജില്ലയിൽ എത്തിച്ചത് ചങ്ങനാശ്ശേരിക്കാരനായ രാജു നാരായണസ്വാമി ആയിരുന്നു. അന്ന് അദ്ദേഹം നേടിയ ഒന്നാം റാങ്ക് ഇപ്പോഴും ആർക്കും തകർക്കാൻ പറ്റാത്ത റെക്കോർഡായി നിലനിൽക്കുന്നു. 1991ലായിരുന്നനു ഇന്ന് കേരള പ്രിന്റിങ് ആൻഡ് സ്‌റ്റേഷനറി വകുപ്പിന്റെ സെക്രട്ടറിയായ സ്വാമിയുടെ ഐഎഎസ് നേട്ടം.

ചങ്ങനാശ്ശേരിയിലെ സ്‌കൂളിൽ എസ്എസ്എൽസിയിൽ ഒന്നാം റാങ്ക് നേടിയത് മുതൽ രാജു നാരായണ സ്വാമി ഒന്നാം റാങ്ക് നേടിയിരുന്നു. അത് പിന്നീട് പഠിക്കുന്ന വിഷയത്തിലൊക്കെ റാങ്കുകൾ നേടുന്നത് ഒരു തുടർക്കഥയായി. പ്രീഡിഗ്രിക്ക് യൂണിവേഴ്‌സിറ്റിയിൽ ഫസ്റ്റ് ഗ്രൂപ്പിന് ഒന്നാംറാങ്ക്. എൻജിനീയറിങ് പ്രവേശപരീക്ഷയിൽ ഉയർന്ന സ്ഥാനം കിട്ടി. മദ്രാസ് ഐഐടിയിൽ നിന്നും പഠിച്ചിറങ്ങിയത്. 1991ൽ എൻജിനീയറിങ് ഉപരിപഠനത്തിനുള്ള ഗേയ്റ്റ് പരീക്ഷയിലും ഒന്നാംറാങ്ക്. ആ വർഷമാണ് റാങ്കോടെ ഐഎഎസ് നേടിയത്. പിന്നീട് രണ്ട് പിഎച്ച്.ഡി. ഡൽഹിയിലെ ദേശീയ ദുരന്തനിവാരണ മാനേജ്‌മെന്റ് സ്റ്റഡീസിന്റെ പത്ത് കോഴ്‌സും പൂർത്തീകരിച്ചു. സർവീസിൽ മികവുതെളിയിച്ച ഉദ്യോഗസ്ഥനായ അദ്ദേഹം സ്വന്തം ജില്ലയായ കോട്ടയം ഉൾെപ്പടെ അഞ്ചുജില്ലയിൽ കളക്ടറായി. മാർക്കറ്റ് ഫെഡ് എം.ഡി., സിവിൽ സർവീസ് കമ്മീഷണർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കേരളത്തിലെ മുഖ്യവിവരാവകാശ കമ്മിഷണറായ സിബി മാത്യുസ് ഐപിഎസാണ് ചങ്ങനാശ്ശേരിക്കാരൻ എന്ന നിലയിൽ ശ്രദ്ധ നേടിയ മറ്റൊരു വ്യക്തി. 1977ലാണ് സിബി മാത്യുസ് കേരളാ കേഡറിൽ ഐപിഎസ് നേടുന്നത്. സുപ്രധാനമായ പല കേസുകളും അന്വേഷിച്ചിട്ടുള്ള ഇദ്ദേഹം പിന്നീട് പല സുപ്രധാന തസ്തികകളിലും ജോലി ജോലി ചെയ്തു. ചങ്ങനാശ്ശേരിക്കാരനാണ് എന്നതിൽ അഭിമാനിക്കുന്ന ഉദ്യോഗസ്ഥൻ കൂടിയാണ് ഇദ്ദേഹം.

ഐജി ടോമിൻ തച്ചങ്കരിയാണ് മറ്റൊരു ചങ്ങനാശ്ശേരിക്കാരനായ ഐപിഎസുകാരൻ. കേരളാ കേഡറിൽ ഉള്ള ഐഎഎസ് ഐപിഎസുകാരെ കൂടാതെ തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവരും ചങ്ങനാശ്ശേരിയിൽ നിന്നുന്നുമുണ്ട്. ഉത്തർപ്രദേശിലെ മുൻ അഡീഷണൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ഡോ. ജേക്കബ് തോമസാണ് ഇതിൽ പ്രധാനി. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെയും പെട്രോനെറ്റിന്റെയും ചെയർമാനായി അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്.

രാജസ്ഥാനിൽ ഡിജിപി ആയിരുന്ന എം കെ ദേവരാജൻ, മുൻ റോ മേധാവി കെ എസ് മണി, ഐആർഎസ് ഉദ്യോഗസ്ഥനായ ഷാജി പി ജേക്കബ് തുടങ്ങിയവരും ചങ്ങനാശ്ശേരിയുടെ ഉദ്യോഗത്തിലൂടെ ഉയർത്തിയവരാണ്. ഐഎഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയ അൽഫോൻസ് കണ്ണന്താനം ചങ്ങനാശേരി താലൂകിലെ മണിമല സ്വദേശി ആണ്.

കേരളത്തിലെ ഏറ്റവും മികച്ച ഒരു പിടി സ്‌കൂളുകളും കോളേജുകളുമാണ് ചങ്ങനാശ്ശേരിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ഉള്ളത്. എസ് ബി കോളേജ്, എൻഎസ്എസ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി പേർ ഇന്ന് സമൂഹത്തിന്റെ വിവിധ തുറകളിൽ ഉന്നത ജോലികൾ ചെയ്യുന്നുണ്ട്.