തിരുവനന്തപുരം: മരായമുട്ടത്തെ ക്വാറി അപകടത്തിന് പിന്നിൽ ഉന്നത സി.പി.എം നേതാവാണെന്നാണ് ആരോപണം. ഈ നേതാവിന്റെ തണലിലായിരുന്നു ഇവിടെ അനധികൃതമായി ക്വാറി പ്രവർത്തിച്ചത്. ആർ്ക്കും ഇടപെടാൻ പറ്റാത്തവണ്ണം പാറമട ലോബി ഈ മേഖലയിൽ തഴച്ചു വളർന്നു. സുരക്ഷയൊന്നുമൊരുക്കാതെയുള്ള പ്രവർത്തനം ജീവനെടുത്തത് രണ്ട് പേരുടേയാണ്. ഇതോടെ സ്ഥലം എംഎൽഎ ഉണർന്നെണീറ്റു. നേരെ സംഭവ സ്ഥലത്തേക്ക് പി്‌ന്നെ എല്ലാം കുറ്റവും ഉദ്യോഗസ്ഥർക്കും.

മാരായമുട്ടത്ത് വനിത ഉദ്യോഗസ്ഥയ്ക്ക് നേരേ സി.പി.എം എംഎ‍ൽഎയുടെ അസഭ്യവർഷം അങ്ങനെ വൈറലാവുകയാണ്. ഡെപ്യൂട്ടി കളക്ടർ എസ് ജെ വിജയക്ക് നേരേയാണ് പാറശ്ശാല എംഎ‍ൽഎ സികെ ഹരീന്ദ്രൻ അസഭ്യം പറഞ്ഞത് . എന്നെ നിനക്ക് അറിയില്ല , നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടുവന്നത് എന്നൊക്കെ ചോദിച്ചായിരുന്നു എം എൽ എയുടെ അസഭ്യവർഷം. മാരായമുട്ടത്ത് ക്വോറി അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ദുരിതാശ്വാസം നൽകുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനത്തിനിടയിലായിരുന്നു എം .എൽ.എ ഡെപ്യൂട്ടി കളക്ടറോട് കയർത്തത് . കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകും എന്ന് പറയണമെന്ന് എംഎ‍ൽഎ ആവശ്യപ്പെട്ടിരുന്നു . എന്നാൽ കളക്ടറുടെ മീറ്റിംഗിൽ തീരുമാനിച്ചതേ തനിക്ക് പറയാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥ നിലപാടെടുത്തു.

കളക്ടറുടെ മീറ്റിംഗിൽ ഒരു ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകാനാണ് തീരുമാനിച്ചതെന്ന് എസ് ജെ വിജയ പറഞ്ഞു . തനിക്ക് അതു മാത്രമേ പറയാൻ കഴിയൂ എന്ന് എംഎ‍ൽഎ യോട് വ്യക്തമാക്കിയിരുന്നു . എന്നാൽ എംഎ‍ൽഎ വളരെ മോശമായി തന്നോട് പെരുമാറുകയായിരുന്നെന്നും അതിൽ തനിക്ക് ദുഃഖമുണ്ടെന്നും വിജയ പറഞ്ഞു. മാരായമുട്ടം പാറമട ദുരന്തം സ്വാഭാവികമായുണ്ടായതല്ലെന്നും വരുത്തിവച്ചതാണെന്നും അതുകൊണ്ട് തന്നെ ദുരന്ത ദുരിതാശ്വാസത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ഡെപ്യൂട്ടി കളക്ടർ ചൂണ്ടിക്കാട്ടുന്നു . എംഎ‍ൽഎയുടെ അസഭ്യവർഷം എന്തിനായിരുന്നെന്ന് തനിക്ക് ഇതുവരെ മനസിലായില്ലെന്നും അവർ പ്രതികരിച്ചു.

പാറശ്ശാലയുടെ എംഎൽഎയാണ് ഹരീന്ദ്രൻ. ദീർഘകാലം നെയ്യാറ്റിൻകര സി.പി.എം ഏര്യാ കമ്മറ്റി സെക്രട്ടറിയുമായിരുന്നു. ജനപക്ഷത്ത് നിന്ന് തന്നെയായിരുന്നു എക്കാലത്തും ഹരീന്ദ്രന്റെ പ്രവർത്തനം. വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായ ഹരീന്ദ്രന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിക്കാൻ അവസരമൊരുക്കിയത്. വമ്പൻ ഭൂരിപക്ഷവും കിട്ടി. മാരായമുട്ടത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഹരീന്ദ്രന് അറിയാം. എന്നാൽ ഇതിന് പിന്നിലെ ശക്തിയെ എതിർക്കാൻ അദ്ദേഹത്തിന് കഴിയില്ല. അതുകൊണ്ടാണ് ഡെപ്യൂട്ടി കളക്ടറുടെ പുറത്ത് കുതിര കയറുന്നത്.-സി.പി.എം പ്രാദേശിക നേതാവ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

സിപിഎമ്മിലെ ഉന്നതർക്ക് കൈക്കൂലി നൽകിയാണ് മാരായമുട്ടത്ത് ക്വാറി പ്രവർത്തിച്ചിരുന്നത്. പഞ്ചായത്തിന്റെ ലൈസൻസ് പോലും ഉണ്ടായിരുന്നില്ല. ഇതിൽ എംഎൽഎ ഉണർന്ന് പ്രവർത്തിച്ചിരുന്നുവെങ്കിൽ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല. ഇത് മറച്ചുവയ്ക്കാനാണ് ശ്രമം. ക്വാറിയിൽ പണിനടക്കുന്നതിനിടെ പാറയടരുകൾ ഇടിഞ്ഞുവീണ് എക്‌സ്‌കവേറ്റർ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരേണ് മരിച്ചത്. തമിഴ്‌നാട് സേലം ധർമപുരി കാമരാജ്‌പേട്ടൈ തങ്കൻകാട് 4/55 ൽ തങ്കരാജിന്റെ മകൻ സതീഷ്‌കുമാർ (29), മരായമുട്ടം മാലകുളങ്ങര ചീനിവിള റോഡരികത്ത് പുത്തൻവീട്ടിൽ യേശുദാസ്ഫകമലം ദമ്പതികളുടെ മകൻ ബിനുകുമാർ (23) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ ഏഴു പേരിൽ മൂന്നു പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിലും നാലുപേരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരായമുട്ടം, കോട്ടക്കൽ, ശാസ്താംപാറ ക്വാറിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. ഒരാഴ്ച മുമ്പ് 160 മീറ്റർ ഉയരത്തിൽ പാറ പൊട്ടിച്ചിരുന്നു. കല്ലിന്റെ ഒരു ഭാഗം വീണെങ്കിലും കുറച്ചഭാഗം ഇളകിയിരുന്നു. നിലത്തുകിടന്ന പാറക്കല്ലുകൾ എക്‌സ്‌കവേറ്റർ ഉപയോഗിച്ച് നീക്കുന്നതിനിടെയാണ് ഉയരമുള്ള ക്വാറിയുടെ മുകളിൽനിന്ന് അപകടാവസ്ഥയിലായ പാറക്കല്ല് അടർന്ന് എക്‌സ്‌കവേറ്ററിന്റെ മുകളിലും ക്വാറിയിൽ ജോലി ചെയ്തിരുന്നവരുടെ ശരീരത്തിലും വീണത്. മുപ്പതിലേറെ പേർ ജോലി ചെയ്തിരുന്ന ക്വാറിയിൽനിന്ന് പാറ വീഴുന്നത് കണ്ട പലരും ഓടി മാറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.

ഇതോടെ ചർച്ചയായത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ക്വാറികളെ കുറിച്ചാണ്. ഇത് സിപിഎമ്മിന് ക്ഷീണമാവുകയും ചെയ്തു. ഇതിനിടെയാണ് എംഎൽഎയുടെ അക്രോശവും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.