തിരുവനന്തപുരം: പാലക്കാട് നടന്ന സിപിഐ(എം) അഖിലേന്ത്യാ പ്ലീനത്തിൽ നേതാക്കൾ മാതൃകാപരമായി ജീവിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. പണത്തിനും ആഡംബരത്തിനും പിന്നാലെ പോകുന്ന നേതാക്കളെ ലാളിത്യത്തിന്റെ പാതയിലേക്ക് തിരിച്ചു കൊണ്ടുവരാനാണ് ഇങ്ങനെയൊരു നിർദ്ദേശം പ്ലീനത്തിൽ മുന്നോട്ടു വച്ചത്. എന്നാൽ, കേവലം നിർദ്ദേശം എന്നതിൽ ഉപരിയായി ആരും ഈ തീരുമാനത്തെ കണ്ടില്ല. എന്നാൽ, ഇങ്ങനെയൊരു നിർദ്ദേശം പാർട്ടി മുന്നോട്ട് വെക്കുന്നതിന് മുമ്പ് തന്നെ സമാനമായ പാതയിൽ നേട്ടത്തിനുള്ള രാഷ്ട്രീയം കൈവിട്ട് പൊതുജന സേവകനായ രാഷ്ട്രീയക്കാരനായി ജീവിതം തുടർന്നുപോന്ന വ്യക്തിയാണ് സി കെ ശശീന്ദ്രൻ എന്ന പൊക്കം കുറഞ്ഞ മനുഷ്യൻ. രണ്ട് ദിവസം മുമ്പ് ഈ കുറിയ മനുഷ്യന് എംഎൽഎയെന്ന ഒരു പദവി കൂടി കൽപ്പറ്റയിലെ ജനത നൽകി. അതും എം വി ശ്രേയംസ്‌കുമാർ എന്ന അതികായനെ അട്ടിമറിച്ച്.

സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി കൂടിയായ സി കെ ശശീന്ദ്രനെ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഇളവു നൽകിയാണ് പാർട്ടി മത്സരിപ്പിച്ചത്. പാർട്ടിയുടെ വിശ്വാസം തെറ്റാതെ കാത്തുസൂക്ഷിക്കാൻ സാധിച്ച ശശീന്ദ്രൻ എംഎൽഎ ആകുകയും ചെയ്തു. കൽപ്പറ്റയിലെ ജനങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കുമെന്ന പ്രതിജ്ഞ കൈക്കൊള്ളുന്ന ശശിയേട്ടനിൽ പുതിയ സ്ഥാനലബ്ദി യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല. ജീവിതത്തിൽ ലാളിത്യം കാത്തുസൂക്ഷിക്കുന്ന അദ്ദേഹം ലാളിത്യം കൈവിടാതെ തന്നെ തന്റെ പുതിയ ദൗത്യം ഏറ്റെടുക്കുകയാണ്.

സി കെ ശശീന്ദ്രൻ എംഎൽഎ ആയതോടെ വയനാട്ടിലെ ഗോത്രജനത ഏറെ പ്രതീക്ഷയിലാണ്. എന്തിനും ഏതിനും ഓടിയെത്താൻ ശശിയേട്ടൻ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇവർ. എംഎൽഎ ആയെങ്കിലും തന്റെ ശൈലിയിൽ യാതൊരു മാറ്റവും വരുത്താൻ സി കെ തയ്യാറാല്ല. വിജയത്തിന്റെ ആരവം നിറഞ്ഞ ദിവസത്തിന് ശേഷം സിപിഎമ്മിന്റെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ വേണ്ടി സി കെ ശശീന്ദ്രൻ തലസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ, യുഡിഎഫിലെ വമ്പനെ അട്ടിമറിച്ചെന്ന ഭാവമൊന്നും കൂടാതെ സാധാരണക്കാരിൽ സാധാരണക്കാരനായാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിയത്. പതിവു പോലെ സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഓട്ടോപിടിച്ച് എകെജി സെന്ററിലെത്തി. എല്ലാവരോടും സൗമ്യമായ പുഞ്ചിരിയോടെ നേരിട്ട നഗ്നപാദനായി തന്നെ അദ്ദേഹം എകെജി സെന്ററിന്റെ പടികൾ കയറി. അദ്ദേഹം സ്ഥലത്തെത്തുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്.

മണ്ണ് അറിയുന്ന മണ്ണിനെ അറിയുന്ന സാധാരണക്കാരന്റെ പ്രതിനിധിയായി ശശീന്ദ്രൻ എത്തിയതിന്റെ ആഹ്ലാദത്തിലാണ് കൽപ്പറ്റയിലെ നാട്ടുകാരും. നഗ്‌നപാദനായി നിലത്ത് കാലുറപ്പിച്ച് നടക്കുന്ന,പശുവിനെ കറന്ന് പാൽ അളന്ന് ജീവിക്കുന്ന സാധാരണക്കാരൻ എന്ന ഇമേജ് തന്നെയാണ് ഉജ്ജ്വല വിജയം നേടാൻ ശശീന്ദ്രനെ സഹായിച്ചതും. കൽപ്പറ്റയിൽ എൽഡിഎഫിനാകെ ജയിക്കാനായത് രണ്ടുതവണയാണ്. ആദ്യം 1987ൽ എംപി.വീരേന്ദ്രകുമാർ ഇടതു സ്ഥാനാർത്ഥിയായപ്പോൾ. പിന്നെ 2006ൽ എം വിശ്രേയാംസ് കുമാർ മത്സരിച്ചപ്പോൾ. ഇവരല്ലാതെ ഒരാൾ ഇടതുകോട്ടയിലേക്ക് കൽപ്പറ്റയെ നയിക്കുമ്പോൾ ആ വിജയത്തിന് പ്രസക്തി ഏറുന്നതും ശശീന്ദ്രന്റെ വ്യക്തിപ്രഭാവം കൊണ്ട് തന്നെയാണ്.

കൊല്ലത്തിൽ 365 ദിവസവും മണ്ണിലധ്വാനിക്കുന്നവരായിട്ടും കയറിക്കിടക്കാൻ ഒരുതുണ്ടു ഭൂമിക്കും കിടപ്പാടത്തിനുമായി എണ്ണമറ്റ് സമരങ്ങളിൽ അണിനിരക്കേണ്ടിവരുന്നതടക്കമുള്ള അവശതയനുഭവിക്കുന്ന ആദിവാസികളുടെ പ്രതീക്ഷയാണ് സി കെ ശശീന്ദ്രന്റെ എംഎൽഎ സ്ഥാനം. നിയമസഭയിലേക്ക് വിജയിച്ചപ്പോൾ സികെ ആദ്യം പോയത്് കലക്ടറേറ്റ് പടിക്കൽ സമരം ചെയ്യുന്ന കാഞ്ഞിരത്തിനാൽ ജെയിംസിന്റെ സമരപ്പന്തലിലേക്കായിരുന്നു. അവകാശപ്പെട്ട നീതിക്കായി ഉദ്യോഗസ്ഥ മാഫിയക്കെതിരേ പോരാട്ടം നടത്തുന്ന ജെയിംസിനും കുടുംബത്തിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു വിജയത്തിന് ശേഷം ആദ്യം ശശീന്ദ്രൻ ചെയ്തത്. ജനങ്ങൾക്കൊപ്പം നിന്ന് ജനനേതാവായി എങ്ങനെ ഉയരാം എന്ന് വ്യകമാക്കുകയായിരുന്നു സികെ ശശീന്ദ്രൻ.

രാഷ്ട്രീയം തൊഴിലാക്കി മാറ്റിയവരിൽ നിന്നും വ്യത്യസ്തനാണ് സി കെ ശശീന്ദ്രൻ. കാലത്തെഴുന്നേറ്റ് പാൽ കറന്നും പശുക്കളെ കുളിപ്പിച്ചും സൊസൈറ്റിയിലും ചായക്കടയിലും പാൽ എത്തിച്ചും പച്ചക്കറി നട്ട് നനച്ചുമെല്ലാം ഈ ജനകീയ നേതാവ് ലാളിത്യത്തിന്റെയും എളിമയുടേയും സന്ദേശമാകുന്നു. പ്രത്യയശാസ്ത്രവും ജീവിതവും രണ്ടല്ലന്ന് അടിയാളരുടെ ഈ മുന്നണിപ്പോരാളി തെളിയിക്കുന്നത് സ്വജീവിതം കൊണ്ടാണ്. കറകളഞ്ഞ വ്യക്തിശുദ്ധിയും ആശയങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ് അദ്ദേഹത്തെ എല്ലാവരുടെുയം പ്രിയങ്കരനാക്കിയത്.

സഹജീവിയുടെ വേദനകൾക്ക് കാതോർക്കുന്നവരുടെയെല്ലാം മനസിലേക്ക് സികെഎസ് എന്ന മൂന്നക്ഷരി കടന്ന് വരും. സംഘാടകനായും പ്രക്ഷോഭകാരിയായും എവിടെയും നഗ്‌നപാദനായി ഓടിയെത്തുന്ന അദ്ദേഹം അഴിമതിക്കാരുടെ കണ്ണിലെ കരടാണ്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ ആർജിച്ച തീക്ഷ്ണമായ സമരാനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കരുത്ത്്. ആദിവാസികളെ മണ്ണിന്റെ അവകാശികളാക്കാൻ അവരെ ചൊങ്കൊടിക്ക് കീഴിൽ അണിനിരത്തി നയിച്ച പ്രക്ഷോഭങ്ങൾ അധികാരകേന്ദ്രങ്ങൾക്ക് അലോസരമുണ്ടാക്കി. ഭൂമാഫിയകളുടേയും കൈയേറ്റക്കാരുടേയും ഉറക്കം കെടുത്തിയ ഭൂസമരങ്ങളുടെ കേന്ദ്ര ബിന്ദുവായി വയനാട് മാറി. മണ്ണിന് വേണ്ടി സമരം ചെയ്ത ആദിവാസികൾ കൂട്ടത്തോടെ ജയിലിലടക്കപ്പെട്ടു. രാജ്യാന്തര ശ്രദ്ധ നേടിയ സമരം ആദിവാസികളെ മണ്ണിന്റെ ഉടമകളാക്കി.

ആദിവാസി കോളനികളിൽ മാവോയിസ്റ്റ് കടന്ന് കയറ്റം ചെറുത്തത് ഈ ജനകീയ മുന്നേറ്റമാണ്. വയനാട്ടിലെ ആദിവാസികോളനികളിൽ സാന്നിധ്യം ഉറപ്പിക്കുന്നതിന് പ്രധാനതടസം സി കെ ശശീന്ദ്രനെന്ന നേതാവാണെന്ന് തിരിച്ചറിഞ്ഞ മാവോയിസ്റ്റുകൾ അദ്ദേഹത്തിന് വധഭീഷണി ഉയർത്തി. അടിയാളരുടേയും കർഷകരുടേയും തോട്ടം തൊഴിലാളികളുടേയും അവകാശങ്ങൾക്കായി പോരാടിയ അദ്ദേഹത്തിന് നേരിടേണ്ടി വന്നതുകൊടിയ മർദനം. പല തവണ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു.

സിപിഐ എം പനമരം, മുട്ടിൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പരേതനായ സി പി കേശവൻ നായരുടെയും പരേതയായ ജാനകിയമ്മയുടെയും മകനാണ്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ബിഎസ്സി കെമിസ്ട്രി വിദ്യാർത്ഥിയായിരിക്കെ എസ്എഫ്‌ഐ യൂണിറ്റ് ജോ. സെക്രട്ടറിയായും സിറ്റി ഏരിയ പ്രസിഡണ്ടായും സംഘടനാപ്രവർത്തനരംഗത്ത് തുടക്കം. ബത്തേരി സെന്റ് മേരീസ് കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശശീന്ദ്രൻ 198086 കാലഘട്ടത്തിൽ എസ്എഫ്‌ഐ വയനാട് ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ചു. 198996 കാലയളവിൽ ഡിവൈഎഫ്‌ഐയുടെ ജില്ലാസെക്രട്ടറിയും പ്രസിഡന്റുമായി സംഘടനയെ നയിച്ചു.

1981ൽ സിപിഐ എം അംഗമായ ശശീന്ദ്രൻ 1988ൽ ജില്ലാകമ്മിറ്റിയംഗമായി. കൽപ്പറ്റ, മാനന്തവാടി ഏരിയാ സെക്രട്ടറിയായും മുട്ടിൽ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2009ൽ പനമരത്ത് നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏഴ്‌വർഷമായി പാർട്ടിയുടെ ജില്ലയിലെ അമരക്കാരനാണ്. കർഷകതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ആദിവാസി ഭൂമസരസഹായസമിതി ജില്ലാ കൺവീനറുമാണ്. പഴശി സൊസൈറ്റി എക്‌സിക്യുട്ടീവ് അംഗം കൂടിയാണ് സികെഎസ്. ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരിയായ ഉഷാകുമാരിയാണ് ഭാര്യ.