ജിദ്ദ: മതിയായ കാരണമില്ലാതെ ഫീസ് ഈടാക്കുന്ന സ്‌കൂളുകൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം. വേണ്ടത്ര കാരണമില്ലാതെ സ്വകാര്യസ്‌കൂളുകളും വിദേശ സ്‌കൂളുകളും ഫീസ് വർധിപ്പിക്കുന്നുവെന്ന പരാതിയെതുടർന്നാണ് ഇക്കാര്യത്തിൽ നേരിട്ട് ഇടപെടാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. സ്‌കൂളുകളിൽ ഫീസ് വർധിപ്പിക്കുന്നതും മറ്റും വിലയിരുത്താൻ സബ് കമ്മിറ്റികളെ നിയമിക്കുമെന്നും മന്ത്രാലയം വെളിപ്പെടുത്തി.
അകാരണമായി ഫീസ് വർധിപ്പിക്കുന്ന സ്‌കൂളുകളെക്കുറിച്ചുള്ള പരാതി ഇത്തരം സബ് കമ്മിറ്റികളിൽ വേണം സമർപ്പിക്കേണ്ടത്. അഡീഷണൽ ഫീസ് എന്ന പേരിൽ മാതാപിതാക്കളുടെ പക്കൽ നിന്ന് പണം ഈടാക്കരുതെന്ന് സ്‌കൂളുകൾക്ക് മിനിസ്ട്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിർദ്ദേശം പാലിക്കാത്ത സ്‌കൂളുകൾക്ക് പിഴ ശിക്ഷയുൾപ്പെടെയുള്ള നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

മിനിസ്ട്രി അംഗീകരിച്ച സ്‌കൂൾ ഫീസ് അല്ലാതെ മറ്റൊരു തരത്തിലും പണപ്പിരിവ് നടത്തുന്നത് നിയമലംഘനമാണെന്ന് മിനിസ്ട്രി വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകൾക്കും വിദേശ സ്‌കൂളുകൾക്കും മിനിസ്ട്രി അംഗീകരിച്ചിരുന്ന സ്‌കൂൾ ഫീസ് എല്ലാ വിധ സേവനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ്. അതിനു പുറമേ മറ്റെതെങ്കിലും പേരിൽ ഫീസ് ഈടാക്കുന്നത് ശിക്ഷാർഹമാണെന്നാണ് മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് മാതാപിതാക്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അതാത് പ്രൊവിൻസിലോ ഗവർണറേറ്റുകളിലോ ഉള്ള സബ് കമ്മിറ്റികളെ അറിയിക്കാം.

സ്‌കൂൾ പ്രവേശനത്തിനു മുമ്പ് ചില സ്വകാര്യസ്‌കൂളുകൾ കുട്ടിക്കായി സീറ്റ് റിസർവ് ചെയ്യുന്നതിനായി പണം ആവശ്യപ്പെട്ടുകൊണ്ട് മാതാപിതാക്കൾക്ക് ടെക്സ്റ്റ് മെസേജ്  അയയ്ക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു. 2,000 റിയാൽ മുതൽ 5,000 റിയാൽ വരെയാണ് ഇത്തരത്തിൽ റിസർവേഷൻ ഫീസ് ആയി ആവശ്യപ്പെടുന്നത്. ഇങ്ങനെ റിസർവ് ചെയ്തില്ലെങ്കിൽ കുട്ടിക്ക് പ്രവേശനം നിഷേധിക്കുമെന്നും മെസേജിൽ പറയുന്നുണ്ട്. കൂടാതെ അഡ്‌മിഷൻ ടെസ്റ്റ്, രജിസ്‌ട്രേഷൻ, സീറ്റ് റിസർവേഷൻ, ബുക്ക്‌സ്  എന്നിങ്ങനെ നിരവധി പേരിൽ മാതാപിതാക്കളിൽ നിന്ന് പണം ഈടാക്കുന്നതിനെതിരേയാണ് വിദ്യാഭ്യാസ മന്ത്രാലയം രംഗത്തിറങ്ങിയിരിക്കുന്നത്.