- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയുത്തരവ് നടപ്പാക്കാൻ ശക്തമായ നിലപാടെടുത്ത് റവന്യൂ വകുപ്പ്; തടയിടാൻ എംഎൽഎയെ രംഗത്തിറക്കി സിപിഐ(എം); മുല്ലപ്പെരിയാറിനും അതിരപ്പിള്ളിക്കും പിന്നാലെ മൂന്നാറിലും സിപിഐ(എം)-സിപിഐ ഭിന്നത; പരിസ്ഥിതിക്കാര്യത്തിൽ മൂന്നാർ പിണറായിയുടെ ഉരകല്ലാകുമോ?
തിരുവനന്തപുരം: മുല്ലപ്പെരിയാർ, അതിരപ്പിള്ളി വിഷയങ്ങൾക്കുപിന്നാലെ മൂന്നാർ കുടിയൊഴിപ്പിക്കൽ വിഷയത്തിലും സിപിഎമ്മും സിപിഐയും കൊമ്പുകോർക്കുന്നു. പുതിയ സർക്കാർ അധികാരത്തിലേറി രണ്ടാഴ്ച പിന്നിടുംമുമ്പാണ് എൽഡിഎഫിലെ രണ്ടുപ്രധാന കക്ഷികളും മുന്നുവിഷയങ്ങളിൽ ഭിന്ന നിലപാടെടുക്കുന്നത്. മൂന്നാറിൽ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന ജില്ലാ കളക്ടറേയും ദേവികുളം ആർഡിഒയെയും സംരക്ഷിക്കുമെന്ന നിലപാടുമായി സിപിഐയും അവരെ മാറ്റണമെന്നും കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തണമെന്നും ആവശ്യപ്പെട്ട് ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ മുൻനിർത്തി സിപിഎമ്മും നയം വ്യക്തമാക്കുമ്പോൾ ഇരു കക്ഷികളുടേയും അഭിപ്രായഭിന്നത വീണ്ടും മറനീക്കി പുറത്തുവരുന്നു. എന്തായാലും മൂന്നാറിലെ നിലപാടുകൾ പുതിയ സർക്കാരിന്റെ പരിസ്ഥിതി വിഷയത്തിലെ ഉരകല്ലാകുമെന്ന് പരിസ്ഥിതി വാദികളും അഭിപ്രായപ്പെട്ടുകഴിഞ്ഞു. മുല്ലപ്പെരിയാർ, അതിരപ്പിള്ളി വിഷയങ്ങളിൽ അഭിപ്രായം പറയാനും പ്രതിഷേധം രേഖപ്പെടുത്താനും മാത്രമേ സിപിഐക്ക് കഴിഞ്ഞുള്ളൂ. എന്നാൽ മൂന്നാർ വിഷയത
തിരുവനന്തപുരം: മുല്ലപ്പെരിയാർ, അതിരപ്പിള്ളി വിഷയങ്ങൾക്കുപിന്നാലെ മൂന്നാർ കുടിയൊഴിപ്പിക്കൽ വിഷയത്തിലും സിപിഎമ്മും സിപിഐയും കൊമ്പുകോർക്കുന്നു. പുതിയ സർക്കാർ അധികാരത്തിലേറി രണ്ടാഴ്ച പിന്നിടുംമുമ്പാണ് എൽഡിഎഫിലെ രണ്ടുപ്രധാന കക്ഷികളും മുന്നുവിഷയങ്ങളിൽ ഭിന്ന നിലപാടെടുക്കുന്നത്. മൂന്നാറിൽ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന ജില്ലാ കളക്ടറേയും ദേവികുളം ആർഡിഒയെയും സംരക്ഷിക്കുമെന്ന നിലപാടുമായി സിപിഐയും അവരെ മാറ്റണമെന്നും കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തണമെന്നും ആവശ്യപ്പെട്ട് ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ മുൻനിർത്തി സിപിഎമ്മും നയം വ്യക്തമാക്കുമ്പോൾ ഇരു കക്ഷികളുടേയും അഭിപ്രായഭിന്നത വീണ്ടും മറനീക്കി പുറത്തുവരുന്നു. എന്തായാലും മൂന്നാറിലെ നിലപാടുകൾ പുതിയ സർക്കാരിന്റെ പരിസ്ഥിതി വിഷയത്തിലെ ഉരകല്ലാകുമെന്ന് പരിസ്ഥിതി വാദികളും അഭിപ്രായപ്പെട്ടുകഴിഞ്ഞു.
മുല്ലപ്പെരിയാർ, അതിരപ്പിള്ളി വിഷയങ്ങളിൽ അഭിപ്രായം പറയാനും പ്രതിഷേധം രേഖപ്പെടുത്താനും മാത്രമേ സിപിഐക്ക് കഴിഞ്ഞുള്ളൂ. എന്നാൽ മൂന്നാർ വിഷയത്തിൽ സിപിഐ തങ്ങളുടെ കൈവശമുള്ള റവന്യൂവകുപ്പിനെ സമർത്ഥമായി ഉപയോഗിക്കാൻ തുടങ്ങിക്കഴിഞ്ഞുവെന്നാണ് സൂചനകൾ. കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത് നടന്ന ഒന്നും രണ്ടും മൂന്നാർ ദൗത്യത്തിനു പിന്നാലെ ഇപ്പോൾ ജില്ലാ കളക്ടറും ദേവികുളം ആർഡിഒയും ചേർന്ന് നടത്തിത്തുടങ്ങിയ കുടിയൊഴിപ്പിക്കൽ ഇതിനകംതന്നെ മൂന്നാം മൂന്നാർ ദൗത്യമെന്ന നിലയിൽ ചർച്ചയായിട്ടുണ്ട്.
ഭൂമിപതിവ് നിയമപ്രകാരം ഗാർഹികേതര, ടൂറിസം ആവശ്യത്തിന് റവന്യൂവകുപ്പിന്റെ എൻഒസി ഇല്ലാതെ ഒരു നിർമ്മാണവും പാടില്ലെന്നതാണ് നിലവിലെ ചട്ടം. 2010ൽ ഹൈക്കോടതിയാണ് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻ ഒ സി ലഭിക്കാത്ത അനധികൃത നിർമ്മാണങ്ങൾ നിർത്തിവയ്ക്കാനും അനധികൃത കെട്ടിടങ്ങൾ പൊളിക്കാനും ദേവികുളം ആർ.ഡി.ഒ ഉത്തരവിട്ടത്. നടപടികൾ ശക്തമാക്കാൻ ജില്ലാ കളക്ടർക്കും ആർഡിഒയ്ക്കും മുകളിൽ നിന്ന് കർശന നിർദ്ദേശം ലഭിച്ചതായാണ് വിവരം. സിപിഐ പച്ചക്കൊടി കാട്ടിയതോടെ റവന്യൂ നടപടികൾ ഊർജിതമാവുകയും ചെയ്തു. മൂന്നാർ സ്‌പെഷ്യൽ ട്രിബ്യൂണലിന്റെ പരിധിയിൽ വരുന്ന 8 വില്ലേജുകളിലാണ് ഇപ്പോൾ ആർഡിഒ നടപടി തുടങ്ങിയിട്ടുള്ളത്.
ഇതോടെയാണ് സ്ഥലം എംഎൽഎയെ മുൻനിർത്തി ഇതിനെ പ്രതിരോധിക്കാൻ സിപിഐ(എം) കരുനീക്കം തുടങ്ങിയത്. മന്ത്രിതലത്തിൽ പ്രത്യക്ഷ ഏറ്റുമുട്ടൽ ഇല്ലെങ്കിലും മൂന്നാറിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ സിപിഎമ്മും സിപിഐയും രണ്ടുതട്ടിലാണെന്നാണ് സൂചനകൾ. മൂന്നാർ കയ്യേറ്റങ്ങൾക്കെതിരെ ജില്ലാ ഭരണകൂടവും ആർഡിഒയും കൈക്കൊള്ളുന്ന നടപടികൾ ഉടൻ നിർത്തി വയ്ക്കണമെന്ന് എംഎൽഎ രാജേന്ദ്രൻ മൂന്നാർ ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനം വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. ജില്ലാ കളക്ടറുടെയും ദേവികുളം ആർഡിഒയുടെയും നടപടികൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച എംഎൽഎ ഉദ്യോഗസ്ഥർ ഇപ്പോൾ നടപ്പാക്കുന്നത് സർക്കാരിന്റെ നയമല്ലെന്നും മൂന്നാർ വിഷയത്തിൽ സർക്കാർ ഉചിതമായ നയം സ്വീകരിക്കുമെന്നും വ്യക്തമാക്കുകയും ചെയ്തു. റവന്യൂ ഉദ്യോഗസ്ഥരുടെ തോന്ന്യാസമാണ് മൂന്നാറിൽ നടക്കുന്നതെന്നും കൈക്കൂലി വാങ്ങിയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും എംഎൽഎ ആരോപിക്കുമ്പോൾ കൈക്കൂലി വാങ്ങിയാൽ പിന്നെ കുടിയേറ്റം ഒഴിപ്പിക്കുന്നതെന്തിനെന്ന് എതിർപക്ഷം ചോദിക്കുന്നു.
സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ എംഎൽഎ ഇത്തരമൊരു നീക്കം നടത്തില്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ മുൻപ് കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ നിലകൊണ്ട എംഎം മണി എംഎൽഎ, സിപിഐ(എം) പിന്തുണയോടെ മത്സരിച്ചു ജയിച്ച ഇടുക്കി എംപി ജോയ്‌സ് ജോർജ് എന്നിവരെയും പ്രതിഷേധ നിരയിൽ കൊണ്ടുവരാനും ഹൈറേഞ്ച് സമിതിയെയും കൂടെ കൂട്ടാനും സിപിഐ(എം) നീക്കം തുടങ്ങിയിട്ടുണ്ട്. കളക്ടറേയും ആർഡിഒയേയും മാറ്റണമെന്ന ആവശ്യം ഉന്നയിച്ചതായാണ് സൂചന. സ്വന്തമായി വീടുവച്ച സാധാരണക്കാരെയും പാവപ്പെട്ടവരെയും ഒഴിപ്പിക്കുന്നില്ലെന്നും റിസോർട്ട് മാഫിയക്കെതിരെയാണ് ഇപ്പോൾ നടപടിയെന്നുമാണ് സിപിഐ നിലപാട്. ഇത് തടയേണ്ടതില്ലെന്നും കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് രണ്ടാം മൂന്നാർ ദൗത്യം നടന്ന വേളയിൽ ഇതായിരുന്നു ഇരു പാർട്ടികൾക്കും ഇടയിലുണ്ടായിരുന്ന ധാരണയെന്നും അവർ വാദിക്കുന്നു. അന്ന് ബിനോയ് വിശ്വം ആയിരുന്നു മന്ത്രി.
ഇടതുപക്ഷ സർക്കാരിന്റെ ഒന്നാം വാർഷികത്തിന് മുമ്പ്, മുഖ്യമന്ത്രി അച്യുതാനന്ദന്റെ പ്രത്യേക താൽപര്യപ്രകാരം ആരംഭിച്ച മൂന്നാർ ഒഴിപ്പിക്കൽ കേരളത്തിലാകെ ഒരു തരംഗമായി. സർക്കാർ വനഭൂമിയും റവന്യൂഭൂമിയും കയ്യേറി താന്തോന്നിത്തം നടത്തുന്ന റിസോർട്ട് മാഫിയയ്ക്കും ഭൂമാഫിക്കുമെതിരായുള്ള ആ പോരാട്ടം കേരളത്തിൽ വൻ ജനശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ അന്നത്തെ ദൗത്യം പാതിയിൽ നിലച്ചു. മൂന്നാറിൽ അനധികൃതമായി സ്വന്തമാക്കിയ സ്ഥലത്താണ് സിപിഐയുടെയും സിപിഎമ്മിന്റെയും പാർട്ടി ഓഫീസുകൾ സ്ഥിതി ചെയ്യുന്നതെന്നും അതുകൊണ്ട് അത് ഒഴിയേണ്ടിവരും എന്ന് ബോധ്യമായപ്പോഴാണ് സർക്കാർ നടപടി നിർത്തിയതെന്നും ആരോപണം ശക്തമായി. താൻ വിതരണം ചെയ്ത പട്ടയങ്ങൾ നിയമപ്രാബല്യം ഉള്ളവയല്ല എന്നും അവ റദ്ദാക്കണമെന്നും അഡീഷണൽ തഹസിൽദാർ ആയിരുന്ന രവീന്ദ്രൻ തന്നെ ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാനാവാത്ത വിധം റിസോർട്ട് മാഫിയയുടെയും ഭൂമാഫിയയുടെയും വെട്ടിലായി അച്യുതാനന്ദൻ സർക്കാർ.
എന്നാൽ അതിനു പിന്നാലെ കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ഉത്തരവ് ചീഫ് ജസ്റ്റിസ് എസ്. ആർ. ബന്നൂർ മഠ്, ജസ്റ്റിസ് തോട്ടത്തിൽ ബി. രാജശേഖരൻ എന്നിവരങ്ങിയ ഡിവിഷൻ ബഞ്ചിൽ നിന്നുണ്ടായത് വിഎസിന് പുത്തനുണർവായി. കയ്യേറ്റമൊഴിപ്പിക്കാൻ മൂന്നറിലേക്കിനി വന്നാൽ വിവരമറിയുമെന്ന് ഇപ്പോഴത്തെ എംഎൽഎ എം.എം മണി അന്ന് വിഎസിനെതിരെ ഭീഷണിമുഴക്കുകവരെ ചെയ്തു. വീണ്ടുമൊരു ദൗത്യസംഘം മൂന്നാറിലെത്തിയാൽ നേരിടാൻ സിപിഐ(എം) ഭരിക്കുന്ന പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് പുതിയ ദൗത്യസംഘത്തിനെതിരെ നീങ്ങാനും തീരുമാനിച്ചു.
എന്നാൽ, ഒന്നാം മൂന്നാർ ദൗത്യത്തിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സിപിഐ സ്വീകരിച്ചത്. മൂന്നാറിൽ സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള ഭൂമി മുഴുവൻ ഏറ്റെടുക്കാൻ വനം വകുപ്പ് തീരുമാനിച്ചതായി വനം മന്ത്രി ബിനോയ് വിശ്വം വിശദീകരിച്ചു. അനധികൃത കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് വകുപ്പ് തല നിർദ്ദേശവും ലഭിച്ചു. മൂന്നാറിലെ ഒരു അനധികൃത കയ്യേറ്റവും അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും ഒഴിപ്പിക്കൽ ശക്തമായിതന്നെ തുടരുമെന്നും അന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവനും പ്രസ്താവിച്ചു. എന്നാൽ എൽഡിഎഫിന് ഭരണത്തുടർച്ച ലഭിക്കാതെ പോയതോടെ അനധികൃത കുടിയേറ്റങ്ങൾ പൂർവാധികം ശക്തമായി. റിസോർട്ട് മാഫിയയും ഭൂമാഫിയയും കഴിഞ്ഞ സർക്കാരിന്റ കാലത്ത് കൂടുതൽ പ്രബലമായി കാര്യങ്ങൾ നീക്കി. എന്നാൽ സർക്കാർ മാറ്റം ഉണ്ടായതോടെ റവന്യൂ ഉദ്യോഗസ്ഥർ നടപടി ശക്തമാക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ സിപിഐ(എം)-സിപിഐ ബലപരീക്ഷണത്തിന് വീണ്ടും വേദിയൊരുക്കുന്നത്.