കാസർകോട്: കാസർകോട് സബ് ജയിലിൽ തടവുകാർ മയക്കു മരുന്നിനായി തമ്മിൽ അടിപിടി. കഴുത്തും, കൈയും മുറിച്ച് റിമാൻഡ് പ്രതി ജയിൽ ജീവനക്കാരെ വധിക്കുമെന്ന് ഭീഷണി മുഴക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം നാലര മണിയോടെയാണ് കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ മയക്കു മരുന്ന് ആവശ്യപ്പെട്ട് റിമാൻഡ് പ്രതികൾ കലാപത്തിന് തുടക്കമിട്ടത്. സംഭവത്തിൽ മൂന്നുപേർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. ജയിൽ സൂപ്രണ്ട് ഗിരീഷ് കുമാറിന്റെ പരാതിയിൽ അമീറലി,സാബിത്ത്, ഇബ്രാഹിം ബാദുഷ എന്നിവർക്കെതിരെയാണ് കേസ്.

ജയിലിലെ ശൗചാലയത്തിന്റെ സമീപത്ത് നിന്ന് മണ്ണ് മാന്തിയപ്പോൾ ലഭിച്ച ചെറിയ കുപ്പികഷ്ണം ഉപയോഗിച്ച് പ്രതിയായ അലി കയ്യിലെ ഞരമ്പ് മുറിക്കുകയും സ്വയം കഴുത്തറക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ജയിൽ വാർഡന്മാർ പ്രതിയെ കാസർകോട് ജനറൽ ആശുപത്രിയിലേക്കും തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. കാസർകോട് ആശുപത്രിയിൽ വലിയ രീതിയിലുള്ള ആക്രമണം നടത്താൻ പ്രതി ശ്രമിച്ചിരുന്നു രണ്ടു ജയിൽ വാർഡന്മാരും 3 ആശുപത്രി ജീവനക്കാരും ചേർന്നാണ് ഇയാളെ പിടിച്ചു കെട്ടിയത് .

ഇതിൽ രണ്ടുപേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചത് കാരണം ഒരാളെ കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റിയിരിക്കുകയാണ്. ഇവർ പരസ്പരം അടികൂടുന്നത് കണ്ട് ജയിൽ ജീവനക്കാർ എത്തിയപ്പോൾ അവരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

രഹസ്യ വഴികളിലൂടെ ജയിലിലേക്ക് എത്തിയിരുന്ന ലഹരി വസ്തുക്കൾ സുരക്ഷാ വർധിപ്പിച്ചതോടെ ലഭിക്കാതെ വന്നതേടെയാണ് അന്തേവാസികൾ പ്രകോപിതരായത്. പല പ്രതികളും തല ഭിത്തിയിൽ ഇടിക്കുകയൂം മറ്റു ദേഹോപദ്രവങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചതോടെ വാർഡന്മാർ പൊലീസിനെ വിളിച്ചു വരുത്തി. കാസർകോട് ഇൻസ്പെക്ടർ പൊലീസ് അജിത് കുമാർ എത്തിയാണ് പ്രതികളെ കിഴ്‌പെടുത്തി സെല്ലിലേക്ക് കയറ്റാന്നുള്ള സഹചര്യം ഒരുക്കിയത് .

കാസർകോട് സബ് ജയിലിൽ നേരത്തെ ലഹരി വസ്തുക്കൾ എത്തിയിരുന്നത് ജയിലിന്റെ പിറകിൽ ഉള്ള മതിലിൽ കൂടിയാണ്. ലഹരി മരുന്നടക്കമുള്ളവ പൊതിഞ്ഞ് അകത്തേക്ക് എറിഞ്ഞുകൊടുക്കുന്നതെന്ന് കണ്ടെത്തിയതിനാൽ മതിലിന് മുകളിൽ വല സ്ഥാപിച്ചതോടെ ലഹരി കടത്ത് ഒരു പരിധിവരെ തടയാൻ സാധിച്ചിരുന്നു