- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിത്തർക്കത്തെ തുടർന്ന് കൊട്ടാരക്കര വെണ്ടാറിൽ കൂട്ടത്തല്ല്; കൈക്കോട്ടും വടിയുമായി ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി; സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്; 15 പേർക്കെതിരെ കേസ്; വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നു
കൊല്ലം: വഴിത്തർക്കത്തിന്റെ പേരിൽ കൊട്ടാരക്കര വെണ്ടാറിൽ ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സ്ത്രീകളടക്കമുള്ളവർ കൈക്കോട്ടും വടിയുമായി പരസ്പരം അടിക്കുന്നതും തെറി വിളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കൊട്ടാരക്കരക്ക് സമീപം വെണ്ടാർ അരീക്കലിലാണ് ഈ കൂട്ടത്തല്ല് നടന്നത്. വഴി തർക്കത്തെത്തുടർന്നുണ്ടായ വാക്കേറ്റത്തിലാണ് തുടക്കം. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വകാര്യവ്യക്തിയുടെ പുരയിടത്തോട് ചേർന്നുള്ള വഴിയെ ചൊല്ലിയായിരുന്നു തർക്കം. സ്വകാര്യവ്യക്തിയുടെ ആളുകളും സമീപത്തുള്ള മറ്റു കുടുംബങ്ങളും ഇതേ ചൊല്ലി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ച ഇവരെ ആദ്യം ചികിത്സിക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ആശുപത്രിയിലെത്തിയ ഇവരെ സ്വകാര്യവ്യക്തിയുടെ ബന്ധുക്കൾ ചേർന്ന് വീണ്ടും മർദിച്ചതായും പരാതിയുണ്ട്.
രണ്ട് കുടുംബങ്ങൾ തമ്മിൽ വഴിവെട്ടുന്നത് സംബന്ധിച്ചാണ് ആദ്യം വാക്കേറ്റമുണ്ടായത്. വാക്കേറ്റം മൂർച്ഛിച്ചതോടെ പ്രശ്‌നത്തിന് മധ്യസ്ഥതയ്ക്ക് നാട്ടുകാരെത്തി. എന്നാൽ എത്തിയ നാട്ടുകാർ രണ്ട് ഭാഗത്തായി നിലയുറപ്പിച്ചതോടെ സ്ഥിതി വഷളാകുകയായിരുന്നു. മധ്യസ്ഥർ കൂടി വന്നതോടെ വാക്കേറ്റം അടിയായി. വീട്ടുകാർക്കൊപ്പം നാട്ടുകാരും ചേരിതിരിഞ്ഞ് കൂട്ടത്തല്ല് പത്ത് മിനറ്റോളം നീണ്ടു നിന്നു.
സ്ത്രീകളടക്കമുള്ളവർ അടിയും തിരിച്ചടിയുമായി അണിനിരന്നു.പുത്തൂർ പൊലീസ് എത്തിയാണ് സംഭവം ശാന്തമാക്കിയത്. സംഭവത്തിൽ പൊലീസ് 15 പേർക്കെതിരെ കേസെടുത്തു. സ്ത്രീകളടക്കമുള്ളവർ മർദ്ദനത്തിന്റെ ഭാഗമാകുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. മൺവെട്ടി പോലെയുള്ള പണിയായുധങ്ങൾ ഉപയോഗിച്ച് അങ്ങോട്ടുമിങ്ങോട്ടും അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ന്യൂസ് ഡെസ്ക്