ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെുടുപ്പ് വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിസ്ഥാനത്തിനായി കോൺഗ്രസിൽ തെരുവുയുദ്ധം. കോൺഗ്രസ് കേവല ഭൂരിപക്ഷത്തിന്റെ തൊട്ടടുത്ത് നിൽക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും മാത്രമല്ല, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ജയിച്ച ഛത്തീസ്‌ഗഡിലും കടുത്ത ഭിന്നതായണ് നിലനിൽക്കുന്നത്.

ഛത്തീസ്‌ഗഡിൽ പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗെലിന്റെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത് പാർട്ടിക്ക് വലിയ നാണക്കേടായി. അജിത്ത് ജോഗിയടക്കമുള്ള നേതാക്കൾ കോൺഗ്രസ് വിടുകയും, വിസി ശുക്ളയെപ്പോലുള്ള മുതർന്ന നേതാക്കൾ കഴിഞ്ഞ നിയമസഭാതെരഞ്ഞെുടുപ്പിലെ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തതോടെ, കടുത്ത നേതൃദാരിദ്രമാണ് പാർട്ടി ഇവിടെ അനുഭവിച്ചത്. സംസഥാന നേതാക്കുടെ ചിത്രങ്ങൾപോലും പോസ്റ്ററിൽ വെക്കാതെ രാഹുൽഗാന്ധിയുടെ ചിത്രംവച്ചാണ് ഇവർ തെരഞ്ഞെടുപ്പ് നേരിട്ടത്. അതുകൊണ്ടു തന്നെ പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗെലിന്റെ പേർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഐകകണ്ഠ്യേന അംഗീകരിക്കപ്പെടുമെന്നാണ് പൊതുവെ കുരുതിയിരുന്നത്. പക്ഷേ അവിടെയും ബാഗൽ എതിരാളികൾ സംഘടിച്ച് പ്രതിഷേധിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.

ഇഞ്ചോടിച്ച് പോരാട്ടത്തിലൂടെ പാർട്ടി നേടിയ മധ്യപ്രദേശിലും മുഖ്യമന്ത്രിയെ ചൊല്ലി കടുത്ത ഭിന്നതയാണ് നിലനിൽക്കുന്നത്. മുതിർന്ന നേതാവ് കമൽനാഥിനാണ് സാധ്യതയെന്ന് വാർത്തകൾ പുറത്തുവന്നതോടെ, ഭോപ്പാലിൽ ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികൾ പ്രകടനം നടത്തി. നേരത്തെ തന്നെ ഗ്രൂപ്പിസം ശക്തമായിരുന്നു മധ്യപ്രദേശ് കോൺഗ്രസിൽ. ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌വിജയ്സിങ്ങ് എന്നിവരാണ് ഇവിടെ പാർട്ടിയെ നിയന്ത്രിച്ചിരുന്നത്. നിലവിൽ എംപി മാരായ ഈ മൂന്നുപേരും മുഖ്യമന്ത്രി സ്ഥാനത്തെചൊല്ലിയുള്ള തർക്കംമൂലം നിയമാസഭാതെരഞ്ഞെടുപ്പിൽ മൽസരിക്കാൻ രാഹുൽ ഗാന്ധി അനുവദിച്ചിരുന്നില്ല.

ഒടുവിൽ താൻ മൽസരരംഗത്തില്ലെന്ന് മുതിർന്ന നേതാവ് ദിഗ്‌വിജയ്സിങ്് പറഞ്ഞതോടെയാണ് കമൽനാഥിലേക്കും ജ്യോതിരാദിത്യയിലേക്കും ഫോക്കസ് വന്നത്. മുതിർന്ന നേതാവായ കമൽനാഥ് മുഖ്യമന്ത്രിയാവുമെന്ന് വാർത്ത വന്നതോടെയാണ് സിന്ധ്യ അനുകൂലികൾ തെരുവിലറിങ്ങിയത്. രാജസ്ഥാനിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പരസ്യ തർക്കം തെരുവിലെത്തി. ഗുജ്ജർ വിഭാഗം സച്ചിൻ പൈലറ്റിനായി തെരുവിലിറങ്ങി. ജയ്പൂർ -ആഗ്ര ഹൈവേ ഉപരോധിച്ചു. അതേസമയം, രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിനാണ് മുൻതൂക്കം. നേരത്തെ സംരവണത്തിനായി തെരുവിലറങ്ങിയ ഒബിസി വിഭാഗമായ ഗുജ്ജാറുകളുടെ ശക്താമയ പിന്തുണ കോൺഗ്രസിന് കിട്ടിയതിന് പിന്നിലും സച്ചിന്റെ ഇടപെടലായിരുന്നു. രാജസ്ഥാനിൽ അശോക് ഗലോട്ടിന്റെ പേരാണ് 65 ശതമാനം എംഎൽഎമാർ നിർദ്ദേശിച്ചത്. നേതാവിനെ തെരഞ്ഞെടുത്ത ശേഷം പ്രവർത്തകരെ അറിയിക്കുന്ന പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ' ശക്തി ' എന്ന ആപ്പിലൂടെ ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ ബൂത്ത് തല പ്രവർത്തകരുടെ നിലപാട് തേടിയത് പുതുമയായി.

അതിനിടെ മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരേയും ഒരുമിച്ച് പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. ഇതിനായുള്ള തിരക്കിട്ട ചർച്ചകൾ ഡൽഹിയിൽ നടക്കുകയാണ്.