കോഴിക്കോട്: ഫാറൂഖ് കോളേലെ വിദ്യാർത്ഥികളുടെ ആഘോഷം അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സംഘർഷത്തിൽ പരിക്കേറ്റ് മൂന്ന് വിദ്യാർത്ഥികൾ ആശുപത്രിയിലായി. ഇന്ന് നടന്ന സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാമ്പസികനത്ത് ഹോളി ആഘോഷിക്കരുതെന്ന് പറഞ്ഞ് കോളേജ് അധികാരികൾ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇത് മറികടന്ന് ചില വിദ്യാർത്ഥികൾ നടത്തിയ ഹോളിയാഘോഷമാണ് സംഘർഷത്തിന് വഴിവെച്ചതെന്നാണ് ആരോപണം.

അനീസ്, ഷെബാബ്, ഷെഹീം എന്നീ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇന്ന് പരീക്ഷ കഴിഞ്ഞ് ശേഷമാണ് വിദ്യാർത്ഥികൾ ഹോളി ആഘോഷിച്ചത്. എന്നാൽ, മറ്റ് ഹോളി ആഘോഷിക്കുന്നതിന് വിലക്കേർപ്പെടുത്തി കേളേജ് അധികൃതർ നേരത്തെ ഉത്തരവിട്ടിരുന്നു. പുറത്തുവെച്ചുള്ള ആഘോഷം നാട്ടുകാർ തടയാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. നിറങ്ങൾ തൂവിയുള്ള ആഘോഷം തടയാൻ നാട്ടുകാർക്കൊപ്പം അദ്ധ്യാപകരും കൂടി. പിന്നാലെ കാമ്പസിലേക്ക് കടന്നതോടെ തടയാൻ അദ്ധ്യാപകർ രംഗത്തെത്തുകയായിരുന്നു.

ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. വിദ്യാർത്ഥികൾ ഹോസ്റ്റലിൽ എത്തിയപ്പോൾ അവിടേക്ക് സംഘടിച്ചെത്തിയാണ് അദ്ധ്യാപകർ മർദ്ദിച്ചത്. 14ഓളം വരുന്ന അദ്ധ്യാപകരും അനധ്യാപകരും ചേർന്ന് വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു പൈപ്പും വടിയും ഉപയോഗിച്ചായിരുന്നു മർദ്ദനം. ഇക്കാര്യം വിദ്യാർത്ഥികൾ പരാതിപ്പെട്ടു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

അതേസമയം അപകടകരമാം വിധം കാർ ഓടിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് കോളജ് അധികൃതർ പറയുന്നത്. സംഭവത്തിൽ കോളജ് ജീവനക്കാരനു പരിക്കേറ്റുവെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം അദ്ധ്യാപകരുടെ ഭാഗത്തു നിന്നുള്ള മോശം പെരുമാറ്റമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പ്രധാന ആരോപണം. സംഭവത്തിൽ വിദ്യാർത്ഥികൾക്കിടയിൽ കടുത്ത അമർഷം ഉണ്ടായിട്ടുണ്ട്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കാൻ അനുവദിക്കാത്ത വിധത്തിൽ ലിംഗ വിവേചനം കോളേജിൽ നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ പ്രതികരിച്ച വിദ്യാർത്ഥിയെ കോളേജ് അധികൃതർ പുറത്താക്കിയതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കുകയുണ്ടായി. കോളെജിലെ ബിഎ സോഷ്യോളജി വിദ്യാർത്ഥിയായിരുന്ന ദിനു വെയിലിനെതിരെയാണ് കോളേജ് അധികൃതർ നടപടി സ്വീകരിച്ചത്. സംഭവം സോഷ്യൽ മീഡിയയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിവിധ കോണുകളിൽ നിന്നും ദിനുവിനെ പിന്തുണച്ച് ആളുകളെത്തി.

ഒരുമിച്ച് ക്ലാസിൽ ഇരുന്നതിന്റെ പേരിൽ ക്ലാസിൽ നിന്നും ഇറക്കിവിട്ട ഫാറൂഖിലെ വിദ്യാർത്ഥികളുടെ വിഷയം പിന്നീട് സജീവ ചർച്ചയാകുകയും, ലിംഗസമ്വത്തിനായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തോമസ് ഐസക്, വി.ടി. ബൽറാം എന്നീ എംഎൽംഎമാർ ലിംഗസമത്വത്തിനായുള്ള നിലപാടുകളെ പിന്തുണച്ച് മുന്നോട്ട് വരുകയും ചെയ്തിരുന്നു.

നിലവിൽ കോളെജിൽ നാടകത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് അഭിനയിക്കുന്നത് വർഷങ്ങളായി വിലക്കി ഇരിക്കുകയാണ്. ഇതിനാൽ സോണൽ കലോത്സവങ്ങളിൽ ഫാറൂഖ് കോളേജ് നാടകങ്ങളിൽ പങ്കെടുക്കുകയും ചെയ്യാറില്ലായിരുന്നു. കോളേജ് കാന്റീനിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുവാദവുമില്ല. കോളേജ് വർഷങ്ങളായി പിന്തുടരുന്ന രീതികൾ പിൻവലിക്കാൻ പറ്റില്ലെന്നും അത് അനുസരിക്കാത്തവരെ പുറത്താക്കേണ്ടിവരുമെന്നുമാണ് നേരത്തെ ഈ വിഷയത്തിൽ കോളേജ് പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടത്.