- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ല തോൽവിയിലെ അലയൊലികൾ അടങ്ങുന്നില്ല; കേരള കോൺഗ്രസ് (എം) പ്രവർത്തക സമ്മേളനത്തിൽ കയ്യാങ്കളിയും കസേരയേറും; അടിപിടിയിൽ കലാശിച്ചത് യൂത്ത് ഫ്രണ്ട് പ്രവർത്തകരെ തിരിച്ചെടുക്കാനുള്ള തീരുമാനം
പത്തനംതിട്ട: തിരുവല്ലാ നിയോജക മണ്ഡലത്തിലെ തോൽവിയുടെ അലയൊലികൾ ഇനിയും കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ അടങ്ങുന്നില്ല. ജോസഫ് എം പുതുശ്ശേരി വിഭാഗവും വിക്ടർ ജോസഫ് വിഭാഗവും തമ്മിൽ നിലനിൽക്കുന്ന തർക്കം ഒടുവിൽ കയ്യാങ്കളിയുടെ വക്കത്തെത്തി. പുറത്താക്കിയ യൂത്ത് ഫ്രണ്ട് പ്രവർത്തകരെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് കേരള കോൺഗ്രസ് (എം) ജില്ലാ പ്രവർത്തക സമ്മേളനത്തിൽ കയ്യാങ്കളിയും കസേരയേറിലുമാണ് അവസാനിച്ചത്. അടിപിടിക്കൊടുവിൽ സംസ്ഥാന സെക്രട്ടറിമാരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും അടക്കമുള്ള ഒരു വിഭാഗം യോഗത്തിൽ നിന്ന് രക്ഷപ്പെട്ടു. ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർ യോഗം തുടരുകയും യൂത്ത് ഫ്രണ്ട് പ്രവർത്തകരെ തിരിച്ചെടുക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കുകയും ചെയ്തു. ഇന്നലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിലായിരുന്നു സംഘർഷം. യോഗത്തിനു ശേഷം പാർട്ടി ഓഫിസിലെ നേതാക്കളുടെ പടങ്ങളുടെ കൂട്ടത്തിൽ നിന്ന് ജോസഫ് എം. പുതുശേരിയുടെ ചിത്രം എടുത്തു മാറ്റി പുറത്തുകൊണ്ടുപോയി തല്ലി
പത്തനംതിട്ട: തിരുവല്ലാ നിയോജക മണ്ഡലത്തിലെ തോൽവിയുടെ അലയൊലികൾ ഇനിയും കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ അടങ്ങുന്നില്ല. ജോസഫ് എം പുതുശ്ശേരി വിഭാഗവും വിക്ടർ ജോസഫ് വിഭാഗവും തമ്മിൽ നിലനിൽക്കുന്ന തർക്കം ഒടുവിൽ കയ്യാങ്കളിയുടെ വക്കത്തെത്തി. പുറത്താക്കിയ യൂത്ത് ഫ്രണ്ട് പ്രവർത്തകരെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് കേരള കോൺഗ്രസ് (എം) ജില്ലാ പ്രവർത്തക സമ്മേളനത്തിൽ കയ്യാങ്കളിയും കസേരയേറിലുമാണ് അവസാനിച്ചത്. അടിപിടിക്കൊടുവിൽ സംസ്ഥാന സെക്രട്ടറിമാരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും അടക്കമുള്ള ഒരു വിഭാഗം യോഗത്തിൽ നിന്ന് രക്ഷപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർ യോഗം തുടരുകയും യൂത്ത് ഫ്രണ്ട് പ്രവർത്തകരെ തിരിച്ചെടുക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കുകയും ചെയ്തു. ഇന്നലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിലായിരുന്നു സംഘർഷം. യോഗത്തിനു ശേഷം പാർട്ടി ഓഫിസിലെ നേതാക്കളുടെ പടങ്ങളുടെ കൂട്ടത്തിൽ നിന്ന് ജോസഫ് എം. പുതുശേരിയുടെ ചിത്രം എടുത്തു മാറ്റി പുറത്തുകൊണ്ടുപോയി തല്ലി തകർക്കുകയും ചെയ്തു. പാർട്ടിയുടെ അംഗത്വവിതരണ ക്യാംപെയ്നും ജില്ലാ സമ്മേളനവും വിജയമാക്കുന്നതു സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിനാണ് ഇന്നലെ ജില്ലാ പ്രവർത്തക സമ്മേളനം വിളിച്ചുചേർത്തത്.
യോഗത്തിനു മുൻപു തന്നെ, പുറത്താക്കപ്പെട്ട യൂത്ത് ഫ്രണ്ട് പ്രവർത്തകരായ വി.ആർ. രാജേഷ്, ജേക്കബ് മാമ്മൻ, ബിനു കുരുവിള എന്നിവരടക്കമുള്ള പ്രവർത്തകർ യോഗസ്ഥലത്തിനു സമീപം ജോസഫ് എം. പുതുശേരിയുടെ കോലം കത്തിക്കുകയും പുതുശേരിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പിന്നീട് യൂത്ത് ഫ്രണ്ട് പ്രവർത്തകരുടെ പ്രകടനം യോഗഹാളിനകത്തെത്തി. അധ്യക്ഷനായ ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് യോഗ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ഇവർ എത്തുന്നത്. ഇവർ ഇവിടെ മുദ്രാവാക്യം വിളിച്ചപ്പോൾ ഇവരോട് ശാന്തരായിരിക്കാൻ യോഗാധ്യക്ഷൻ ആവശ്യപ്പെട്ടു.
എന്നാൽ, ഇത്തരത്തിൽ കയറിവന്നവരെ യോഗത്തിൽ പങ്കെടുപ്പിക്കുന്നതിന്റെ ഔചിത്യം മറുവിഭാഗം ചോദ്യം ചെയ്തു. ഇതോടെയാണ് തർക്കം ആരംഭിക്കുന്നത്. നേരത്തേ ജില്ലാ പ്രസിഡന്റിനെ തിരഞ്ഞെടുപ്പിൽ തോൽപിക്കാൻ നേതൃത്വം നൽകിയ ആൾക്കെതിരെ പരാതി നൽകുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നും അത് എങ്ങനെ സംഘടനാ വിരുദ്ധമാവുമെന്നുമായി പ്രകടനക്കാർ. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സാം ഈപ്പനു നേരെയും ഇവർ കയർത്തു. നേരത്തേ ജില്ലാ പ്രസിഡന്റിനെതിരെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അത്. അധികം വൈകാതെ കസേരയേറും കയ്യാങ്കളിയും തുടങ്ങി.
പ്രകടനക്കാരിൽ ചിലർ ഷട്ടറുകളും താഴ്ത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡി.കെ. ജോൺ, ചെറിയാൻ പോളച്ചിറയ്ക്കൽ, സെക്രട്ടേറിയറ്റ് അംഗങ്ങളായ സാം ഈപ്പൻ, സജി അലക്സ്, തോമസ് മാത്യു ഇടയാറന്മുള, ടി.എസ്. ടൈറ്റസ് എന്നിവരടക്കം ഇരുപതോളം പേരായിരുന്നു ഒരുപക്ഷത്ത്. തുറന്നുകിട്ടിയ ഒരു ഷട്ടർ വഴി ഇവർ പുറത്തുകടന്ന് സ്ഥലം വിടുകയായിരുന്നു.
ഇതോടെ അകത്ത് യോഗം പുനരാരംഭിക്കുകയും ചെയ്തു. യോഗത്തിൽ അധ്യക്ഷത വഹിച്ച വിക്ടർ ടി. തോമസ് പ്രവർത്തകർക്കെതിരായ അച്ചടക്ക നടപടിക്കെതിരെ വികാരനിർഭരമായി സംസാരിച്ചു. നടപടി പിൻവലിക്കണമെന്ന് ഒറ്റക്കെട്ടായി സമ്മേളനം ആവശ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് ഫ്രണ്ട് പ്രവർത്തകർ കയ്യടിച്ച് ആ തീരുമാനത്തെ സ്വാഗതം ചെയ്തു. വീണ്ടും പുതുശേരിക്കെതിരെ മുദ്രാവാക്യം വിളിച്ച ശേഷം പുറത്തിറങ്ങിയ പ്രവർത്തകർ യോഗം നടന്നുകൊണ്ടിരിക്കെ ഹാളിനകത്തേക്കു കയറി പുതുശേരിയുടെ പടം എടുത്തുമാറ്റി പുറത്തിട്ട് തല്ലിത്തകർക്കുകയായിരുന്നു. എന്നാൽ, പാർട്ടിയിൽ അച്ചടക്ക നടപടി ആദ്യത്തെ സംഭവമല്ലെന്നും അച്ചടക്ക നടപടി നേരിട്ടവർ പ്രതിഷേധത്തിന്റെ പേരും പറഞ്ഞ് ഗുണ്ടാ പ്രവർത്തനം നടത്തുന്നത് ആദ്യത്തെ സംഭവമാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ പറഞ്ഞു.
എല്ലാ നടപടികളും പൂർത്തിയാക്കി തെളിവെടുപ്പ് വരെ നടത്തിയ ശേഷം പാർട്ടി ചെയർമാൻ എടുത്ത പുറത്താക്കൽ നടപടിയെ ജില്ലാ കമ്മിറ്റി എങ്ങനെ ചോദ്യം ചെയ്യുമെന്നും ജില്ലാ പ്രസിഡന്റിന്റെ ഒത്താശയോടെയാണ് അക്രമം നടന്നതെന്നും ഇറങ്ങിപ്പോയ വിഭാഗം പറയുന്നു. ജില്ലാ കൺവൻഷൻ സെപ്റ്റംബർ നാലിന് നടത്തുന്നതിന് ഏബ്രാഹം കലമണ്ണിലിനെ ജനറൽ കൺവീനറാക്കി കമ്മിറ്റി രൂപവൽക്കരിച്ചതായും എല്ലാ മണ്ഡലങ്ങളിലും അംഗത്വ വിതരണം ഊർജിതപ്പെടുത്താൻ തീരുമാനിച്ചതായും പ്രസിഡന്റ് വിക്ടർ ടി. തോമസ് അറിയിച്ചു. യോഗം ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്ന ജോസ് കെ. മാണി എംപി എത്തിയില്ല.