കൊച്ചി: തല്ലുമാല സിനിമയുടെ ഷൂട്ടിങ് സെറ്റിൽ സിനിമാപ്രവർത്തകരും നാട്ടുകാരും തമ്മിൽ സംഘർഷം. നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരനെ തല്ലിയതായും ആരോപണമുണ്ട്. കളമശേരി എച്ച് എം ഡി റോഡിലാണ് ചിത്രത്തിന്റെ സെറ്റിട്ടിരിക്കുന്നത്.പ്രദേശത്ത് പതിവായി സിനിമാലൊക്കേഷനിൽ നിന്നും മാലിന്യം തള്ളിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് ചോദ്യം ചെയ്യാനെത്തിയതോടെയാണ് സംഘർഷമുണ്ടായത്.

പൊതുനിരത്തിൽ മാലിന്യം ഇടുന്നതും വണ്ടി പാർക്ക് ചെയ്ത് ഗതാഗതക്കുരുക്കുണ്ടാക്കുന്നതും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിനിടിയിലാണ് തർക്കമുണ്ടാകുന്നത്. തർക്കം രൂക്ഷമായതോടെ ടൊവിനോയും ഇടപെട്ടെന്നാണ് അറിയുന്നത്. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാവുകയായിരുന്നു.പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികൾ ശാന്തമാക്കി.

അതേസമയം ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതിനിടെ ഷൈൻ നാട്ടുകാരിൽ ഒരാളെ തള്ളിയെന്നാണ് പറയുന്നത്. പരിക്കേറ്റയാൾ ആശുപത്രിയിലാണ്. എന്നാൽ നാട്ടുകാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് സിനിമാപ്രവർത്തകർ ആരോപിക്കുന്നു. സംഭവസ്ഥലത്ത് പൊലീസ് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികൾ ശാന്തമാക്കി.

ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധായകൻ. മുഹ്‌സിൻ പരാരിയും അഷ്‌റഫ് ഹംസയും ചേർന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്മാൻ ആണ് നിർമ്മിക്കുന്നത്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിൻ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്.